ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒമിക്രോൺ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിയും തയ്യാറെടുപ്പുകളും സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായി ചേർന്ന് കേന്ദ്രം വിലയിരുത്തി

Posted On: 23 DEC 2021 3:04PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 23, 2021  

കോവിഡ്19, ഒമിക്രോൺ വകഭേദം എന്നിവ പ്രതിരോധിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ വിലയിരുത്തി.
സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, NHM എംഡി-മാർ എന്നിവർക്കൊപ്പം വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ പ്രതിരോധ കുത്തിവെപ്പ് പുരോഗതിയും വിലയിരുത്തി.
 
രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കൂടുതലോ, ഓക്സിജൻ സൗകര്യമുള്ള കിടക്കകളിലെ രോഗികളുടെ എണ്ണം 40 ശതമാനത്തിലധികമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജില്ലാ/പ്രാദേശിക ഭരണകൂടങ്ങൾ, പ്രാദേശിക നിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ടതാണ് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ പ്രാദേശിക സാഹചര്യങ്ങൾ, ജനസംഖ്യ സവിശേഷതകൾ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട്, ഈ നിലയിൽ എത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിയന്ത്രണ നടപടികൾ, രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ കൈകൊള്ളാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏറ്റവും കുറഞ്ഞത് 14 ദിവസത്തേക്ക് എങ്കിലും നടപ്പാക്കേണ്ടതാണ്.

ഒമിക്രോൺ വകഭേദം ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതും, ഉയർന്ന വ്യാപന ശേഷി, ഇരട്ടിയാകൽ നിരക്ക് തുടങ്ങിയവ പുലർത്തുന്നതും കണക്കിലെടുത്തുകൊണ്ട് രോഗികളിലെ ലക്ഷണങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട് സ്വീകരിക്കാവുന്ന കോവിഡ് നിയന്ത്രണ നടപടികൾ നടപ്പാക്കാവുന്നതാണ്.

അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഒമിക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനു സഹായകമായ, താഴെപ്പറയുന്ന അഞ്ച് ഘട്ട നയ പരിപാടിയുടെ പ്രാധാന്യവും യോഗം എടുത്തു പറഞ്ഞു:

1. നിയന്ത്രണ നടപടികളിൽ താഴെപ്പറയുന്നവ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി:

* നൈറ്റ്‌ കർഫ്യുകൾ നടപ്പാക്കുക, ഉത്സവ ആഘോഷങ്ങൾ വരുന്ന പശ്ചാത്തലത്തിൽ വലിയതോതിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുക

* കോവിഡ് കേസുകൾ കൂടുതലായി ഉണ്ടാകുന്ന ക്ലസ്റ്ററുകളിൽ കണ്ടയ്ണ്മെന്റ് സോണുകൾ, ബഫർ സോണുകൾ എന്നിവ കൃത്യമായി പ്രഖ്യാപിക്കുക

* നിലവിലെ ചട്ടങ്ങൾക്ക് അനുസൃതമായി കണ്ടയ്ണ്മെന്റ് സോണുകൾക്ക് ചുറ്റുമുള്ള മേഖലകളിൽ ശക്തമായ നിയന്ത്രണം  

 
* കാലതാമസമില്ലാതെ ക്ലസ്റ്ററുകളിൽ നിന്നുള്ള സാമ്പിളുകൾ INSACOG ലാബുകളിൽ ജനിതക ശ്രേണീകരണത്തിനായി അയക്കുക


2. പരിശോധനകൾ, നിരീക്ഷണങ്ങൾ എന്നീ വിഷയങ്ങളിൽ എല്ലാ ജില്ലകളിലെയും ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളുടെ എണ്ണം കൃത്യമായി നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു: 

ഓരോ ദിവസവും കൂടാതെ ആഴ്ചതോറും എന്ന കണക്കിൽ രോഗ സ്ഥിരീകരണ നിരക്ക്, ഇരട്ടി ആകൽ നിരക്ക്, പുതിയ ക്ലസ്റ്ററുകൾ എന്നിവ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ നിയന്ത്രണ നടപടികൾക്ക് തുടക്കം കുറിക്കാനും നിർദ്ദേശം നൽകി

കൂടാതെ താഴെപ്പറയുന്നവയ്ക്കും പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്:

* ഐ സി എം ആർ, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പരിശോധനകൾ നടപ്പാക്കുക

* കണ്ടെയ്ന്മെന്റ് മേഖലകളിൽ വീടുകൾ തോറും രോഗ പരിശോധന ഉറപ്പാക്കുക

 
* SARI/ILI രോഗികൾ, ദുർബലർ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവരെ പരിശോധിക്കുക


* ഓരോ ദിവസവും നടക്കുന്ന മൊത്തം പരിശോധനകളിൽ RT-PCR:RAT (ഏറ്റവും കുറഞ്ഞത് 60:40)
അനുപാതം കൃത്യമായി പാലിക്കുക;  ഇത് 70:30 വരെ ഉയർത്താവുന്നതാണ്

