ധനകാര്യ മന്ത്രാലയം

കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടസാധ്യതകളാണ് ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും ബാധിക്കുന്ന ഏറ്റവും ശക്തമായ പ്രതികൂല ബാഹ്യഘടകങ്ങള്‍: കേന്ദ്ര ബജറ്റ് 2022-23


കാര്യക്ഷമതയേറിയ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യങ്ങള്‍ക്കായി 19,500 കോടി രൂപയുടെ അധികവിഹിതം നിര്‍ദ്ദേശിച്ചു

പുതിയ വ്യവസായങ്ങളിലും തൊഴിലുകളിലും ഉല്‍പ്പാദനക്ഷമതയും അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വര്‍ത്തുള സമ്പദ്വ്യവസ്ഥാപരിവര്‍ത്തനം

താപവൈദ്യുതനിലയങ്ങളില്‍ അഞ്ചുമുതല്‍ ഏഴുശതമാനംവരെ ബയോമാസ് പെല്ലറ്റുകള്‍ ജ്വലിപ്പിക്കാന്‍ നിര്‍ദ്ദേശം; 38 എംഎംറ്റി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ലാഭിക്കുമെന്നു പ്രതീക്ഷിക്കുന്നു

കല്‍ക്കരി വാതകമാക്കലിനും രാസവസ്തുക്കളാക്കി മാറ്റുന്നതിനുമുള്ള നാലു പൈലറ്റ് പദ്ധതികള്‍കൂടി

Posted On: 01 FEB 2022 1:14PM by PIB Thiruvananthpuram

അമൃതകാലത്ത് ഊര്‍ജപരിവര്‍ത്തനവും കാലാവസ്ഥാ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുകയെന്ന വീക്ഷണത്തിലേക്കു കുതിക്കാനാണു ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. 2022-23ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ, കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, ഈ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കുകയും മുന്നോട്ടുള്ള യാത്രയില്‍ രാജ്യത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നായി ഇത് അവതരിപ്പിക്കുകയും ചെയ്തു.

Transition to Carbon Neutral.jpg

ഊര്‍ജ്ജപരിവര്‍ത്തനവും കാലാവസ്ഥാപ്രവര്‍ത്തനവും

'കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും ബാധിക്കുന്ന ഏറ്റവും ശക്തമായ പ്രതികൂല ബാഹ്യഘടകങ്ങളാണ്'- പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ കേന്ദ്രമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിനായുള്ള നമ്മുടെ ഗവണ്‍മെന്റിന്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രധാന പ്രതിഫലനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച കുറഞ്ഞ കാര്‍ബണ്‍ വികസനനയത്തെ മന്ത്രി വീണ്ടും ചൂണ്ടിക്കാട്ടി.

ഈ നയം വലിയ തൊഴിലവസരങ്ങള്‍ തുറക്കും. ബജറ്റ് ഇക്കാര്യത്തില്‍ നിരവധി സമീപകാല-ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

സൗരോര്‍ജം

കാര്യക്ഷമതയേറിയ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യത്തിനായി 19,500 കോടി രൂപ അധികമായി വകയിരുത്താന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. 2030-ഓടെ സ്ഥാപിത സൗരോര്‍ജ്ജശേഷി 280 ജിഗാവാട്ട് എന്ന തീവ്രലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ആഭ്യന്തര ഉല്‍പ്പാദനവും ഇതുറപ്പാക്കും.

വര്‍ത്തുളസമ്പദ്‌വ്യവസ്ഥ

വര്‍ത്തുള സമ്പദ്‌വ്യവസ്ഥാപരിവര്‍ത്തനം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, പുതിയ വ്യവസായങ്ങളിലും തൊഴിലിലും  നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് വര്‍ത്തുളസമ്പദ്വ്യവസ്ഥയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍, റിവേഴ്‌സ് ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യാനവീകരണം,  അനൗപചാരികമേഖലയുമായുള്ള സംയോജനം എന്നിവയിലുള്‍പ്പെടെ വികസനത്തിനു വിഘാതം സൃഷ്ടിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

''നിയന്ത്രണങ്ങള്‍, നിര്‍മ്മാതാക്കളുടെ വിപുലീകരിച്ച ഉത്തരവാദിത്വ ചട്ടക്കൂട്, നവീകരണ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സജീവപൊതുനയങ്ങള്‍ ഇതിനു പിന്തുണയേകും''- മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ബണ്‍രഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം

താപവൈദ്യുതനിലയങ്ങളില്‍ അഞ്ചുമുതല്‍ ഏഴുശതമാനം വരെ ബയോമാസ് പെല്ലറ്റുകള്‍ ജ്വലിപ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. ഇതു പ്രതിവര്‍ഷം 38 എംഎംറ്റി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ലാഭിക്കുന്നതിന് കാരണമാകും. 'ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനവും പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും നല്‍കുകയും വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും', ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വന്‍കിട വാണിജ്യമന്ദിരങ്ങളില്‍ എനര്‍ജി സര്‍വീസ് കമ്പനി (ESCO) വ്യവസായമാതൃക സജ്ജീകരിക്കുന്നതിലൂടെയുണ്ടാകുന്ന ഊര്‍ജ്ജകാര്യക്ഷമതയും മിതവിനിയോഗപ്രക്രിയകളും ഊര്‍ജ്ജ ഓഡിറ്റുകള്‍, പ്രവര്‍ത്തനകരാറുകള്‍, പൊതുവായ അളവെടുപ്പ്, സ്ഥിരീകരണ പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയ്ക്കുള്ള ശേഷീവര്‍ധനയ്ക്കും അവബോധത്തിനും സഹായകമാകും.

കല്‍ക്കരി വാതകമാക്കലിനും വ്യാവസായികാവശ്യത്തിനുള്ള രാസവസ്തുക്കളാക്കി മാറ്റുന്നതിനുമുള്ള നാല് പൈലറ്റ് പദ്ധതികള്‍ കൂടി സാങ്കേതികവും സാമ്പത്തികവുമായ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിര്‍ദേശിച്ചിട്ടുണ്ട്.

ND

***

 

 



(Release ID: 1794260) Visitor Counter : 243