പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി


കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു

'അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍, വലിയ സ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യവും ആ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള മനോഭാവവുമുണ്ടാകുന്നു'

'ആറേഴു പതിറ്റാണ്ടായി മാത്രം ഉത്തര്‍പ്രദേശിനെ പരിമിതപ്പെടുത്താനാവില്ല. കാലാതീതമായ ഭൂമിയാണിത്, അതിന്റെ സംഭാവന കാലാതീതമാണ്'

'ഇരട്ട എന്‍ജിന്‍' സര്‍ക്കാര്‍ ഇരുമടങ്ങ് വീര്യത്തോടെ സ്ഥിതി മെച്ചപ്പെടുത്തുന്നു'

'സ്വാമിത്വ പദ്ധതി ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ സമൃദ്ധിയുടെ പുതിയ വാതിലുകള്‍ തുറക്കും'

'പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 37,000 കോടിയിലധികം രൂപ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്'

Posted On: 20 OCT 2021 2:35PM by PIB Thiruvananthpuram

കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. കുശിനഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

കുശിനഗറില്‍ മെഡിക്കല്‍ കോളേജ് വരുന്നതോടെ ഡോക്ടറാകണമെന്നും ഗുണമേന്മയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നും കൊതിക്കുന്ന പ്രദേശവാസികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍, സ്വന്തം ഭാഷയില്‍ സാങ്കേതിക വിദ്യാഭ്യാസം നേടാനുള്ള സാധ്യത യാഥാര്‍ത്ഥ്യമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുശിനഗര്‍ പ്രദേശത്തെ യുവാക്കള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യവും സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള മനോഭാവവും ഉണ്ടാകുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വീടില്ലാത്ത, ചേരിയില്‍ താമസിക്കുന്ന ഒരാള്‍ക്ക്, ഒരു പക്കാ വീട് ലഭിക്കുമ്പോള്‍, വീട്ടില്‍ ഒരു ശുചിമുറിയും വൈദ്യുതി കണക്ഷനും ഗ്യാസ് കണക്ഷനും ടാപ്പില്‍ നിന്നു കുടിവെള്ളവും ലഭിക്കുമ്പോള്‍, പാവപ്പെട്ടവരുടെ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിക്കുന്നു. സംസ്ഥാനത്തെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ ഇരുമടങ്ങ് കരുത്തോടെ സ്ഥിതി മെച്ചപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുന്‍ ഗവണ്‍മെന്റുകള്‍ ദരിദ്രരുടെ അന്തസ്സിനും പുരോഗതിക്കും പ്രാധാന്യം നല്‍കിയില്ലെന്നും രാജവംശ രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങളും നടപടികളും പാവപ്പെട്ടവരിലേക്ക് എത്തുന്നതില്‍ നിന്ന് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍മ്മത്തെ അനുകമ്പയോടെ കൂട്ടിച്ചേര്‍ക്കുക, പൂര്‍ണ്ണ അനുകമ്പയോടെ കൂട്ടിച്ചേര്‍ക്കുക എന്ന് റാം മനോഹര്‍ ലോഹ്യ പറഞ്ഞതായി പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാല്‍ മുമ്പ് ഗവണ്‍മെന്റിനു നേതൃത്വം നല്‍കിയവര്‍ ദരിദ്രരുടെ വേദന കാര്യമാക്കിയില്ല. മുന്‍ ഗവണ്‍മെന്റ് അവരുടെ കര്‍മ്മത്തെ അഴിമതികളുമായും കുറ്റകൃത്യങ്ങളുമായുമാണ് കൂട്ടിച്ചേര്‍ത്തത്.

