രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

2022ലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്

Posted On: 28 JAN 2022 12:46PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 28, 2022  

ഇക്കൊല്ലത്തെ ബീറ്റിംഗ് ദി റിട്രീറ്റ് ആഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ഡ്രോണുകളുടെ പ്രത്യേക പ്രദർശനം ആയിരിക്കും. 2022 ജനുവരി 29 ന് ന്യൂ ഡൽഹിയുടെ ഹൃദയഭാഗത്ത്, ചരിത്രപ്രസിദ്ധമായ വിജയ് ചൗക്കിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡർ, രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പങ്കെടുക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് തുടങ്ങിയ വിശിഷ്ട അതിഥികളും പ്രദർശനത്തിന് സാക്ഷ്യം വഹിക്കും.

ഭാരതീയ അഭിലാഷങ്ങൾ പേറുന്ന സംഗീത താളങ്ങൾ ഇക്കൊല്ലത്തെ ആഘോഷത്തിന് മികവേകും. കാണികൾക്കായി മൊത്തം 26 പ്രകടനങ്ങളാണ് ഉണ്ടായിരിക്കുക. ഇന്ത്യൻ കരസേന, വ്യോമസേന, നാവിക സേന, കേന്ദ്ര സായുധ പോലീസ് സേന (CAPF) എന്നിവയുടെ സംഗീത ബാൻഡുകൾ നേതൃത്വം നൽകുന്ന താളനിബദ്ധമായ സംഗീത പ്രകടനങ്ങൾ ഇതിലുൾപ്പെടും.  

'ആസാദി കാ അമൃത മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ ട്യൂണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കേരള’, 'ഹിന്ദ് കി സേന', ‘യേ മേരെ വതൻ കേ ലോഗോ' എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

ബോട്ലാബ് ഡൈനമിക്സ് എന്ന സ്റ്റാർട്ടപ്പ്, ഐഐടി ഡൽഹി, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ പിന്തുണയോടു കൂടിയാണ് ഡ്രോൺ പ്രദർശനം സംഘടിപ്പിക്കുന്നത്. 10 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനത്തിൽ ആയിരത്തോളം ഡ്രോണുകൾ പങ്കെടുക്കും. ഡ്രോൺ പ്രകടനത്തിന് അകമ്പടിയായി പ്രത്യേക സമന്വയിപ്പിച്ച പശ്ചാത്തലസംഗീതവും ഒരുക്കുന്നതാണ്.  
 
'ആസാദി കാ അമൃത മഹോത്സവ്' ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പ്രൊജക്ഷൻ മാപ്പിംഗ് പ്രദർശനവും ഇക്കൊല്ലത്തെ മറ്റൊരു ആകർഷണീയതയാണ്. ചടങ്ങ് അവസാനിക്കുന്നതിന് മുൻപായി നോർത്ത്-സൗത്ത് ബ്ലോക്ക് ഭിത്തികളിൽ മൂന്ന് മുതൽ നാല് മിനിറ്റ് നേരത്തേക്ക് ആണ് പ്രദർശനം നടക്കുക.

കോവിഡ്-19 പരിഗണിച്ച്, ബീറ്റിങ് ദി റിട്രീറ്റ് ആഘോഷത്തിനായി പ്രത്യേക പരിസ്ഥിതി സൗഹൃദ ക്ഷണ പത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഔഷധ ഗുണമുള്ള സസ്യങ്ങൾ ആയ അശ്വഗന്ധ, കറ്റാർവാഴ, നെല്ലിക്ക എന്നിവയുടെ വിത്തുകൾ അടങ്ങിയ വിധത്തിലാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്.

 
 


(Release ID: 1793285) Visitor Counter : 257