പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വനിതാ കമ്മിഷന്റെ 30-ാമത് സ്ഥാപകദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

Posted On: 31 JAN 2022 7:51PM by PIB Thiruvananthpuram
നമസ്‌കാരം!
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഈ ചടങ്ങില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍മാരെ, മുഖ്യമന്ത്രിമാരെ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സ്മൃതി ഇറാനി ജി, ഡോ. മഹേന്ദ്ര ഭായി, ദര്‍ശന ജര്‍ദോഷ് ജി, ദേശീയ വനിതാകമ്മിഷന്‍ പ്രസിഡന്റ് ശ്രീമതി രേഖ ശര്‍മാജി, സംസ്ഥാനങ്ങളിലെ വനിത കമ്മിഷന്‍ അധ്യക്ഷരെ, അംഗങ്ങളെ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ടാതിധികളെ, സഹോദരി സഹോദരന്മാരെ,

ദേശീയ വനിത കമ്മിഷന്റെ ഈ 30-ാമത് സ്ഥാപക ദിനാഘോഷ വേളയില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. വ്യക്തിയുടെതായാലും സ്ഥാപനത്തിന്റെതായാലും 30-ാം വര്‍ഷം എന്ന നാഴിക കല്ലിന് വളരെ പ്രാധാന്യമുണ്ട്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന, പുതിയ ഊര്‍ജ്ജവുമായി മുന്നോട്ടു കുതിക്കുന്ന കാലമാണ് ഇത്. ഇതുപോലെ തന്നെയാണ് ദേശീയ വനിതാ കമ്മിഷനും അതിന്റെ സ്ഥാപനത്തിന്റെ 30-ാം വര്‍ഷത്തെ സമീപിക്കുന്നത്് എന്ന് എനിക്കുറപ്പുണ്ട്. അത് കൂടുതല്‍ ഫലപ്രദവും കൂടുതല്‍ ഉത്രവാദിത്വമുള്ളതും പുതിയ ഊര്‍ജ്ജം നിറഞ്ഞതുമാകണം. മാറുന്ന ഇന്ത്യയില്‍ ഇന്ന് വനിതകളുടെ പങ്ക് അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേശീയ വനിത കമ്മിഷന്റെ പങ്കും വികസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വനിത കമ്മിഷനും അവരുടെ വ്യാപ്തി വികസിപ്പക്കുകയും അവരുടെ സംസ്ഥാനങ്ങളിലെ വനിതകള്‍ക്ക് പുതിയ ദിശാബോദം നല്‍കുകയും വേണം.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവ വേളയില്‍ നമുക്കു മുന്നിലുള്ളത് പുതിയ ഒരിന്ത്യ എന്ന പ്രതിജ്ഞാണ്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം എന്ന മന്ത്രമാണ് ഇന്ന് രാജ്യത്തിന്റെ കര്‍മ്മ പദ്ധതി. എല്ലാ സാധ്യതകളും എല്ലാവര്‍ക്കും തുല്യമായി തുറക്കപ്പെടുമ്പോള്‍ രാജ്യം ഈ വികസന ലക്ഷ്യം സാക്ഷാത്ക്കരിക്കും. നമുക്ക് അറിയാം, മുമ്പ് വ്യവസായത്തിന്റെ നിര്‍വചനം വലിയ കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കും ചുറ്റും മാത്രം കറങ്ങിയിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ശക്തി നമ്മുടെ ചെറിയ കുടില്‍ വ്യവസായങ്ങളായിരുന്നു, സത്യം ഇതാണ്. ഇതിനാണ് ഇന്ന് നാം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്ന് സ്ഥാനപ്പേര് നല്‍കിയിരിക്കുന്നത്. ഈ വ്യവസായങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്ക് തുല്യമാണ്. ഉദാഹരണത്തിന് വസ്ത്ര വ്യവസായം, അല്ലെങ്കില്‍ കളിമണ്‍ പാത്ര നിര്‍മ്മാണം കൃഷി , ക്ഷീരോത്പ്പന്നങ്ങള്‍ തുടങ്ങി എത്രയോ വ്യവസായങ്ങളുടെ കാതല്‍ സ്തീകളുടെ ശക്തിയും അവരുടെ നൈപുണ്യവും ആണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഈ വ്യവസായങ്ങളുടെ ശക്തി അംഗീകരിക്കപ്പെട്ടില്ല. പഴയ രീതിയില്‍ ചിന്തിക്കുന്നവര്‍ സ്ത്രീകളുടെ കഴിവിനെ ഗാര്‍ഹിക ജോലികളുടെ ഭാഗമായി മാത്രമെ പരിഗണിച്ചിരുന്നുള്ളു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഈ പഴഞ്ചന്‍ സമീപനം മാറ്റേണ്ടത് അനിവര്യമായിരിക്കുന്നു. ഇന്ന് ഇതു തന്നെയാണ് മെയക്ക് ഇന്‍ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനൊപ്പം വനിതകളുടെ മത്സരക്ഷമതയെ ബന്ധിപ്പിക്കുകയാണ് അമൃത നിര്‍ഭര്‍ ഭാരത്്് ചെയ്യുന്നത്. അവയുടെ ഫലങ്ങള്‍ ഇപ്പോള്‍ നമുക്കു മുന്നിലുണ്ട്. ഇന്ന് മുദ്രയോജനയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. കോടിക്കണക്കിന് സ്ത്രീകള്‍ ഈ പദ്ധതിയുടെ സഹായത്താല്‍ സ്വയം സംരംഭങ്ങള്‍ ആരംഭിക്കുകയും മറ്റനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു.