ഭാവിയില്‍ ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ സമൃദ്ധിയുടെ പുതിയ വാതിലുകള്‍ തുറക്കാന്‍ പോകുന്ന സ്വാമിത്വ പദ്ധതിക്കു കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്വാമിത്വ യോജന പ്രകാരം ഗ്രാമത്തിലെ വീടുകളുടെ ഉടമസ്ഥാവകാശ രേഖകള്‍, അതായത് വീടുകളുടെ ഉടമസ്ഥാവകാശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ടോയ്ലറ്റുകളും ഉജ്ജ്വലയും പോലുള്ള പദ്ധതികളിലൂടെ സഹോദരിമാരും പെണ്‍മക്കളും സുരക്ഷിതരായും അന്തസ്സുള്ളവരായും അനുവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍, മിക്ക വീടുകളും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്.

മുന്‍കാലങ്ങളിലെ ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, 2017ന് മുമ്പുള്ള ഗവണ്‍മെന്റിന്റെ നയം മാഫിയകള്‍ക്ക് തുറന്ന കൊള്ളയ്ക്ക് അവസരം നല്‍കിയിരുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ന്, യോഗിയുടെ നേതൃത്വത്തിന്‍കീഴില്‍, മാഫിയകള്‍ മാപ്പുചോദിച്ച് പലായനം ചെയ്യുകയാണ്. യോഗി ഗവണ്‍മെന്റിനു കീഴില്‍ മാഫിയകള്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന് ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ നല്‍കിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ഉത്തര്‍പ്രദേശിന്റെ പ്രത്യേകത, എന്നിരുന്നാലും, ''ഉത്തര്‍പ്രദേശിന്റെ സ്വത്വം ഇതില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. ആറേഴു പതിറ്റാണ്ടായി മാത്രം ഉത്തര്‍പ്രദേശിനെ  പരിമിതപ്പെടുത്താനാവില്ല. കാലാതീതമായ ഭൂമിയാണിത്, അതിന്റെ സംഭാവന കാലാതീതമാണ്''. ശ്രീരാമന്‍ ഈ ഭൂമിയില്‍ അവതാരമെടുത്തു; ശ്രീകൃഷ്ണാവതാരവും ഇവിടെ പ്രത്യക്ഷപ്പെട്ടു. 24ല്‍ 18 ജൈന തീര്‍ത്ഥങ്കരരും ഉത്തര്‍പ്രദേശിലെത്തി. മധ്യകാലഘട്ടത്തില്‍, തുളസീദാസ്, കബീര്‍ദാസ് തുടങ്ങിയ യുഗപുരുഷന്മാരും ഈ മണ്ണില്‍ ജനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രവിദാസമുനിയെപ്പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താവിന് ജന്മം നല്‍കാനുള്ള ഭാഗ്യവും ഈ സംസ്ഥാനത്തിന് ലഭിച്ചു- പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പടിയും തീര്‍ഥയാത്രയാകുന്നു, ഓരോ കണത്തിലും ഊര്‍ജമുള്ള പ്രദേശമാണ് ഉത്തര്‍പ്രദേശെന്നും പ്രധാനമന്ത്രി പറഞ്ഞു. വേദങ്ങളും പുരാണങ്ങളും രചിക്കുന്ന ജോലി ഇവിടത്തെ നൈമിഷാരണ്യത്തിലാണ് നടന്നത്. അവധ് മേഖലയില്‍ തന്നെ, ഇവിടെ അയോധ്യ പോലെ ഒരു തീര്‍ത്ഥാടനകേന്ദ്രമുണ്ട്- ശ്രീ മോദി പറഞ്ഞു.

നമ്മുടെ മഹത്തായ സിഖ് ഗുരു പാരമ്പര്യത്തിനും ഉത്തര്‍പ്രദേശുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗ്രയിലെ 'ഗുരു കാ താള്‍' ഗുരുദ്വാര ഇപ്പോഴും ഔറംഗസേബിനെ വെല്ലുവിളിച്ച ഗുരു തേജ് ബഹാദൂര്‍ ജിയുടെ മഹത്വത്തിന് സാക്ഷിയാണ്.

കര്‍ഷകരില്‍ നിന്നുള്ള സംഭരണത്തില്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ഇതുവരെ ഏകദേശം 80,000 കോടി രൂപ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 37,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1765169) Visitor Counter : 207