പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി


"കഠിനാധ്വാനമാണ് നമ്മുടെ ഏക വഴി, വിജയമാണ് നമ്മുടെ ഏക പോംവഴി"

"കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുൻകരുതലുകളും സജീവവും കൂട്ടായ സമീപനവും സ്വീകരിച്ച രീതി തന്നെയാണ് ഇത്തവണയും വിജയമന്ത്രം"

“മുതിർന്നവരുടെ ജനസംഖ്യയുടെ 92 ശതമാനത്തിനും ഇന്ത്യ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡോസിന്റെ കവറേജും ഏകദേശം 70 ശതമാനത്തിലെത്തി.

“സമ്പദ്‌വ്യവസ്ഥയുടെ ആക്കം നിലനിർത്തണം. അതിനാൽ പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്

"വകഭേദങ്ങൾ എന്തായാലും , പകർച്ചവ്യാധിയെ നേരിടാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമായി വാക്സിനേഷൻ തുടരുന്നു"

“കൊറോണയെ പരാജയപ്പെടുത്തുന്നതിന്, എല്ലാ വകഭേദങ്ങൾക്കും മുന്നേ നമ്മുടെ സന്നദ്ധത നിലനിർത്തേണ്ടതുണ്ട്. ഒമിക്രോൺ കൈകാര്യം ചെയ്യുന്നതിനൊപ്പം, ഭാവിയിലെ ഏത് വകഭേദത്തിനും നാം ഇപ്പോൾ മുതൽ തയ്യാറെടുക്കണം

കോവിഡ് -19 ന്റെ തുടർച്ചയായ തരംഗങ്ങളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് മുഖ്യമന്ത്രിമാർ നന്ദി പറഞ്ഞു

Posted On: 13 JAN 2022 7:17PM by PIB Thiruvananthpuram

കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ  ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും  സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ  സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ  ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

100 വർഷത്തെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ    പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “കഠിനാധ്വാനമാണ് നമ്മുടെ  ഏക വഴി, വിജയമാണ് നമ്മുടെ ഏക പോംവഴി. നാം , ഇന്ത്യയിലെ 130 കോടി ജനങ്ങൾ, നമ്മുടെ പരിശ്രമത്തിലൂടെ കൊറോണയ്‌ക്കെതിരെ തീർച്ചയായും വിജയിക്കും," അദ്ദേഹം പറഞ്ഞു.

