രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

തദ്ദേശീയമായി വികസിപ്പിച്ച, കരയിൽ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാൻ ആകുന്ന പുതുതലമുറ മിസൈൽ, പ്രളയിന്റെ പ്രഥമ വിക്ഷേപണം ഡിആർഡിഒ പൂർത്തീകരിച്ചു

Posted On: 22 DEC 2021 1:12PM by PIB Thiruvananthpuram
കരയിൽ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാൻ ആകുന്ന പുതുതലമുറ മിസൈൽ, പ്രളയിന്റെ ('Pralay') പ്രഥമ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണം 2021 ഡിസംബർ 22ന് ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് നടന്നത്.
 
ദൗത്യത്തിന്റെ എല്ലാ പ്രഖ്യാപിത ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ പരീക്ഷണത്തിൽ സാധിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന ക്വാസി ബാലിസ്റ്റിക് പാത പരീക്ഷണത്തിൽ ഉടനീളം പിന്തുടർന്ന പുതിയ മിസൈൽ, ലക്ഷ്യങ്ങൾ വലിയ കൃത്യതയോടെ ഭേദിച്ചു. നിയന്ത്രണ-മാർഗ്ഗനിർദ്ദേശ-മിഷൻ അൽഗോരിതങ്ങൾ പരീക്ഷണത്തിലുടനീളം പൂർണമായും പാലിച്ചു. എല്ലാ ഉപ സംവിധാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കിഴക്കൻ തീരത്തെ വിവിധ ഭാഗങ്ങളിൽ, കപ്പലുകൾ അടക്കമുള്ള ലക്ഷ്യസ്ഥാനങ്ങൾക്ക് സമീപം സ്ഥാപിച്ചിരുന്ന എല്ലാ സെൻസറുകളും മിസൈലിന്റെ പാത പിൻതുടരുകയും എല്ലാ സംഭവങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
 
സോളിഡ് പ്രൊപ്പലന്റ് റോക്കറ്റ് മോട്ടോർ, മറ്റ് നിരവധി പുതിയ സാങ്കേതികവിദ്യകൾ എന്നിവ ഈ  മിസൈലിൽ ഉണ്ട്. 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ മിസൈലിന് സാധിക്കും. സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനങ്ങളിൽ നിന്നും മിസൈൽ തൊടുക്കാവുന്നതാണ്. അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളും, സംയോജിത വ്യോമ ഇലക്ട്രോണിക് സാങ്കേതികവിദ്യ സംവിധാനങ്ങളും മിസൈലിന്റെ മാർഗനിർദേശക സംവിധാനത്തിൽ ഉൾപ്പെടുന്നു.
 
കരയിൽനിന്നും കരയിലെ തന്നെ ലക്ഷ്യങ്ങളിലേക്ക് വിക്ഷേപിക്കാൻ ആകുന്ന ഈ ആധുനിക മിസൈൽ കുറഞ്ഞ സമയത്തിനുള്ളിൽ വികസിപ്പിച്ചു, വിജയകരമായ പരീക്ഷിച്ച DRDO യെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

*** (Release ID: 1784168) Visitor Counter : 157