പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജന്‍ജാതീയ ഗൗരവദിനത്തില്‍ റാഞ്ചിയില്‍ ഭഗവാന്‍ ബിര്‍സ മുണ്ഡ സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കരുത്തുറ്റ ഇച്ഛാശക്തിയോടെ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപവല്‍ക്കരിക്കുന്നതിനായി പ്രയത്‌നിച്ച ശ്രീ അടല്‍ ബിഹാരി വാജ്‌പേയിക്കു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


''സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത്, ഇന്ത്യയുടെ ഗിരിവര്‍ഗപാരമ്പര്യത്തിനും വീരചരിതങ്ങള്‍ക്കും കൂടുതല്‍ അര്‍ത്ഥവത്തും മഹത്തുറ്റതുമായ സ്വത്വം നല്‍കാന്‍ രാജ്യം തീരുമാനിച്ചു''


''സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഗിരിവര്‍ഗനായകരുടെ സംഭാവനകള്‍ ചിത്രീകരിക്കുന്ന വൈവിധ്യമാര്‍ന്ന നമ്മുടെ ഗിരിവര്‍ഗസംസ്‌കാരത്തിന്റെ ജീവസ്സുറ്റ വേദിയായി ഈ മ്യൂസിയം മാറും.''


''ഭഗവാന്‍ ബിര്‍സ സമൂഹത്തിനായി ജീവിച്ചു, തന്റെ സംസ്‌കാരത്തിനും രാജ്യത്തിനുമായി ജീവന്‍ത്യജിച്ചു. അതിനാല്‍, അദ്ദേഹം ഇപ്പോഴും നമ്മുടെ വിശ്വാസത്തില്‍, നമ്മുടെ മനോഭാവങ്ങളില്‍, ആരാധ്യനായി നിലകൊള്ളുന്നു.''

Posted On: 15 NOV 2021 10:46AM by PIB Thiruvananthpuram

ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മദിനം ജന്‍ജാതീയ ഗൗരവ ദിനമായി ആഘോഷിക്കുമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സ മുണ്ഡ സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള മ്യൂസിയവും ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡ് ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത്, ഇന്ത്യയുടെ ഗിരിവര്‍ഗപാരമ്പര്യത്തിനും വീരചരിതങ്ങള്‍ക്കും കൂടുതല്‍ അര്‍ത്ഥവത്തും മഹത്തുറ്റതുമായ സ്വത്വം നല്‍കാന്‍ രാജ്യം തീരുമാനിച്ചതായി സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ''ഇതിനായി, ഇന്നുമുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 15ന്, അതായത് ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മദിനം, 'ജനജാതീയ ഗൗരവ ദിന'മായി രാജ്യം ആഘോഷിക്കുമെന്ന ചരിത്രപരമായ തീരുമാനമെടുത്തിട്ടുണ്ട്.''-  ഈ ചരിത്രമുഹൂര്‍ത്തത്തില്‍ രാജ്യത്തെ അഭിവാദ്യം ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ അടല്‍ ബിഹാരി വാജ്‌പേയിക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത് അദ്ദേഹത്തിന്റെ കരുത്തുറ്റ ഇച്ഛാശക്തിയാലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''കേന്ദ്രഗവണ്‍മെന്റിനുകീഴില്‍ ആദ്യമായി ഒരു പ്രത്യേക ഗിരിവര്‍ഗ മന്ത്രാലയത്തിനു രൂപം നല്‍കുകയും ഗിരിവര്‍ഗ താല്‍പ്പര്യങ്ങളെ രാജ്യത്തിന്റെ നയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തത് അടല്‍ ജിയാണ്''- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ഭഗവാന്‍ ബിര്‍സ മുണ്ഡ സ്മാരക ഉദ്യാനത്തിന്റെയും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള മ്യൂസിയത്തിന്റെയും പേരില്‍ രാജ്യത്തെ ഗിരിവര്‍ഗവിഭാഗങ്ങളെയും ഇന്ത്യയിലെ ഓരോ പൗരനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഗിരിവര്‍ഗനായകരുടെ സംഭാവനകള്‍ ചിത്രീകരിക്കുന്ന വൈവിധ്യമാര്‍ന്ന നമ്മുടെ ഗിരിവര്‍ഗസംസ്‌കാരത്തിന്റെ ജീവസ്സുറ്റ വേദിയായി ഈ മ്യൂസിയം മാറും.''- അദ്ദേഹം പറഞ്ഞു.

ഭഗവാന്‍ ബിര്‍സയുടെ കാഴ്ചപ്പാടുകളെക്കുറിച്ചു സംസാരിക്കവേ, ആധുനികതയുടെ പേരില്‍ വൈവിധ്യങ്ങളോടും പൗരാണിക സ്വത്വത്തോടും പ്രകൃതിയോടും വിമുഖതകാട്ടുന്നതു സമൂഹത്തിന്റെ ക്ഷേമത്തിനുള്ള മാര്‍ഗമല്ലെന്നു ഭഗവാന്‍ ബിര്‍സയ്ക്ക് അറിയാമായിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ആധുനിക വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വന്തം സമൂഹത്തിന്റെ പോരായ്മകള്‍ക്കും തെറ്റുകുറ്റങ്ങള്‍ക്കുമെതിരെ സംസാരിക്കാനും ധൈര്യം കാട്ടിയിരുന്നു. സ്വാതന്ത്ര്യസമരം ലക്ഷ്യമിട്ടത് ഇന്ത്യയുടെ അധികാരം, ഇന്ത്യക്കുവേണ്ടി തീരുമാനങ്ങളെടുക്കാനുള്ള അധികാരം, ഇന്ത്യക്കാരുടെ കൈകളിലേക്കു കൈമാറുക എന്നതായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അതേ സമയം, 'ധര്‍തീ ആബാ'യുടെ പോരാട്ടം ഇന്ത്യയുടെ ഗിരിവര്‍ഗസമൂഹത്തിന്റെ സ്വത്വം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ചിന്തയ്ക്കെതിരായിരുന്നു. ''ഭഗവാന്‍ ബിര്‍സ സമൂഹത്തിനായി ജീവിച്ചു, തന്റെ സംസ്‌കാരത്തിനും രാജ്യത്തിനുമായി ജീവന്‍ത്യജിച്ചു. അതിനാല്‍, അദ്ദേഹം ഇപ്പോഴും നമ്മുടെ വിശ്വാസത്തില്‍, നമ്മുടെ മനോഭാവങ്ങളില്‍, ആരാധ്യനായി നിലകൊള്ളുന്നു.''- പ്രധാനമന്ത്രി പറഞ്ഞു. 'ധര്‍തീ ആബാ' ഈ ഭൂമിയില്‍ അധികനാള്‍ കഴിഞ്ഞില്ല. എന്നാല്‍ ആ ചുരുങ്ങിയ ജീവിതത്തിനിടയില്‍ അദ്ദേഹം രാജ്യത്തിനുവേണ്ടി ഒരു ചരിത്രം രചിക്കുകയും ഇന്ത്യയുടെ തലമുറകള്‍ക്കു ദിശാബോധം പകരുകയും ചെയ്തു,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

****



(Release ID: 1771855) Visitor Counter : 145