രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യന്‍ വ്യോമസേനയ്ക്കായി 56 സി-295എംഡബ്ല്യു ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
ആത്മനിര്‍ഭര്‍ ഭാരത'ത്തിനുള്ള വലിയ ഊര്‍ജം
Posted On:
08 SEP 2021 6:27PM by PIB Thiruvananthpuram
മുഖ്യസവിശേഷതകള്‍ :
- പ്രവര്‍ത്തനക്ഷമമായ 16 വിമാനങ്ങള്‍ സ്‌പെയിനില്‍ നിന്ന് എത്തിക്കും; 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും
- തദ്ദേശീയമായ കഴിവുകള്‍ക്കു കരുത്തേകുന്നതിനും 'മെയ്ക്ക് ഇന്‍ ഇന്ത്യ' ശക്തിപ്പെടുത്തുന്നതിനുമുള്ള സവിശേഷ സംരംഭം
- തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിച്ച് എല്ലാ വിമാനങ്ങളും സജ്ജീകരിക്കും
- ഇന്ത്യന്‍ വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്‌റോ വിമാനത്തിനു പകരമാക്കും
- സമകാലിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 5-10 ടണ്‍ ശേഷിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വിമാനം
ഇന്ത്യന്‍ വ്യോമസേനയ്ക്കായി 56 സി-295എംഡബ്ല്യു ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങുന്നതിന് സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് എസ്.എ.യില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. സമകാലിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 5-10 ടണ്‍ ശേഷിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് സി-295എംഡബ്ല്യു. ഇന്ത്യന്‍ വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്‌റോ വിമാനത്തിനു പകരമായി ഇതുപയോഗിക്കും. ദ്രുതപ്രതികരണത്തിനും സൈന്യത്തിന്റെയും ചരക്കുകളുടെയും പാരാഡ്രോപ്പിംഗിനുമായി വിമാനത്തിന് പിന്നിലായി റാമ്പ് ഡോര്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തനക്ഷമമായ 16 വിമാനങ്ങള്‍ കരാര്‍ ഒപ്പിട്ട് 48 മാസത്തിനുള്ളില്‍ സ്‌പെയിനില്‍ നിന്ന് എത്തിക്കും. കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍ നാല്‍പത് വിമാനങ്ങള്‍ ടാറ്റാ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനം നിര്‍മിക്കുന്ന ആദ്യ പദ്ധതിയാണിത്. ഈ അമ്പത്തിയാറ് വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് സജ്ജീകരിക്കും. ഈ പദ്ധതി ഇന്ത്യയിലെ എയ്റോസ്പേസ് ആവാസവ്യവസ്ഥയ്ക്ക് ഊര്‍ജം പകരും. രാജ്യത്തെമ്പാടുമുള്ള നിരവധി എംഎസ്എംഇകള്‍ വിമാനഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കാകും.
ഇന്ത്യയിലെ സ്വകാര്യ മേഖലയ്ക്ക് സാങ്കേതികമായി ഉയര്‍ന്നതും കടുത്ത മത്സരം നടക്കുന്നതുമായ വ്യോമയാന വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ അതുല്യമായ അവസരം നല്‍കുന്നു എന്നതിനാല്‍, ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഈ പദ്ധതി വലിയ ഊര്‍ജം പകരും. ഈ പദ്ധതി ആഭ്യന്തര വ്യോമയാന ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കയറ്റുമതിയില്‍ പ്രതീക്ഷയ്ക്കനുസരിച്ചുള്ള വര്‍ധന ഉണ്ടാക്കുകയും ചെയ്യും.
വിവിധ തലങ്ങളിലുള്ള വിമാനഘടകങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനായി ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജനമായി ഈ പരിപാടി പ്രവര്‍ത്തിക്കും. കൂടാതെ മികച്ച വൈദഗ്ധ്യം വേണ്ട 600 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. പരോക്ഷമായി 3000 തൊഴിലും മിതമായ വൈദഗ്ധ്യം വേണ്ട 3000 തൊഴിലവസരങ്ങള്‍ അധികമായും സൃഷ്ടിക്കും. 42.5 ലക്ഷത്തിലധികം തൊഴില്‍ മണിക്കൂറുകള്‍ ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലയിലുണ്ടാകും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്‌സി വേ തുടങ്ങിയവയൊക്കെയായി പ്രത്യേക അടിസ്ഥാനസൗകര്യവികസനവും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേക പ്രക്രിയകളില്‍ ഏര്‍പ്പെടുന്ന ടാറ്റ കണ്‍സോര്‍ഷ്യത്തിന്റെ എല്ലാ വിതരണക്കാരും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട നാഷണല്‍ എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ (എന്‍എഡിസിഎപി) അംഗീകാരം നേടുകയും പരിപാലിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
വിതരണം പൂര്‍ത്തിയാകുന്നതിനുമുമ്പ്, സി-295എംഡബ്ല്യു വിമാനങ്ങള്‍ക്കുള്ള 'ഡി' ലെവല്‍ സര്‍വീസ് സൗകര്യം (എംആര്‍ഒ) ഇന്ത്യയില്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സി-295 വിമാനങ്ങളുടെ വിവിധ വകഭേദങ്ങളുടെ പ്രാദേശിക എംആര്‍ഒ ഹബ്ബായി ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, ഇന്ത്യന്‍ ഓഫ്സെറ്റ് പങ്കാളികളില്‍ നിന്ന് അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സ്വന്തമാക്കുന്നതിലൂടെ ഒഇഎം അതിന്റെ ഓഫ്സെറ്റ് ബാധ്യതകളും നിറവേറ്റും.
തദ്ദേശീയശേഷികള്‍ക്കു കരുത്തുപകരുന്നതിനും 'മെയ്ക്ക് ഇന്‍ ഇന്ത്യ' ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സവിശേഷ സംരംഭമാണ് ഈ പരിപാടി.
****
(Release ID: 1753362)
Visitor Counter : 304