ധനകാര്യ മന്ത്രാലയം
സാമ്പത്തിക സര്‍വേ
ആത്മനിർഭർ ഭാരതിന് കീഴിലുള്ള സംരംഭങ്ങൾ
Posted On:
31 JAN 2022 2:51PM by PIB Thiruvananthpuram
2021-22 വർഷത്തെ സാമ്പത്തിക സർവ്വേ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു.
സമ്പദ് വ്യവസ്ഥ ഘട്ടം ഘട്ടമായി തുറന്നതും, റെക്കോർഡ് വാക്സിനേഷനും, ഉപഭോക്തൃ ആവശ്യകത മെച്ചപ്പെട്ടതും, ആത്മനിർഭർ ഭാരത് മുഖേന വ്യവസായങ്ങൾക്ക് സർക്കാർ നൽകിയ തുടർച്ചയായ നയപിന്തുണയും, 2021-22 ലെ തുടർ നടപടികളും വ്യാവസായിക മേഖലയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമായി. 2021-22 ന്റെ ആദ്യ പകുതിയിൽ വ്യാവസായിക മേഖലയുടെ വളർച്ച, 2020-21ലെ സമാന കാലയളവിനെ അപേക്ഷിച്ച് 22.9 ശതമാനം ഉയർന്നു. ഈ സാമ്പത്തിക വർഷം 11.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയും (PLI), ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള തുടർ നടപടികളും, നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളും, സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക സർവേ പറയുന്നു. അടിസ്ഥാന സൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി (National Infrastructure Pipeline - NIP), ദേശീയ ധനസമ്പാദന പദ്ധതി (National Monetization Plan - NMP) തുടങ്ങിയ ഒട്ടേറെ സംരംഭങ്ങക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
വ്യാവസായിക ഉത്പാദന സൂചിക (IIP)
2021-22 ഏപ്രിൽ-നവംബർ കാലയളവിൽ 23 വ്യാവസായിക മേഖലകളും മികച്ച വളർച്ച രേഖപ്പെടുത്തി. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മോട്ടോർ വാഹനം തുടങ്ങിയ പ്രധാന വ്യവസായ മേഖലകൾ ശക്തമായ തിരിച്ചുവരവ് നടത്തി.
2020-21 ഏപ്രിൽ-നവംബർ മാസങ്ങളിലെ (-) 15.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 ഏപ്രിൽ-നവംബർ കാലയളവിൽ വ്യാവസായിക ഉത്പാദന സൂചിക 17.4 ശതമാനം വളർച്ച രേഖപ്പെടുത്തി.
എട്ട് സുപ്രധാന വ്യവസായങ്ങളെ ആധാരമാക്കിയുള്ള സൂചിക (Eight Core Index -ICI)
2021-22 ഏപ്രിൽ-നവംബർ കാലയളവിലെ ICI സൂചികയുടെ വളർച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ (-) 11.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 13.7 ശതമാനമായി ഉയർന്നു. ഉരുക്ക്, സിമന്റ്, പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി മേഖലകളിലെ മെച്ചപ്പെട്ട പ്രകടനമാണ് ICI സൂചികയുടെ ഉയർച്ചയ്ക്ക് പ്രധാന കാരണമായത്.
വ്യാവസായിക വായ്പ
വ്യാവസായിക മേഖലയ്ക്കുള്ള മൊത്ത ബാങ്ക് വായ്പ, 2020 ഒക്ടോബറിലെ 0.7 നെഗറ്റീവ് വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഒക്ടോബറിൽ (വാർഷിക അടിസ്ഥാനത്തിൽ) 4.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
വ്യവസായങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI)
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വളർച്ച രേഖപ്പെടുത്തി. 2020-21-ൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന വാർഷിക FDI വരവായ 81.97 ബില്യൺ യുഎസ് ഡോളർ (താൽക്കാലിക കണക്ക്) രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 41.37 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 ലെ ആദ്യ ആറ് മാസങ്ങളിൽ FDI, 4 ശതമാനം വർധിച്ച് 42.86 ബില്യൺ ഡോളറിലെത്തി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (CPSEs) പ്രകടനം
31.03.2020 വരെ, 256 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനക്ഷമമായിരുന്നു. 2019-20 കാലയളവിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള അറ്റാദായം 93,295 കോടി രൂപയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടേതായി കേന്ദ്ര ഖജനാവിലേക്കുള്ള സംഭാവന 3,76,425 കോടി രൂപയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ 14,73,810 പേർ ജോലി നോക്കുന്നു.
