ധനകാര്യ മന്ത്രാലയം

ആൾട്ടർനേറ്റ് മിനിമം നികുതിയും സർചാർജും യഥാക്രമം 15%, 7% എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ സഹകരണ സ്ഥാപനങ്ങൾക്ക് അടയ്‌ക്കാവുന്നതാണ്

Posted On: 01 FEB 2022 1:05PM by PIB Thiruvananthpuramന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
· സഹകരണ സംഘങ്ങൾക്കും കമ്പനികൾക്കും ഇടയിൽ തുല്യത ഉറപ്പാക്കാൻ സർക്കാർ, സഹകരണ സംഘങ്ങൾക്കുള്ള ആൾട്ടർനേറ്റ് മിനിമം നികുതി നിരക്ക് നിലവിലെ 18.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിക്കുന്നതായി കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അറിയിച്ചു. 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. 1 കോടി മുതൽ 10 കോടി രൂപ വരെ വരുമാനം ഉള്ള സംഘങ്ങളുടെ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കാനും സർക്കാർ നിർദ്ദേശിക്കുന്നു. ഇത് സഹകരണ സംഘങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സഹായകമാകുമെന്നും അവർ പറഞ്ഞു.

· അർഹരായ സ്റ്റാർട്ട്-അപ്പുകൾക്ക് ഇൻകോർപറേഷനുള്ള കാലയളവ് 2023 മാർച്ച് 31 വരെ ഒരു വർഷം കൂടി നീട്ടാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇൻകോർപറേഷൻ മുതലുള്ള പത്ത് വർഷത്തിൽ തുടർച്ചയായി മൂന്ന് വർഷത്തേക്ക് അവർക്ക് നികുതി ഇളവ് നൽകും. 2022 മാർച്ച് 31-ന് മുമ്പ് സ്ഥാപിതമായ അർഹരായ സ്റ്റാർട്ടപ്പുകൾക്ക് ഈ ഇളവ് നേരത്തെ ലഭ്യമായിരുന്നു.

· പുതുതായി സ്ഥാപിച്ച ചില ആഭ്യന്തര ഉത്പാദന കമ്പനികൾക്കായി 15 ശതമാനം നികുതി ഇളവിനുള്ള  വ്യവസ്ഥ സർക്കാർ കൊണ്ടുവന്നു. വകുപ്പ് 115BAB പ്രകാരം നിർമ്മാണം അല്ലെങ്കിൽ ഉത്പാദനം ആരംഭിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ൽ നിന്ന് 2024 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ നിർദ്ദേശിക്കുന്നു.

· IFSC പ്രോത്സാഹിപ്പിക്കുന്നതിന്, ഒരു പ്രവാസിക്ക് ഓഫ്‌ഷോർ ഡെറിവേറ്റീവ് ഉപകരണങ്ങളിൽ നിന്നോ, ഓഫ്‌ഷോർ ബാങ്കിംഗ് യൂണിറ്റ് നൽകുന്ന ഓവർ-ദി-കൌണ്ടർ ഡെറിവേറ്റീവുകളിൽ നിന്നോ, IFSC-യിലെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളിൽ നിന്നോ ലഭിക്കുന്ന വരുമാനം നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.

 
· ഒരു ബിസിനസ് പ്രോത്സാഹന തന്ത്രമെന്ന നിലയിൽ, ഏജന്റുമാരുടെ കൈകളിൽ നികുതി ചുമത്താവുന്ന ആനുകൂല്യങ്ങൾ കൈമാറുന്ന പ്രവണത ബിസിനസുകളിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത്തരം ഇടപാടുകൾ നിരീക്ഷിക്കുന്നതിന്, ആനുകൂല്യങ്ങളുടെ മൊത്തത്തിലുള്ള മൂല്യം ഒരു സാമ്പത്തിക വർഷം 20,000 രൂപയിൽ കൂടുതലാണെങ്കിൽ, ആനുകൂല്യങ്ങൾ നൽകുന്ന വ്യക്തിക്ക് നികുതി കിഴിവ് നിർദ്ദേശിക്കുന്നു.


· AOP-കളുടെ സർചാർജ് 15 ശതമാനമായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചു. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള ആസ്തികൾ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടങ്ങളുടെ സർചാർജ് പരിധി 15 ശതമാനമാക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു. ഇത് സ്റ്റാർട്ടപ്പ് സമൂഹത്തിന് ഉത്തേജനം പകരും.

· നിർദ്ദിഷ്ട സർക്കാർ ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുന്നതിന് നികുതിദായകർക്ക് അധിക സർചാർജ് ആയി ‘ആരോഗ്യ-വിദ്യാഭ്യാസ സെസ്’ ചുമത്തുന്നുവെന്ന് പ്രസ്താവിച്ച മന്ത്രി, വരുമാനത്തിനും ലാഭത്തിനും മേലുള്ള ഏതെങ്കിലും സർചാർജോ സെസോ ബിസിനസ്സ് ചെലവായി കണക്കാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ആദായനികുതിയിൽ സർചാർജും ഉൾപ്പെടുന്നുവെന്നും ബിസിനസ് വരുമാനം കണക്കാക്കുന്നതിനുള്ള അനുവദനീയമായ ചെലവ് അല്ലെന്നും അവർ പറഞ്ഞു.

· തിരച്ചിലിൽ കണ്ടെത്തിയ വെളിപ്പെടുത്താത്ത വരുമാനത്തെ നഷ്ടവുമായി തട്ടിക്കിഴിക്കാൻ  അനുവദിക്കില്ലെന്ന് ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

 
RRTN/SKY
 
****


(Release ID: 1794477) Visitor Counter : 211