പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ ഓഡിറ്റ് ദിവസിന്റെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“സിഎജിയും ഗവൺമെന്റും പരസ്പരം എതിരാണെന്ന' ചിന്താഗതി മാറിയിരിക്കുന്നു. മൂല്യവർദ്ധനയുടെ ഒരു പ്രധാന ഭാഗമായി ഇന്ന് ഓഡിറ്റ് പരിഗണിക്കപ്പെടുന്നു"

“മുൻ ഗവണ്മെന്റുകളുടെ പരമാര്‍ത്ഥമാണ് ഞങ്ങൾ തികഞ്ഞ സത്യസന്ധതയോടെ രാജ്യത്തിന് മുന്നിൽ വെച്ചത്. പ്രശ്‌നങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ പരിഹാരം കാണൂ.


“സമ്പർക്കമില്ലാത്ത നടപടിക്രമങ്ങൾ , സ്വയമേവയുള്ള പുതുക്കലുകൾ, മുഖരഹിത വിലയിരുത്തലുകൾ, സേവന പ്രദാനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ. ഈ പരിഷ്കാരങ്ങളെല്ലാം ഗവണ്മെന്റിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിച്ചു.

“ആധുനിക നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ട് സിഎജി അതിവേഗം മാറി. ഇന്ന് നിങ്ങൾ വിപുലമായ അനലിറ്റിക്‌സ് ടൂളുകളും ജിയോ സ്പേഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും ഉപയോഗിക്കുന്നു”

““21-ാം നൂറ്റാണ്ടിൽ, ഡാറ്റ വിവരമാണ്, വരും കാലങ്ങളിൽ നമ്മുടെ ചരിത്രവും ഡാറ്റയിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യും. ഭാവിയിൽ, ഡാറ്റ ചരിത്രത്തെ നിർണ്ണയിക്കും"

Posted On: 16 NOV 2021 11:32AM by PIB Thiruvananthpuram

പ്രഥമ ഓഡിറ്റ് ദിവസ് ആഘോഷിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ചടങ്ങിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ  ശ്രീ ഗിരീഷ് ചന്ദ്ര മുർമു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

സിഎജി,  രാജ്യങ്ങളുടെ അക്കൗണ്ടുകൾ  അടയാളപ്പെടുത്തി  സൂക്ഷിക്കുക മാത്രമല്ല, ഉൽപ്പാദനക്ഷമതയിലും കാര്യക്ഷമതയിലും മൂല്യവർദ്ധന നടത്തുകയും ചെയ്യുന്നു, അതിനാൽ ഓഡിറ്റ് ദിനത്തിലെ ചർച്ചകളും അനുബന്ധ പരിപാടികളും നമ്മുടെ മെച്ചപ്പെടുത്തലിന്റെയും ഗുണപ്പെടുത്തലിന്റെയും ഭാഗമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രാധാന്യത്തോടെ വളരുകയും കാലക്രമേണ ഒരു പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്ത ഒരു സ്ഥാപനമാണ് സിഎജി.

മഹാത്മാഗാന്ധി, സർദാർ പട്ടേൽ, ബാബാസാഹേബ് അംബേദ്കർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, വലിയ ലക്ഷ്യങ്ങൾ എങ്ങനെ സ്ഥാപിക്കാമെന്നും അവ നേടാമെന്നും  മഹാന്മാരായ  ഈ നേതാക്കൾ നമ്മെ പഠിപ്പിച്ചുവെന്നും പറഞ്ഞു.


രാജ്യത്ത് ഓഡിറ്റിങ്ങിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'സിഎജിയും  ഗവൺമെന്റും പരസ്പരം എതിരാണെന്നത് നമ്മുടെ സംവിധാനത്തിന്റെ പൊതു ചിന്തയായി മാറിയിരുന്നു. എന്നാൽ, ഇന്ന് ഈ ചിന്താഗതി മാറിയിരിക്കുന്നു. മൂല്യവർദ്ധനയുടെ ഒരു പ്രധാന ഭാഗമായാണ് ഇന്ന് ഓഡിറ്റ് പരിഗണിക്കുന്നത്.

നേരത്തെ, ബാങ്കിംഗ് മേഖലയിൽ സുതാര്യത ഇല്ലാത്തതിനാൽ, വിവിധ തെറ്റായ രീതികൾ പിന്തുടർന്നിരുന്നുവെന്ന്  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർധിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു ഫലം. “പണ്ട്, എൻപിഎകൾ എങ്ങനെയാണ്   മൂടിവച്ചിരുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. എന്നിരുന്നാലും, മുൻ ഗവണ്മെന്റുകളുടെ    പരമാര്ഥമാണ്  ഞങ്ങൾ തികഞ്ഞ സത്യസന്ധതയോടെ രാജ്യത്തിന് മുന്നിൽ വെച്ചത്. പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാലേ പരിഹാരം കാണൂ-അദ്ദേഹം പറഞ്ഞു.

സർക്കാർ സർവ്വം' എന്ന ചിന്താഗതി കുറയുന്ന, നിങ്ങളുടെ ജോലിയും എളുപ്പമായിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് ഞങ്ങൾ ഇന്ന് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, പ്രധാനമന്ത്രി ഓഡിറ്റർമാരോട് പറഞ്ഞു. ഇത് 'മിനിമം ഗവൺമെന്റ് മാക്സിമം ഗവേണൻസ്' അനുസരിച്ചാണ്. “സമ്പർക്കമില്ലാത്ത നടപടിക്രമങ്ങൾ , സ്വയമേവയുള്ള പുതുക്കലുകൾ, മുഖരഹിത  വിലയിരുത്തലുകൾ, സേവന പ്രദാന ത്തിനുള്ള ഓൺലൈൻ അപേക്ഷകൾ. ഈ പരിഷ്‌കാരങ്ങളെല്ലാം ഗവണ്മെന്റിന്റെ  അനാവശ്യ ഇടപെടൽ അവസാനിപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫയലുകൾ കൊണ്ട് പരക്കം പായുന്ന തിരക്കുള്ള ഒരു വ്യക്തിയുടെ പ്രതിച്ഛായയെ സിഎജി മറികടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആധുനിക നടപടിക്രമങ്ങൾ സ്വീകരിച്ച് സിഎജി അതിവേഗം മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നിങ്ങൾ വിപുലമായ അനലിറ്റിക്‌സ് ടൂളുകളും ജിയോ സ്പേഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും ഉപയോഗിക്കുന്നു”

നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അതിനെതിരായ രാജ്യത്തിന്റെ പോരാട്ടവും അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ന് നാം  ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാം നടത്തുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് രാജ്യം 100 കോടി വാക്‌സിൻ ഡോസുകൾ എന്ന നാഴികക്കല്ല് കടന്നതായി അദ്ദേഹം അറിയിച്ചു. ഈ മഹത്തായ പോരാട്ടത്തിൽ ഉയർന്നുവന്ന സമ്പ്രദായങ്ങൾ സിഎജിക്ക് പഠിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പഴയ കാലങ്ങളിൽ കഥകളിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. കഥകളിലൂടെയാണ് ചരിത്രം രചിക്കപ്പെട്ടത്. എന്നാൽ ഇന്ന് 21-ാം നൂറ്റാണ്ടിൽ, ഡാറ്റ വിവരമാണ്, വരും കാലങ്ങളിൽ നമ്മുടെ ചരിത്രവും ഡാറ്റയിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യും. ഭാവിയിൽ, ഡാറ്റ ചരിത്രം നിർണ്ണയിക്കും, അദ്ദേഹം ഉപസംഹരിച്ചു.



(Release ID: 1772246) Visitor Counter : 112