പ്രധാനമന്ത്രിയുടെ ഓഫീസ്
നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങളും വിതരണംചെയ്തു
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നിയമം 2003ല്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഗുജറാത്ത്
''ദുരിതാശ്വാസം, രക്ഷപ്പെടുത്തല്‍, പുനരധിവാസം എന്നിവയ്ക്കൊപ്പം ദുരന്തനിവാരണത്തില്‍ പരിഷ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നു''
''ദുരന്തനിവാരണം എന്നത് ഇപ്പോള്‍ ഗവണ്‍മെന്റിന്റെ മാത്രം കടമയല്ല, മറിച്ച് ഇത് 'കൂട്ടായ പരിശ്രമ'ത്തിന്റെ ഒരു മാതൃകയാണ്''
''നമുക്ക് സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്ന ലക്ഷ്യമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ നൂറാം വാര്‍ഷികത്തില്‍ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യം നമുക്കുണ്ട്''
''സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പോലെ നിരവധി നേതാക്കളുടെ സംഭാവനകളും വിസ്മരിക്കാനുള്ള ശ്രമമുണ്ടായി''
''ലക്ഷക്കണക്കിന് ജനങ്ങളുടെ തപസ്സിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടിയത്. അവരുടെ ചരിത്രത്തെ വിസ്മൃതിയിലാക്കാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ രാജ്യം ഇന്ന് അവ സധൈര്യം തിരുത്തുകയാണ്''
''നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 'ചെയ്യാനാകും, ചെയ്തിരിക്കും' എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നാം മുമ്പോട്ട് പോകണം''
Posted On:
23 JAN 2022 8:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
പ്രധാനമന്ത്രി ഇന്ത്യയുടെ ധീരപുത്രനായ സുഭാഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിന്റെ 125ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ചു. ചടങ്ങില്‍ സംസാരിക്കവേ ഇന്ത്യന്‍ മണ്ണില്‍ ആദ്യ സ്വതന്ത്ര ഗവണ്‍മെന്റ് സ്ഥാപിക്കുകയും പരമാധികാരമുള്ള, ശക്തമായ ഇന്ത്യയെന്ന സ്വപ്നത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്ത നേതാജിയുടെ ഡിജിറ്റല്‍ രൂപത്തിലുള്ള പ്രതിമ ഇന്ത്യാഗേറ്റില്‍ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് തന്നെ ഹോളോഗ്രാം പ്രതിമയ്ക്ക് പകരം ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാളിക്കുള്ള ആദരമാണ് പുതിയ പ്രതിമയെന്ന് പറഞ്ഞ പ്രധാനമന്ത്രി നേതാജിയില്‍ നിന്ന് നമ്മുടെ സ്ഥാപനങ്ങള്‍ക്കും തലമുറകള്‍ക്കും രാഷ്ട്രത്തോടുള്ള കടമ പഠിക്കാനാകുമെന്നും പറഞ്ഞു.
