ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

KYC-VS-നിങ്ങളുടെ ഉപഭോക്താവിന്റെ/ക്ലയന്റിന്റെ വാക്സിനേഷൻ നില അറിയുക-എന്ന പുതിയ എപിഐ സംവിധാനം കോവിൻ (CoWIN) ആരംഭിച്ചു

Posted On: 10 SEP 2021 1:40PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി, സെപ്റ്റംബർ 10, 2021

കോവിഡ്-19-നെതിരായ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ വർഷം ജനുവരി 16 ന് തുടക്കം കുറിച്ചതിനുശേഷം ഇതുവരെ 72 കോടിയിലേറെ ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ച വ്യക്തികൾക്ക്, വാക്സിൻ സ്വീകരണത്തിന്റെ തെളിവായി ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ്, നിലവിൽ കോവിൻ നൽകിവരുന്നുണ്ട്.

ഡിജിറ്റൽ ഉപകരണങ്ങളിലും, ഡിജിലോക്കർ സംവിധാനത്തിലും ഈ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിന്റെ തെളിവ് ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഇവിടങ്ങളിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പങ്കുവയ്ക്കാനും സാധിക്കും.

നിങ്ങളുടെ ഉപഭോക്താവിന്റെ/ക്ലയന്റിന്റെ വാക്സിനേഷൻ നില അറിയുക (Know Your Customer’s/Client’s Vaccination Status’) അല്ലെങ്കിൽ KYC-VS എന്ന പുതിയ എപിഐ സംവിധാനവും കോവിൻ വികസിപ്പിച്ചിട്ടുണ്ട്.  

ഈ API ഉപയോഗപ്പെടുത്താനായി ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പറും, പേരും നൽകേണ്ടതുണ്ട്. ഇതേ തുടർന്ന് ലഭിക്കുന്ന ഒടിപി, ഉപഭോക്താക്കൾ കൃത്യമായി രേഖപ്പെടുത്തണം. ഇതിന് മറുപടിയായി, ഉപഭോക്താവിന്റെ വാക്സിൻ സ്വീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോവിൻ, അതാത് ഉപകരണങ്ങളിലേക്ക് നൽകുന്നതാണ്.

ഇവ താഴെ പറയുന്നു:

0 - പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ല

1 - ഭാഗികമായി പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്

2 - പൂർണ്ണമായും പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചു

ഈ മറുപടി, ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയതിനുശേഷം ഉടൻതന്നെ ബന്ധപ്പെട്ടവരുമായി പങ്കു വയ്ക്കാവുന്നതാണ്.

ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതും, സമ്മതത്തോടെ മാത്രം പ്രവർത്തിക്കുന്നതുമായ ഒരു സംവിധാനമാണ് KYC-VS. കൂടാതെ, API-യോടൊപ്പം ഒരു വെബ്പേജും കോവിൻ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഏത് സംവിധാനത്തിലും ഉൾപ്പെടുത്താൻ സാധിക്കുന്ന (embed) വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ഏത് സംവിധാനവുമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, തടസരഹിതമായി സംയോജിച്ഛ് പ്രവർത്തിക്കാൻ ഇത് വഴിയൊരുക്കും.

RRTN/SKY(Release ID: 1753874) Visitor Counter : 316