* കോവിഡ പോസിറ്റീവായ വ്യക്തികളുമായി സമ്പർക്കത്തിൽ വന്നവരെ തിരിച്ചറിയുകയും കൃത്യസമയത്ത് അവർക്ക് പരിശോധന നടത്തുകയും വേണ്ടതാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഇത് നിർബന്ധമായും ഉറപ്പാക്കണം

* അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി എയർ സുവിധ പോർട്ടൽ സേവനം പ്രയോജനപ്പെടുത്തുക
 
3. നിലവിലെ ദേശീയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോകോൾ ഒമിക്രോൺ വകഭേദത്തിനും മാറ്റമില്ലാതെ തുടരുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം താഴെപ്പറയുന്നവ ശ്രദ്ധിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം ഉണ്ട്:

* കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുക, ആംബുലൻസ് അടക്കമുള്ള അനുബന്ധ സേവനങ്ങൾ സജ്ജമാക്കുക

* ഓക്സിജൻ സൗകര്യങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക

* അവശ്യമരുന്നുകളുടെ കരുതൽശേഖരം കുറഞ്ഞത് 30 ദിവസത്തേക്ക് ഉറപ്പാക്കുക

* കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അത് കൃത്യമായി പ്രതിരോധിക്കുന്നതിന് ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര കോവിഡ പ്രതികരണ പാക്കേജിന് (ECRP-II) കീഴിൽ ലഭിച്ച തുക ഉപയോഗിച്ച് സജ്ജമാക്കുക. ഇതുമായി ബന്ധപ്പെട്ട് പണച്ചിലവ്, പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ ഓരോ ദിവസവും വിലയിരുത്തേണ്ടതാണ്

* നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഗൃഹ ക്വാറന്റീൻ/ഐസൊലേഷൻ എന്നിവ കൃത്യമായി നടപ്പാക്കുക

 
ഉയർന്ന കോവിഡ് പ്രതിരോധ സൗകര്യങ്ങൾ, പല സംസ്ഥാനങ്ങളും ഒഴിവാക്കിയ സാഹചര്യത്തിൽ അടിയന്തരഘട്ടങ്ങളിൽ ഇവ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതി സംസ്ഥാനങ്ങളുടെ പക്കൽ ഉണ്ടാകേണ്ടതാണ്. കൂടാതെ കേസുകൾ ഉയരുന്ന സാഹചര്യമുണ്ടായാൽ ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവയുടെ ലഭ്യത സംസ്ഥാനങ്ങൾ ഉറപ്പാക്കണം.


4. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെപ്പറയുന്നവ സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

* കൃത്യമായ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിൽ എത്തിക്കുക. അതുവഴി വ്യാജ വിവരങ്ങൾ പടരുന്നതും അനാവശ്യ പരിഭ്രാന്തിയും ഒഴിവാക്കാം

* ആശുപത്രി - പരിശോധന സൗകര്യങ്ങളുടെ ലഭ്യത കൃത്യമായും സുതാര്യമായും ജനങ്ങളെ അറിയിക്കുക

* കൃത്യമായ ഇടവേളകളിൽ മാധ്യമ സമ്മേളനങ്ങൾ നടത്തുക

* പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും കോവിഡ് പ്രതിരോധനടപടികൾ, കോവിഡ് ഉചിത പെരുമാറ്റങ്ങൾ തുടങ്ങിയവ കൃത്യമായി ഉറപ്പാക്കുകയും ചെയ്യുക

5. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ താഴെപ്പറയുന്നവ ശ്രദ്ധിക്കേണ്ടതാണ്:

* അർഹരായവരിൽ ഒന്ന്, രണ്ട് വാക്സിൻ ഡോസുകൾ ഇനിയും സ്വീകരിക്കാനുള്ളവർക്ക് എത്രയും വേഗം വാക്സിൻ ലഭ്യമാക്കുക

* ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ അളവിൽ ഒന്ന്-രണ്ട് ഡോസുകൾ നൽകിയിട്ടുള്ള ജില്ലകളിൽ പ്രത്യേക പ്രാധാന്യം നൽകുക

* ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉള്ള സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വീട് തോറുമുള്ള വാക്സിനേഷൻ നടപടികൾ ശക്തിപ്പെടുത്തുക

* അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും അവിടങ്ങളിൽ കുറഞ്ഞ അളവിൽ വാക്സിൻ വിതരണം നടന്നിട്ടുള്ള ജില്ലകളിൽ എത്രയും വേഗം പ്രതിരോധകുത്തിവെപ്പ് നൽകുക


* കുറഞ്ഞ അളവിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുള്ളതോ, കുറഞ്ഞ എണ്ണം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതോ ആയ മേഖലകളിൽ വാക്സിനേഷൻ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

 
RRTN/SKY
 
*********


(Release ID: 1784622) Visitor Counter : 201