ദുരന്തനിവാരണ രംഗത്തെ രാജ്യത്തിന്റെ ചരിത്രം പ്രധാനമന്ത്രി വിശദീകരിച്ചു. ദുരന്തനിവാരണ വിഭാഗം വര്‍ഷങ്ങളോളം കാര്‍ഷിക വകുപ്പിന് കീഴിലായിരുന്നു. പ്രളയം, പെരുമഴ, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ക്ഷോഭങ്ങളെ നേരിടാനുള്ള ചുമതല കൃഷി വകുപ്പിനായിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. എന്നാല്‍ 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പം ദുരന്ത നിവാരണത്തിന്റെ അര്‍ത്ഥം മാറ്റി. ''ഞങ്ങള്‍ ദുരന്ത നിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി എല്ലാ വകുപ്പുകളേയും വിന്യസിച്ചു. അക്കാലത്തെ അനുഭവങ്ങല്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2003ല്‍ ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ദുരന്ത നിവാരണത്തിനായി അത്തരമൊരു നിയമം കൊണ്ടുവന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. ഗുജറാത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2005ല്‍ കേന്ദ്ര ഗവണ്‍മെന്റ് സമാനമായൊരു ദുരന്ത നിവാരണ നിയമം കൊണ്ടുവന്നു'' അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസം, രക്ഷപ്പെടുത്തല്‍, പുനരധിവാസം എന്നിവയ്ക്കൊപ്പം ദുരന്തനിവാരണത്തില്‍ പരിഷ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ദുരന്തനിവാരണ നിയമം കരുത്തുറ്റതും ആധുനികവുമാക്കി മാറ്റി. ബഹിരാകാശ സാങ്കേതിക വിദ്യ മുതല്‍ ആസൂത്രണവും മാനേജുമെന്റും വരെ സാധ്യമായ ഏറ്റവും മികച്ച നടപടികള്‍ കൊണ്ടുവന്നതായി അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎംഎയുടെ ഭാഗമായി യുവാക്കള്‍ 'ആപ്ദ മിത്ര' പോലുള്ള സ്‌കീമുകളുമായി മുന്നോട്ട് വരുന്നു. പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ ജനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്നതിന് പകരം വോളണ്ടിയര്‍മാരായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. അതിനാല്‍ ദുരന്ത നിവാരണം എന്നത് ഇപ്പോള്‍ ഗവണ്‍മെന്റിന്റെ ചുമതല എന്നതിനപ്പുറം 'കൂട്ടായ പരിശ്രമ'ത്തിന്റെ ഒരു മാതൃകയായി മാറിയിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സ്ഥാപനങ്ങളെ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒഡീഷ, പശ്ചിമ ബംഗാള്‍, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സമീപകാലത്തുണ്ടായ ചുഴലിക്കൊടുങ്കാറ്റുകള്‍ മുന്‍കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതിരുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റുകളടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ രാജ്യത്തിന് ഇന്ന് തുടക്കം മുതല്‍ അവസാനം വരെയുള്ള പ്രതിരോധ സംവിധാനങ്ങളുണ്ട്. ഇതില്‍ മുന്‍കൂട്ടിയുള്ള സൂചനാസംവിധാനം, ദുരന്ത അപായസാധ്യത വിശകലനം പോലുള്ളവയ്ക്കായുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഇന്ന് ഭരണത്തിന്റെ എല്ലാ മേഖലകളിലും സമഗ്രമായ സമീപനമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ദുരന്ത നിവാരണ മാനേജ്മെന്റ് സിവില്‍ എന്‍ജിനീയറിംഗിന്റെയും ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെയും ഭാഗമാണ്. ഇപ്പോള്‍ ഡാം സുരക്ഷാ നിയമവും നിലവിലുണ്ട്. ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന വന്‍കിട പദ്ധതികളില്‍ ദുരന്തങ്ങളെ നേരിടാനുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ പിഎം ആവാസ് യോജന മുഖേന നിര്‍മിച്ച വീടുകള്‍, ചാര്‍ ധാം മഹാ പരിയോജന, ഉത്തര്‍പ്രദേശിലെ അതിവേഗ പാതകള്‍ എന്നിവ പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടില്‍ രൂപപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിലുളള ദുരന്ത നിവാരണത്തില്‍ ഇന്ത്യയുടെ നേതാക്കന്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തങ്ങളെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സിഡിആര്‍ഐ-സഖ്യം ഇന്ത്യ ലോകത്തിന് നല്‍കിയ മികച്ചൊരു ആശയമാണ്. ഇന്ന് യുകെ അടക്കം 35 രാജ്യങ്ങള്‍ ഈ സഖ്യത്തിന്റെ ഭാഗമാണ്. വിവിധ രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത സൈനിക അഭ്യാസം ലോകത്ത് പലഭാഗങ്ങളിലും നിലവിലുണ്ട്. എന്നാല്‍ ദുരന്ത നിവാരണത്തിന്റെ ഭാഗമായുള്ള സംയുക്ത ഡ്രില്‍ ഇന്ത്യയാണ് ആദ്യമായി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
'സ്വതന്ത്ര്യ ഇന്ത്യയെന്ന സ്വപ്നത്തെക്കുറിച്ചുള്ള പ്രതീക്ഷ ഒരിക്കലും കൈവെടിയരുത്. ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുന്ന ഒരു ശക്തിയും ലോകത്തില്ല' എന്ന നേതാജിയുടെ വാക്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം ഇന്ന് നമുക്ക് മുമ്പിലുണ്ട്. സ്വാതന്ത്ര്യലബ്ധി 100 വര്‍ഷം പിന്നിടുമ്പോള്‍ പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിന്റെ വ്യക്തിത്വവും ഗുണകാംക്ഷയും നിലനിര്‍ത്തുമെന്നും നേടുമെന്നുമുള്ളത് ആസാദി കേ അമൃത് മഹോത്സവത്തിന്റെ പ്രതിജ്ഞയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പോലെ നിരവധി നേതാക്കളുടെ സംഭാവനകളും വിസ്മരിക്കാനുള്ള ശ്രമമുണ്ടായതായി അദ്ദേഹം ഖേദത്തോടെ വ്യക്തമാക്കി.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ തപസിന്റെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാല്‍ അവരുടെ പോരാട്ടത്തെ ലഘൂകരിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യലബ്ധി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ രാജ്യം ആ തെറ്റുകള്‍ ധീരമായി തിരുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാബാ സാഹിബ് അംബേദ്കറിന്റെ പഞ്ച തീര്‍ത്ഥം, സര്‍ദാര്‍ പട്ടേലിനോടുള്ള ആദരസൂചകമായി തീര്‍ത്ത ഐക്യപ്രതിമ, ഭഗവാന്‍ ബിര്‍സ മുണ്ടയെ ആദരിക്കുന്നതിനുള്ള ജന്‍ജാതീയ ഗൗരവ് ദിവസ്, ഗിരിവര്‍ഗ വിഭാഗത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിനുള്ള ഗിരിവര്‍ഗ മ്യൂസിയം, ആന്‍ഡമാനില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികത്തില്‍ അവിടുത്തെ ഒരു ദ്വീപിന് നേതാജിയുടെ പേര് നല്‍കിയത്, നേതാജിയേയും ഐഎന്‍എയേയും ആദരിക്കുന്നതിന് ആന്‍ഡമാനില്‍ പണി കഴിപ്പിച്ച സങ്കല്‍പ്പ സ്മാരകം തുടങ്ങിയവ മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ക്കുള്ള പരിഹാരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പരാക്രം ദിവസത്തില്‍ നേതാജിയുടെ കൊല്‍ക്കത്തയിലുള്ള വീട് സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി വൈകാരികമായി ഓര്‍മിച്ചു. ആസാദ് ഹിന്ദ് ഗവണ്‍മെന്റ് 75 വര്‍ഷം പൂര്‍ത്തിയാക്കിയ 2018 ഒക്ടോബര്‍ 21ഉം തനിക്ക് മറക്കാനാകാത്ത ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ''ചുവപ്പ് കോട്ടയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആസാദ് ഹിന്ദ് ഫൗജിന്റെ തൊപ്പി ധരിച്ച് ഞാന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. ആ നിമിഷം ആവേശകരവും എന്നും ഓര്‍മയില്‍ നില്‍ക്കുന്നതുമാണ്'' അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് എന്തെങ്കിലും ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ഒരു ശക്തിക്കും തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ചെയ്യാനാകും, ചെയ്തിരിക്കും' എന്ന നേതാജിയുടെ വാക്കുകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് നാം മുമ്പോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
***
DS/AK
ND
(Release ID: 1792044)
Visitor Counter : 196
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada