പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Posted On: 24 SEP 2021 3:12AM by PIB Thiruvananthpuram

യു.എസ്. സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബര്‍ 23 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ച്  അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി.

ആദ്യത്തെ നേരിട്ടുള്ള സന്ദര്‍ശനത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. 2021 ജൂണില്‍ അവര്‍ നടത്തിയ തങ്ങളുടെ  ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് അവര്‍ ഊഷ്മളമായി അനുസ്മരിച്ചു. അഫ്ഗാനിസ്ഥാനിലുള്‍പ്പെടെയുള്ള സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ ആശയങ്ങള്‍ കൈമാറുകയും, സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ഇന്തോ-പസഫിക് മേഖലയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ത്വരിതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും, നിര്‍ണായകമായ മരുന്നുകള്‍, ചികിത്സാ, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള തങ്ങളുടെ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിനായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. പുനരുപയോഗ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും അടുത്തിടെ ആരംഭിച്ച ദേശീയ ഹൈഡ്രജന്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബഹിരാകാശ സഹകരണം, വിവരസാങ്കേതികവിദ്യ, പ്രത്യേകിച്ച് ഉയര്‍ന്നുവരുന്നതും നിര്‍ണായകവുമായ സാങ്കേതികവിദ്യകള്‍, ആരോഗ്യ പരിപാലന മേഖലയിലെ സഹകരണം എന്നിവയുള്‍പ്പെടെ ഭാവി സഹകരണത്തിന്റെ മേഖലകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. പരസ്പരം ഗുണകരമാകുന്ന വിദ്യാഭ്യാസ ബന്ധങ്ങളുടെയും അറിവിന്റെയും നൂതനാശയങ്ങളുടെയും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിഭകളുടെയും പ്രവാഹത്തിന്റ അടിസ്ഥാനം ഊര്‍ജ്ജസ്വലരായ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്ന് ഇരുനേതാക്കളും അംഗീകരിച്ചു.
വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അവരുടെ ഭര്‍ത്താവായ  ഡഗ്ലസ് എംഹോഫിനെയും എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി ക്ഷണിച്ചു.


(Release ID: 1757497) Visitor Counter : 234