2021-22 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അനുസൃതമായി, പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ നയത്തിന് സർക്കാർ അംഗീകാരം നൽകി. CPSE-കൾക്കായി പുതിയ പൊതുമേഖലാ സംരംഭക നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2021 ഡിസംബർ 13-ന് വിജ്ഞാപനം ചെയ്തു. നടപടി സർക്കാരിന് ഏറെ സഹായകമാകും. സാമൂഹിക മേഖലയ്ക്കും വികസന പദ്ധതികൾക്കും ധനസഹായം ഉറപ്പാക്കാൻ ഓഹരി വിറ്റഴിക്കൽ വരുമാനം വിനിയോഗിക്കാനാകും. സ്വകാര്യ മൂലധനം, സാങ്കേതികവിദ്യ, വിറ്റഴിക്കപ്പെടുന്ന CPSE-കളിലെ മികച്ച മാനേജ്മെന്റ് രീതികൾ എന്നിവ ഓഹരി വിറ്റഴിക്കലിലൂടെ മെച്ചപ്പെടും.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSMEs)
2019-20 ലെ മൊത്ത മൂല്യ വർദ്ധനയിൽ (GVA) (നിലവിലെ വിലകൾ) MSME GVA യുടെ വിഹിതം 33.08 ശതമാനമാണെന്ന വസ്തുത MSME-കളുടെ ആപേക്ഷിക പ്രാധാന്യം മനസ്സിലാക്കാൻ സഹായകമാണ്. ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി 2020 ജൂലൈ 1-ന് കൊണ്ടുവന്ന MSME-കളുടെ നിർവചനത്തിലെ പരിഷ്‌കരണവും, 2020 ജൂലൈയിൽ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിന്റെ സമാരംഭവും സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
17.01.2022 ലെ കണക്കനുസരിച്ച്, 66,34,006 സംരംഭങ്ങൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 62,79,858 എണ്ണം സൂക്ഷ്മ സംരംഭങ്ങളാണ്. 3,19,793 എണ്ണം ചെറുകിട സംരംഭങ്ങളാണ്. 34,355 എണ്ണം ഇടത്തരം സംരംഭങ്ങളാണ്.
തുണിത്തരങ്ങൾ
കഴിഞ്ഞ ദശകത്തിൽ ഏകദേശം 2,03,000 കോടി രൂപ ഈ വ്യവസായത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. 105 ദശലക്ഷം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഈ മേഖലയിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
ഒക്ടോബറിൽ ഏഴ് PM MITRA പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അടങ്കൽ 4,445 കോടി രൂപ.
ഇലക്ട്രോണിക്സ് വ്യവസായം
ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ്ങിന്റെ (ESDM) ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി 25.02.2019-ന് ദേശീയ ഇലക്ട്രോണിക്‌സ് നയം 2019 (NPE-2019) സർക്കാർ വിജ്ഞാപനം ചെയ്‌തു.
സെമികണ്ടക്ടർ, ഡിസ്പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം വികസനത്തിന് 76,000 കോടി രൂപ അടുത്തിടെ സർക്കാർ അനുവദിച്ചു.
ഔഷധ വ്യവസായം
വലിപ്പത്തിൽ ഇന്ത്യൻ ഔഷധ വ്യവസായം, ഉത്പാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ്. ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. ആഗോള വിതരണത്തിൽ 20 ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യ "ലോകത്തിന്റെ ഫാർമസി" ആയി അറിയപ്പെടുന്നു. ഔഷധവ്യവസായ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 2020-21ൽ മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർദ്ധന രേഖപ്പെടുത്തി.
ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി (NIP)
അടിസ്ഥാനസൗകര്യ വികസനത്തിലെ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്, വികസ്വര രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
2014-15 മുതൽ 2020-21 വരെ 1,37,218 കോടി രൂപ മൊത്തം ചെലവുള്ള 66 പദ്ധതികൾക്ക് പൊതു സ്വകാര്യ പങ്കാളിത്ത വിലയിരുത്തൽ സമിതി (PPPAC) അനുമതി നൽകി. സാമ്പത്തികമായി ലാഭകരമല്ലാത്തതും എന്നാൽ സാമൂഹികമായും സാമ്പത്തികമായും അഭിലഷണീയവുമായ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) പദ്ധതി ആരംഭിച്ചു. പദ്ധതി ചെലവിന്റെ 20 ശതമാനം വരെ ഈ പദ്ധതിയ്ക്ക് കീഴിൽ ധനസഹായം നൽകുന്നു.