ഒമിക്രോണുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഇപ്പോൾ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പത്തെ വകഭേദങ്ങളെക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമൈക്രോൺ  പൊതുജനങ്ങളെ ബാധിക്കുന്നത്. “നാം  ജാഗ്രത പാലിക്കണം, സൂക്ഷിക്കണം , പക്ഷേ പരിഭ്രാന്തി ഉണ്ടാകാതിരിക്കാനുംനാം  ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഉത്സവകാലത്ത് ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രത ഒരിടത്തും താഴില്ലെന്ന് കണ്ടറിയണം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ  മുൻകരുതലും ക്രിയാത്മകവും കൂട്ടായ സമീപനവും സ്വീകരിച്ച രീതി തന്നെയാണ് ഇത്തവണയും വിജയമന്ത്രം. കൊറോണ അണുബാധയെ നമുക്ക് എത്രത്തോളം പരിമിതപ്പെടുത്താൻ കഴിയുമോ അത്രയും പ്രശ്നങ്ങൾ കുറയും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് വകഭേദമായാലും  പകർച്ചവ്യാധിയെ  നേരിടാനുള്ള തെളിയിക്കപ്പെട്ട മാർഗം വാക്സിനേഷൻ മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ ലോകമെമ്പാടും അവയുടെ മികവ് തെളിയിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയായ ജനസംഖ്യയുടെ 92 ശതമാനം പേർക്കും ഇന്ന് ഇന്ത്യ ആദ്യ ഡോസ് നൽകിയിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. രണ്ടാമത്തെ ഡോസിന്റെ കവറേജും രാജ്യത്ത് 70 ശതമാനത്തിലെത്തിയതായി അദ്ദേഹം അറിയിച്ചു. 10 ദിവസത്തിനുള്ളിൽ ഇന്ത്യയും ഏകദേശം 30 ദശലക്ഷം കൗമാരക്കാർക്ക് വാക്സിനേഷൻ നൽകിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുൻ‌നിര പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും എത്രയും വേഗം മുൻകരുതൽ ഡോസ് നൽകപ്പെടുന്നുവോ അത്രയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി വർദ്ധിക്കും. “100% വാക്സിനേഷനായി നാം  ഹർ ഘർ ദസ്തക് പ്രചാരണ പരിപാടി  ശക്തമാക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിനുകളെക്കുറിച്ചോ മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ ഉള്ള തെറ്റായ വിവരങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഏതൊരു തന്ത്രവും ആവിഷ്‌കരിക്കുമ്പോൾ, സാധാരണക്കാരുടെ ഉപജീവനത്തിന് ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ ഉണ്ടാകണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് എന്നിവ നിലനിർത്തണമെന്നും ഓർമ്മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിനാൽ പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഹോം ഐസൊലേഷൻ സാഹചര്യങ്ങളിൽ പരമാവധി ചികിത്സ നൽകാനുള്ള സ്ഥാനത്തായിരിക്കണം നാം എന്നും.  അതിനായി ഹോം ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ മെച്ചപ്പെടണം എന്നും അവ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചികിത്സയിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ നേരത്തെ നൽകിയ 23,000 കോടി രൂപയുടെ പാക്കേജ് ഉപയോഗിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. ഇതിന് കീഴിൽ രാജ്യത്തുടനീളമുള്ള 800-ലധികം പീഡിയാട്രിക് യൂണിറ്റുകൾ, 1.5 ലക്ഷം പുതിയ ഐസിയു, എച്ച്‌ഡിയു കിടക്കകൾ, അയ്യായിരത്തിലധികം പ്രത്യേക ആംബുലൻസുകൾ, 950 ലധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ സംഭരണ ​​​​ടാങ്ക് ശേഷി എന്നിവ ചേർത്തു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “കൊറോണയെ പരാജയപ്പെടുത്തുന്നതിന്, എല്ലാ വകഭേദങ്ങളേക്കാളും നമ്മുടെ സന്നദ്ധത നിലനിർത്തേണ്ടതുണ്ട്. ഒമിക്രോണിനെ നേരിടുന്നതിനൊപ്പം, ഭാവിയിലെ ഏത് വകഭേദത്തിനും  ഇപ്പോൾ മുതൽ തയ്യാറെടുക്കാൻ തുടങ്ങേണ്ടതുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് -19 ന്റെ തുടർച്ചയായ തരംഗങ്ങളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് മുഖ്യമന്ത്രിമാർ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും സംസ്ഥാനങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ വളരെയധികം സഹായിച്ച,  കേന്ദ്ര ഗവണ്മെന്റ്  നൽകിയ ഫണ്ടുകൾക്കും അവർ പ്രത്യേകം നന്ദി പറഞ്ഞു. കിടക്കകളുടെ വർദ്ധനവ്, ഓക്‌സിജൻ ലഭ്യത തുടങ്ങിയ നടപടികളിലൂടെ വർദ്ധിച്ചുവരുന്ന കേസുകൾ നേരിടാനുള്ള തയ്യാറെടുപ്പിനെ കുറിച്ച് മുഖ്യമന്ത്രിമാർ സംസാരിച്ചു. കർണാടക മുഖ്യമന്ത്രി ബെംഗളൂരുവിലെ കേസുകളുടെ വ്യാപനത്തെക്കുറിച്ചും അപ്പാർട്ടുമെന്റുകളിൽ പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സംസാരിച്ചു. കേസുകളുടെ വർദ്ധനവിനെ കുറിച്ചും, വരാനിരിക്കുന്ന ആഘോഷങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത്  അത് നേരിടാനുള്ള ഭരണകൂടത്തിന്റെ തയ്യാറെടുപ്പിനെ കുറിച്ചും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സംസാരിച്ചു. ഈ തരംഗത്തിനെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനം കേന്ദ്രത്തിനൊപ്പം നിൽക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പരിപാടിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ചില ഗ്രാമീണ, ആദിവാസി മേഖലകളിലെ തെറ്റിദ്ധാരണകളെക്കുറിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി സംസാരിച്ചു. വാക്‌സിനേഷൻ യജ്ഞത്തിൽ നിന്ന് ആരും വിട്ടുപോകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി സംസാരിച്ചു. പ്രത്യേകിച്ചും ഓക്‌സിജൻ ആവശ്യകതകൾ നിറവേറ്റുന്നതിൽ ഫണ്ടിനും അടിസ്ഥാന സൗകര്യ വികസനത്തിനും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. മുൻകരുതൽ ഡോസ് പോലുള്ള നടപടികൾ വലിയ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് തെളിയിച്ചതായി അസം മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ കവറേജ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനം നടത്തുന്നുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി അറിയിച്ചു.(Release ID: 1789739) Visitor Counter : 201