അതുപോലെ തന്നെ സ്വാശ്രയ സംഘങ്ങള്‍ വഴിയായി വനിതകള്‍ക്കിടയില്‍ സംരംഭകത്വം അഭിവൃദ്ധിപ്പെടുത്തുന്നതിന് രാജ്യം ദീന്‍ദയാല്‍ അന്ത്യോദയ യോജന എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷം കൊണ്ട് ഇവിടുത്തെ സ്വാശ്രയ സംഘങ്ങളുടെ എണ്ണം മൂന്നിരട്ടിയായി കഴിഞ്ഞു. അത്രത്തോളമുണ്ട് രാജ്യത്തെ സ്ത്രീകളുടെ ശക്തിയും ആവേശവും. ഇന്ത്യയിലെ നവസംരംഭക ആവാസ വ്യവസ്ഥയിലും ഇതെ പ്രവണതയാണ് കാണുന്നത്. 2016 മുതല്‍ രാജ്യത്തെ 56 വ്യത്യസ്ത മേഖലകളിലായി 60,000 ത്തിലധികം പുത്തന്‍ നവസംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നവസംരംഭങ്ങളില്‍ 45 ശതമാനത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടര്‍ എങ്കിലും ഉണ്ട് എന്നത് നമുക്കെല്ലാം അഭിമാനത്തിന് വക നല്‍കുന്നതാണ്.

സുഹൃത്തുക്കളെ,
പുതിയ ഇന്ത്യയുടെ വളര്‍ച്ചാ ചക്രത്തില്‍ വനിതകളുടെ പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നു. സമൂഹത്തിലെ സംരംഭകത്വത്തില്‍ വനിതകളുടെ ഈ പങ്കാളിത്തം വനിത കമ്മിഷന്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം ഇതിന് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നത് നിങ്ങള്‍ കണ്ടല്ലോ. പ്രശസ്തമായ പദ്മ അവാര്‍ഡുകളില്‍ കൂടുതലായി സ്ത്രീകള്‍ ജേതാക്കളാകുന്നത് മറ്റൊരു ഉദാഹരണമാണ്. 2015 മുതല്‍ 185 സ്്ത്രീകള്‍ക്ക് അവരുടെ അസാധാരണ സേവനങ്ങള്‍ പുരസ്‌കരിച്ച് പദ്മ അവാര്‍ഡുകള്‍ ലഭിച്ചു. ഈ വര്‍ഷവും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 34 സ്ത്രീകള്‍ പദ്മ അവാര്‍ഡിന് അര്‍ഹരായി. ഇത് അതിനാല്‍ തന്നെ ചരിത്രസംഭവമാണ്. ഇത്രത്തോളം വനിതകള്‍ക്ക് ഇതുവരെ ഒരു വര്‍ഷവും പദ്മ അവാര്‍ഡ് ലഭിച്ചിട്ടില്ല.

അതുപോലെ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ കായിക ലോകത്ത് അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ അവര്‍ രാജ്യത്തിനു വേണ്ടി മെഡലുകള്‍ വാരിക്കൂട്ടി. കൊറോണ മഹാമാരിക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ നമ്മുടെ നഴ്‌സുമാരും, ലേഡി ഡോക്ടര്‍മാരും, വനിതാ ശാസ്ത്രജ്ഞരും ബൃഹത്തായ പങ്ക് വഹിച്ചു. അതായത്, എപ്പോഴെല്ലാം അവസരം ലഭിച്ചുവോ അപ്പോഴെല്ലാം ഇന്ത്യയുടെ വനിതാ ശക്തി അതിന്റെ കഴിവ് തെളിയിച്ചു. ഏറ്റവും മികച്ച ഗുരുവും പരിശീലകയും സ്ത്രീകളാണ് എന്ന് എല്ലാവരേക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനാല്‍ ഇന്ത്യന്‍ കായികലോകത്തിന് സംരംഭകത്വത്തില്‍ നിന്ന് പുതിയ സമീപനവും ശേഷിയും സൃഷ്ടിക്കുന്നതിന് എല്ലാ വനിതാ കമ്മീഷനും വലിയ ഉത്തരവാദിത്വം ഉണ്ട്.

സുഹൃത്തുക്കളെ,
കഴിഞ്ഞ ഏഴു വര്‍ഷമായി വനിതകള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ നയങ്ങള്‍ കൂടുതല്‍ സൂക്ഷ്മ സംവേദന ശക്തിയുള്ളതായി വരുന്നു എന്നതിന് നിങ്ങള്‍ എല്ലാവരും സാക്ഷികളാണ്. ഇന്ന് പരമാവധി ദിവസങ്ങള്‍ പ്രസവാവധി നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനു ജോലി ലഭ്യതയ്ക്കും തടസമാവാതിരിക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ലേയ്ക്ക് ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. രാജ്യത്ത് ഇടുങ്ങിയ കണ്ണാടിയിലൂടെ വനിതാ ശാക്തീകരണത്തെ കണ്ട ഒരു കാലം ഉണ്ടായിരുന്നു. ഗ്രാമങ്ങളിലും പാവപ്പെട്ട കുടംബങ്ങളിലും നിന്നുള്ള സ്ത്രീകള്‍ ഈ സാധ്യതകള്‍ക്കു പുറത്തായിരുന്നു. ഈ അസാമനത അവസാനിപ്പിക്കാന്‍ ഞങ്ങളും യത്‌നിക്കുന്നു. ജീവിതത്തില്‍ ആദ്യമായി പാചക വാതക കണക്ഷന്‍ ലഭിക്കുകയും, അടുക്കളയിലെ പുകയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്ത രാജ്യത്തെ ഒന്‍പതു കോടി സ്ത്രീകളുടെ മുഖമാണ് ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ മുഖം. സ്വന്തം വീട്ടില്‍ ശുചിമുറി ലഭ്യമായ രാജ്യത്തെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും മുഖമാണ് ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ മുഖം. ഉത്തര്‍ പ്രദേശില്‍ ഇതിന് ഇസാറ്റ്ഖര്‍ എന്നാണു പറയുക. സ്വന്തം തലയ്ക്ക് മുകളില്‍ ആദ്യമായി കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ സുരക്ഷിതത്വം അനുഭവിക്കുന്ന അമ്മമാരുടെ മുഖമാണ് ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ മുഖം. അതുപോലെ ഗര്‍ഭകാലത്തും പ്രസവ സമയത്തും സഹായം ലഭിച്ച കോടിക്കണക്കിന് സ്ത്രീകളുടെ, ജന്‍ ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായ കോടിക്കണക്കിന് സ്ത്രീകളുടെ , ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ലഭിച്ച സ്ത്രീകളുടെ, നാം കണ്ട മുഖങ്ങള്‍ മാറുന്ന ഇന്ത്യയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും മുഖങ്ങളാണ്.

സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തെ സ്ത്രീകളുടെ ആത്മ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അവര്‍ സ്വന്തം ഭാവി നിശ്ചയിക്കുന്നു, ഒപ്പം രാജ്യത്തിന്റെയും. അനേകം വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്തേ ലിംഗ അനുപാതം മെച്ചപ്പെട്ടിരിക്കുന്നു. സ്‌കൂളുകളില്‍ നിന്നും ഇടയ്ക്കു പഠനം നിര്‍ത്തി പോകുന്ന പെണ്‍കുട്ടികളുടെ സംഖ്യയും കുറഞ്ഞു. കാരണം സ്ത്രീകള്‍ സ്വയം രാജ്യത്തു നടക്കുന്ന ബേട്ടി ബചാവോ, ബേട്ടി പഠാഹോ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി. സ്ത്രീകള്‍ എന്തെങ്കിലും തീരുമാനിച്ചാല്‍ അതിന്റെ ദിശ നിശ്ചയിക്കുന്നതും അവള്‍ മാത്രമായിരിക്കും. അതിനാല്‍ സ്ത്രീ സുരക്ഷയ്ക്കും ശക്തിക്കും മുന്‍ഗണന നല്‍കാത്ത ഗവണ്‍മെന്റുകളെ പുറംതള്ളാന്‍ സ്ത്രീകള്‍ മടി കാണിക്കുന്നില്ല എന്നതിന് നാം സാക്ഷ്യം വഹിക്കുന്നു.

ഞാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കെ, എന്തുകൊണ്ട് ഈ വിഷയം ഇതെപോലെ മറ്റ് ഒരിടത്തും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അതിനാല്‍ 2014 ല്‍ ഗവണ്‍മെന്റ് രൂപീകൃതമായ ഉടന്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പരിശ്രമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ഞങ്ങള്‍ നടത്തുകയുണ്ടായി. ഇന്ന് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റ ങ്ങള്‍ക്ക് കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. ബലാത്സംഗം പോലുള്ള നീച കൃത്യങ്ങള്‍ ചെയ്യുന്നവരെ തൂക്കിലേറ്റാന്‍ പോലും വ്യവസ്ഥയുണ്ട്. രാജ്യത്തുടനീളം അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി വരുന്നു.

പൊലീസ് സ്റ്റേഷനുകളില്‍ വനിതാ ഹെല്‍പ് ഡസ്‌കുകളുടെയും, സൈബര്‍ കുറ്റ കൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പോര്‍ട്ടല്‍ എന്നിവയുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നു. ഏറ്റവും പ്രധാനം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളോട് അസഹിഷ്ണുത നയവുമായിട്ടാണ് ഗവണ്‍മെന്റെ് പ്രവര്‍ത്തിക്കുന്നത്. ഈ ഉദ്യമങ്ങളിലെല്ലാം ദേശീയ വനിത കമ്മിഷന്‍, സംസ്ഥാന വനിത കമ്മിഷനുകളുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കും ഗവണ്‍മെന്റിനും മധ്യേ പാലമായി പ്രവര്‍ത്തിക്കുന്നു.നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ ക്രിയാത്മക പങ്കാളിത്തം ഇനിയും തുടരും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി സ്ഥാപക ദിനാഘോഷാവസത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
ND
***
 

--



(Release ID: 1794317) Visitor Counter : 257