ധനകാര്യ മന്ത്രാലയം
---സാമ്പത്തിക സര്‍വേ--- 2021 ഏപ്രില്‍-നവംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ധനക്കമ്മി കുറവ്
ഇക്കാലയളവില്‍ നികുതി-നികുതിയിതര വരുമാനത്തില്‍ മികച്ച വര്‍ധന
വിവിധ പദ്ധതികള്‍ക്കായി ഇക്കാലയളവില്‍ ഗവണ്‍മെന്റ് ചെലവഴിച്ച തുകയില്‍ വര്‍ധന
2021-22 ആദ്യ മൂന്നുപാദങ്ങളില്‍ മൂലധന ചെലവ് 13.5 ശതമാനം വര്‍ധിച്ചു
സ്വകാര്യവല്‍ക്കരണവും ഓഹരി വിറ്റഴിക്കലും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പൊതുമേഖലാ സംരഭക നയവും ആസ്തി ധനസമ്പാദന നയവും
Posted On:
31 JAN 2022 2:56PM by PIB Thiruvananthpuram
''കോവിഡ് മഹാമാരിക്കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തേജന പാക്കേജുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇന്ത്യന്‍ ഗവണ്‍മെന്റ് കൂടുതല്‍ തുക ചെലവഴിച്ചു'' കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച 2021-22ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച കാലത്തും കേന്ദ്ര ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായി സഹായ ഹസ്തം നീട്ടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക സര്‍വേയിലെ പ്രധാന ഭാഗങ്ങള്‍ ഇനിപ്പറയുന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 135.1 ശതമാനം ധനക്കമ്മി ഉണ്ടായിരുന്നിടത്ത് 2021 നവംബറില്‍ അത് 46.2 ശതമാനമായി കുറഞ്ഞതായി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ടിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. 2019-10 സാമ്പത്തിക വര്‍ഷം ഇത് 114.20 ശതമാനമായിരുന്നു.
വരുമാന ശേഖരണം
തൊട്ടുമുമ്പിലെ രണ്ട് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വരുമാന ശേഖരണത്തിലും വര്‍ധനവുണ്ടായി. നികുതി-നികുതിയിതര വരുമാനത്തില്‍ പ്രകടമായ വര്‍ധനയാണുള്ളത്. 2020-21 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22ല്‍ അറ്റ നികുതി വരുമാനത്തിലെ കേന്ദ്രവിഹിതത്തില്‍ 8.5 ശതമാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 64.9 ശതമാനത്തിന്റെ വളര്‍ച്ച നേടി. 2020 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇത് 51. 2ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
പ്രത്യക്ഷ നികുതി
്പ്രത്യക്ഷ നികുതിക്കുള്ളില്‍ 2019 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 29.2 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നത് 2020 ഇതേ കാലയളവില്‍ 47.2 ശതമാനമായി വര്‍ധിച്ചു. 2019 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 22.5 ശതമാനമുണ്ടായിരുന്ന കോര്‍പറേറ്റ് വരുമാന നികുതി 2020ല്‍ സമാന കാലയളവില്‍ 90.4 ശതമാനത്തിന്റെ വളര്‍ച്ച നേടി.
പരോക്ഷ നികുതികള്‍
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പരോക്ഷ നികുതിയില്‍ 38.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2020 ഏപ്രില്‍-നവംബര്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021ല്‍ സമാന കാലയളവില്‍ 100 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. എക്സൈസ് നികുതിയില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 23.2 ശതമാനം വര്‍ധിച്ചു. 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കേന്ദ്രത്തിന്റെ ജിഎസ്ടി ശേഖരണം 61.4 ശതമാനമായിരുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി ശേഖരിച്ചത് 10.74 ലക്ഷം കോടി രൂപയാണ്.
നികുതിയിതര വരുമാനം
2021 നവംബര്‍ വരെയുള്ള നികുതിയിതര വരുമാനത്തില്‍ 79.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 1.04 ലക്ഷം കോടി രൂപയുടെ ബിഇയുടെ സ്ഥാനത്ത് ഡിവിഡന്റുകളും ലാഭവും ചേര്‍ന്ന് 1.28 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കി.
ചെലവ്
2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഗവണ്‍മെന്റിന്റെ ചെലവില്‍ 8.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2021 ഓഗസ്റ്റ് വരെ വരുമാന ചെലവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ഇതേ കാലയളവില്‍ പലിശരഹിത വരുമാന ചെലവില്‍ 4.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
മൂലധന ചെലവ്
2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ മൂലധന ചെലവ് 13.5 ശതമാനം വര്‍ധിച്ചു. റോഡുകള്‍, ഹേവേകള്‍, റെയില്‍വേകള്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പണം ചെലവഴിച്ചത്.
പൊതുമേഖല സംരംഭക നയവും ആസ്തി ധനസമാഹരണവും
ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പുതിയ പൊതുമേഖല സംരംഭക നയവും ആസ്തി ധനസമാഹരണവും സ്വകാര്യവല്‍ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും പ്രോത്സാഹിപ്പിക്കുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ചത് ഓഹരി വിറ്റഴിക്കലിനും സ്വകാര്യവല്‍ക്കരണ പ്രക്രിയക്കുമുള്ള മികച്ച ഉദാഹരണമാണ്.
ND
***
(Release ID: 1793970)
Visitor Counter : 310