പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ജയ്പൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് ടെക്നോളജി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


രാജസ്ഥാനിൽ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു

'മഹാമാരിക്കലത്ത് ശക്തിയും സ്വാശ്രയവും വർദ്ധിപ്പിക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തു.

"രാജ്യത്തിന്റെ ആരോഗ്യ മേഖലയെ പരിവർത്തനവിധേയമാക്കാൻ ഒരു ദേശീയ സമീപനത്തിലും ദേശീയ ആരോഗ്യ നയത്തിലുമാണ് നാം പ്രവർത്തിച്ചത്

"കഴിഞ്ഞ 6-7 വർഷങ്ങളിൽ 170-ലധികം പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെട്ടു, നൂറിലധികം പുതിയ മെഡിക്കൽ കോളേജുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു"

"2014 ൽ രാജ്യത്തെ മെഡിക്കൽ ബിരുദ, ബിരുദാനന്തര സീറ്റുകൾ ഏകദേശം 82000 ആയിരുന്നു. ഇന്ന് അവയുടെ എണ്ണം 140,000 ആയി ഉയർന്നു"

"രാജസ്ഥാന്റെ വികസനം, ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നു"

Posted On: 30 SEP 2021 1:10PM by PIB Thiruvananthpuram

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, സിഐപിഇടി, രാജസ്ഥാനിലെ ജയ്പൂരിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്തു.  രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.  4 പുതിയ മെഡിക്കൽ കോളേജുകൾക്കും സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും രാജസ്ഥാനിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  2014 ന് ശേഷം 23 മെഡിക്കൽ കോളേജുകൾ രാജസ്ഥാനിലേക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ചതായും 7 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമായതായും അദ്ദേഹം അറിയിച്ചു.

  100 വർഷത്തെ ഏറ്റവും വലിയ പകർച്ചവ്യാധി ലോകത്തിലെ ആരോഗ്യമേഖലയെ ഒരു പാഠം പഠിപ്പിച്ചതായി  സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങളും ഈ പ്രതിസന്ധിയെ തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യുന്നു.  ഈ ദുരന്തത്തിൽ സ്വന്തം ശക്തിയും സ്വാശ്രയത്വവും വർദ്ധിപ്പിക്കാനാണ്   ഇന്ത്യ ദൃഡനിശ്ചയം ചെയ്തത്.

 കൃഷി ഒരു സംസ്ഥാന വിഷയമാണെങ്കിലും, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ചതുകൊണ്ട്, രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പോരായ്മകൾ മനസ്സിലാക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ, അവ നീക്കം ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങൾ നടത്തിയതായി അദ്ദേഹം പറഞ്ഞു, “രാജ്യത്തിന്റെ ആരോഗ്യ മേഖലയെ മാറ്റുന്നതിനായി ഞങ്ങൾ ഒരു ദേശീയ സമീപനത്തിലും ദേശീയ ആരോഗ്യ നയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ശുചിത്വ ഭാരത് അഭിയാൻ മുതൽ ആയുഷ്മാൻ ഭാരത്, ഇപ്പോൾ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വരെ അത്തരം നിരവധി ശ്രമങ്ങൾ ഈ സമീപനത്തിന്റെ ഭാഗമാണ്, പ്രധാനമന്ത്രി പറഞ്ഞു.  ആയുഷ്മാൻ ഭാരത് യോജന പ്രകാരം രാജസ്ഥാനിലെ മൂന്നര ലക്ഷത്തോളം പേർക്ക്  സൗജന്യ ചികിത്സ ലഭിക്കുകയും സംസ്ഥാനം രണ്ടായിരത്തി അഞ്ഞൂറോളം ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

 മെഡിക്കൽ കോളേജുകളോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോ പോലും തങ്ങളുടെ ശൃംഖല രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗം വ്യാപിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  "ഇന്ത്യ 6 എയിംസിൽ നിന്ന് 22 -ൽ അധികം എയിംസിന്റെ ശക്തമായ ശൃംഖലയിലേക്ക് നീങ്ങുകയാണെന്ന് ഇന്ന് നമുക്ക് സംതൃപ്തിയോടെ പറയാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.