2024-25 ഓടെ 5 ട്രില്യൺ ഡോളർ മൊത്ത ആഭ്യന്തര ഉത്പാദനമെന്ന ലക്‌ഷ്യം കൈവരിക്കുന്നതിന്, അടിസ്ഥാന സൗകര്യമേഖലയിൽ ഇന്ത്യ ഈ വർഷങ്ങളിൽ ഏകദേശം 1.4 ട്രില്യൺ ഡോളർ ചെലവഴിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കണക്കിലെടുത്ത്, 2020-2025 കാലയളവിൽ ഏകദേശം 111 ലക്ഷം കോടി (1.5 ട്രില്യൺ യുഎസ് ഡോളർ) നിക്ഷേപം നടത്തുന്നതിനുള്ള ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി (NIP) ആരംഭിച്ചു. 6,835 പദ്ധതിയുമായാണ് NIP യ്ക്ക് തുടക്കം കുറിച്ചത്. 34 അടിസ്ഥാന സൗകര്യ ഉപമേഖലകൾ ഉൾപ്പെടുന്ന 9,000-ലധികം പദ്ധതികളിലേക്ക് അത് വ്യാപിപ്പിച്ചു.
ദേശീയ ധനസമ്പാദന പദ്ധതി (NMP)
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന ആസ്തികളുടെ NMP മൊത്ത സൂചക മൂല്യം 4 വർഷ കാലയളവിൽ 6 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.
റോഡ് ഗതാഗതം
പ്രതിദിന റോഡ് നിർമ്മാണം 2019-20 ലെ പ്രതിദിന ശരാശരിയായ 28 കിലോമീറ്ററിൽ നിന്ന് 2020-21 ൽ 36.5 കിലോമീറ്ററായി വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 30.4 ശതമാനം വർദ്ധന.
2013-14 മുതൽ ദേശീയ പാത / റോഡ് നിർമ്മാണത്തിൽ സ്ഥിരമായി വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 ലെ 10,237 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ, 2020-21 ൽ 13,327 കിലോമീറ്റർ റോഡ് നിർമ്മിച്ചു - 30.2 ശതമാനത്തിന്റെ വർദ്ധന.
റെയിൽവേ
ഇന്ത്യൻ റെയിൽവേയുടെ മൂലധനച്ചെലവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 2009-14ൽ ശരാശരി 45,980 കോടി രൂപയായിരുന്നു. 2020-21ൽ ഇത് 1,55,181 കോടി രൂപയായി ഉയർന്നു. 2021-22ൽ 2,15,058 കോടി രൂപയായി ഉയർത്തി.
റെയിൽവേയിൽ, 2009-14 കാലഘട്ടത്തിൽ പ്രതിവർഷം, ശരാശരി 720 ട്രാക്ക് കിലോമീറ്റർ പുതിയ ട്രാക്ക് കൂട്ടിച്ചേർത്തിരുന്നത്. 2014-2021 കാലയളവിൽ പ്രതിവർഷം, ശരാശരി 1,835 ട്രാക്ക് കിലോമീറ്റർ ദൈർഘ്യം പുതിയ ട്രാക്ക് കൂട്ടിച്ചേർത്തു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ 1.23 ബില്യൺ ടൺ ചരക്കുനീക്കം നടത്തി. 1.25 ബില്യൺ യാത്രക്കാരെയും വഹിച്ചു.
വ്യോമ ഗതാഗതം
ഇന്ത്യയിലെ ആഭ്യന്തര വ്യോമ ഗതാഗതം 2013-14 ലെ 61 ദശലക്ഷത്തിൽ നിന്ന് 2019-20 ൽ 137 ദശലക്ഷമായി, അതായത് ഇരട്ടിയായി വർദ്ധിച്ചു. ഇത് പ്രതിവർഷം 14 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തുന്നു. വ്യോമയാന മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് വിവിധ നടപടികൾ സ്വീകരിച്ചു. അതിൽ ആഭ്യന്തര മേഖലയുടെ കാലിബ്രേറ്റഡ് ഓപ്പണിംഗ്, എയർ ട്രാൻസ്പോർട്ട് ബബിൾസ് അഥവാ നിർദ്ദിഷ്ട രാജ്യങ്ങളുമായി വിമാന യാത്രാ ക്രമീകരണങ്ങൾ, എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ, വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം/നവീകരണം/വിപുലീകരണം, ഉഡാൻ തുടങ്ങിയവ ഉൾപ്പെടുന്നു.
2021 ഓഗസ്റ്റിൽ, ഡ്രോൺ ചട്ടങ്ങൾ 2021 സർക്കാർ ഉദാരമാക്കുകയും, 2021 സെപ്റ്റംബർ 15-ന് ഡ്രോൺ നിർമ്മാണത്തിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI) പ്രഖ്യാപിക്കുകയും ചെയ്തു. 2021 ഒക്ടോബറിൽ മൊത്തം എയർ കാർഗോ ടണേജ് 2.88 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഇത് കോവിഡിന് മുമ്പുള്ള നിലയെ (2.81 ലക്ഷം മെട്രിക് ടൺ) മറികടന്നു.