 കഴിഞ്ഞ 6-7 വർഷത്തിനിടെ 170-ലധികം പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും നൂറിലധികം പുതിയ മെഡിക്കൽ കോളേജുകളുമായി ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  2014 ൽ രാജ്യത്തെ മെഡിക്കൽ ബിരുദ, ബിരുദാനന്തര 
സീറ്റുകൾ ഏകദേശം 82000 ആയിരുന്നു. ഇന്ന് അവ 140,000 ആയി ഉയർന്നു.  നിയന്ത്രണ, ഭരണനിർവ്വഹണ മേഖലയിലും, ദേശീയ മെഡിക്കൽ കമ്മീഷന്റെ വരവോടെ, കഴിഞ്ഞ കാലത്തെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു.

 ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ മനുഷ്യശക്തി ഫലപ്രദമായ ആരോഗ്യ സേവനങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.  കൊറോണ കാലഘട്ടത്തിൽ ഇത് തീവ്രമായി അനുഭവപ്പെട്ടു.  കേന്ദ്ര ഗവണ്മെന്റിന്റെ സൗജന്യ വാക്സിൻ, എല്ലാവർക്കും വാക്സിൻ’ പ്രചാരണ പരിപാടിയുടെ  വിജയം ഇതിന്റെ പ്രതിഫലനമാണ്.  ഇതുവരെ രാജ്യത്ത് 88 കോടിയിലധികം ഡോസ് കൊറോണ വാക്സിൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവത്തിന്റെ ഈ സമയത്ത്, ഉയർന്ന വൈദഗ്ദ്ധ്യം ഇന്ത്യയെ ശക്തിപ്പെടുത്തുക മാത്രമല്ല, സ്വാശ്രിത ഇന്ത്യ എന്ന നിശ്ചയദാർഢ്യം കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പെട്രോ കെമിക്കൽ വ്യവസായം പോലെ അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നിന് നൈപുണ്യമുള്ള മനുഷ്യശക്തി ആവശ്യമാണ്.  പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ ടെക്നോളജി ലക്ഷക്കണക്കിന് യുവാക്കളെ പുതിയ സാധ്യതകളുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ, ഊർജ്ജ സർവകലാശാലയായ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി, സംസ്ഥാനത്ത് സ്ഥാപിക്കാനും പരിപോഷിപ്പിക്കാനും നടത്തിയ ശ്രമങ്ങളും അദ്ദേഹം  അനുസ്മരിച്ചു.  ഇത്തരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ശുദ്ധമായ ഊർജ്ജ കണ്ടുപിടിത്തങ്ങൾക്ക് യുവാക്കൾക്കു സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

 ബാർമറിലെ രാജസ്ഥാൻ റിഫൈനറി പദ്ധതി 70,000 കോടിയിലധികം രൂപ നിക്ഷേപത്തോടെ അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.  സംസ്ഥാനത്തെ സിറ്റി ഗ്യാസ് വിതരണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 2014 വരെ സംസ്ഥാനത്തെ ഒരു നഗരത്തിന് മാത്രമേ സിറ്റി ഗ്യാസ് വിതരണത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടി. ഇപ്പോൾ സംസ്ഥാനത്തെ 17 ജില്ലകൾക്ക് സിറ്റി ഗ്യാസ് വിതരണ ശൃംഖലയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.  വരും വർഷങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൈപ്പ്ഡ് ഗ്യാസ് ശൃംഖല ഉണ്ടാകും.  ശുചിമുറികൾ, വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ എന്നിവയുടെ ആവിർഭാവത്തിലൂടെ ജീവിതം എളുപ്പമാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.  സംസ്ഥാനത്ത് 21 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജൽ ജീവൻ മിഷൻ വഴി പൈപ്പ് വെള്ളം ലഭിക്കുന്നുണ്ട്.  രാജസ്ഥാന്റെ വികസനം, ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നുവെന്ന്  പറഞ്ഞ അദ്ദേഹം    പാവപ്പെട്ട കുടുംബങ്ങൾക്കായി രാജസ്ഥാനിൽ 13 ലക്ഷത്തിലധികം  ഉറപ്പുള്ള വീടുകൾ നിർമ്മിച്ചതായി ചൂണ്ടിക്കാട്ടി.


(Release ID: 1759612) Visitor Counter : 239