തുറമുഖങ്ങൾ
2014 മാർച്ച് അവസാനത്തോടെ പ്രതിവർഷം 871.52 ദശലക്ഷം ടൺ (MTPA) ആയിരുന്ന 13 പ്രധാന തുറമുഖങ്ങളുടെ ശേഷി, 2021 മാർച്ച് അവസാനത്തോടെ 79 ശതമാനം വർധിച്ച് 1,560.61 MTPA ആയി.
ടെലികോം
ലോകത്തെ രണ്ടാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷൻ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 2014 മാർച്ചിൽ 933.02 ദശലക്ഷത്തിൽ നിന്ന് 2021 മാർച്ചിൽ 1200.88 ദശലക്ഷമായി വർദ്ധിച്ചു. 2021 മാർച്ചിൽ, വരിക്കാരിൽ 45 ശതമാനം ഗ്രാമീണ ഇന്ത്യയിലും, 55 ശതമാനം നഗരപ്രദേശങ്ങളിലുമാണ്. 2015 മാർച്ചിലെ 302.33 ദശലക്ഷത്തിൽ നിന്ന് 2021 ജൂണിൽ 833.71 ദശലക്ഷമായി ഇന്റർനെറ്റ് വരിക്കാർ വർദ്ധിച്ചു. രാജ്യത്ത് ഇന്റർനെറ്റ് വ്യാപനം ക്രമാനുഗതമായി വർദ്ധിച്ചു വരുന്നു.
മൊബൈൽ ടവറുകളുടെ എണ്ണവും ഗണ്യമായി വർധിച്ച് 2021 ഡിസംബറിൽ 6.93 ലക്ഷം ടവറുകളിലെത്തി.
27.09.2021 വരെയുള്ള കണക്കനുസരിച്ച് ഭാരത്‌നെറ്റിന് കീഴിൽ, 5.46 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സ്ഥാപിച്ചു. മൊത്തം 1.73 ലക്ഷം ഗ്രാമപഞ്ചായത്തുകളെ (GP) OFC വഴി ബന്ധിപ്പിച്ചിരിക്കുന്നു. 1.59 ലക്ഷം ഗ്രാമപഞ്ചായത്തുകൾ OFC സേവനത്തിന് സജ്ജമായി.
പെട്രോളിയം, അസംസ്കൃത എണ്ണ, പ്രകൃതി വാതകം
2020-2021 സാമ്പത്തിക വർഷത്തിൽ അസംസ്കൃത എണ്ണ-കണ്ടൻസേറ്റ് ഉത്പാദനം 30.49 ദശലക്ഷം മെട്രിക് ടൺ (MMT) ആയിരുന്നു. 2019-20 ൽ 31.18 ബില്യൺ ക്യുബിക് മീറ്റർ (BCM) ആയിരുന്ന പ്രകൃതി വാതക ഉത്പാദനം 2020-2021 ൽ 28.67 BCM ആയി. സംസ്കരിച്ച അസംസ്കൃത എണ്ണ 2019-20-ഇൽ 254.39 MMT ആയിരുന്നത്, 2020-21-ഇൽ 221.77 ആയി.
2021 സെപ്റ്റംബറിൽ ആരംഭിച്ച “ലക്ഷ്യ ഭാരത് പോർട്ടലിൽ”, എല്ലാ എണ്ണ, പ്രകൃതി വാതക സ്ഥാപനങ്ങളും ഭാവി ആവശ്യങ്ങൾക്ക് ഉൾപ്പെടെ അവർ സംഭരിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം 2021 ഓഗസ്റ്റ് 10-ന് ആരംഭിച്ചു.
വൈദ്യുതി
വൻ വൈദ്യുതി കമ്മിയുള്ള രാജ്യമെന്ന നിലയിൽ നിന്ന് ആവശ്യം പൂർണ്ണമായി നിറവേറ്റുന്ന അവസ്ഥയിലേക്കുള്ള സുപ്രധാന പരിവർത്തനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. മൊത്തം സ്ഥാപിത ഊർജ്ജ ശേഷിയും സംഭരണ ശേഷിയും 31.03.2021 ന് 459.15 GW ആണ്. 31.03.2020 ലെ 446.35 GW അപേക്ഷിച്ച് 2.87 ശതമാനം വളർച്ച രേഖപ്പെടുത്തി.
പുനരുപയോഗ ഊർജ്ജം
കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ പുനരുപയോഗ ഊർജ ശേഷി 2.9 മടങ്ങും സൗരോർജ്ജ ശേഷി 18 മടങ്ങിൽ കൂടുതൽ വളർച്ച രേഖപെടുത്തിയതോടെ, ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥകളിൽ, ഈ മേഖലയിൽ ഏറ്റവും വേഗത്തിലുള്ള വളർച്ചാ നിരക്കിന് ഇന്ത്യ സാക്ഷ്യം വഹിച്ചു.
(Release ID: 1793992)
Visitor Counter : 401