പ്രധാനമന്ത്രിയുടെ ഓഫീസ്
ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി രാഷ്ട്രത്തിന് ന് സമര്‍പ്പിച്ചു
സ്മാരകത്തിലെ മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
നിരപരാധികളായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്വപ്നങ്ങള്‍ ഇപ്പോഴും ജാലിയന്‍വാലാബാഗിന്റെ ചുമരുകളിലെ വെടിയുണ്ടകളില്‍ കാണാം: പ്രധാനമന്ത്രി
1919 ഏപ്രില്‍ 13 -ലെ ആ 10 മിനിറ്റുകള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അനശ്വര കഥയായി മാറി; അതിനാലാണു സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ഇന്ന് നമുക്ക് ആഘോഷിക്കാന്‍ കഴിയുന്നത്: പ്രധാനമന്ത്രി
ഒരു രാജ്യവും ഭൂതകാലത്തിന്റെ ഭീകരത അവഗണിക്കുന്നത് ശരിയല്ല. അതിനാലാണ്, എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 'വിഭജനത്തിന്റെ ഭീതിജനകമായ അനുസ്മരണ ദിനം' ആയി ആചരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പ്രധാനമന്ത്രി
നമ്മുടെ ആദിവാസി സമൂഹം വളരെയധികം സംഭാവന ചെയ്യുകയും സ്വാതന്ത്ര്യത്തിനായി വലിയ ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്തു. അവരുടെ സംഭാവനയ്ക്ക് ചരിത്ര പുസ്തകങ്ങളില്‍ ലഭിക്കേണ്ടത്ര സ്ഥാനം ലഭിച്ചില്ല: പ്രധാനമന്ത്രി
കൊറോണയായാലും അഫ്ഗാനിസ്ഥാനായാലും ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്: പ്രധാനമന്ത്രി
അമൃത് മഹോത്സവത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എല്ലാ മുക്കുമൂ
Posted On:
28 AUG 2021 8:21PM by PIB Thiruvananthpuram
ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമുച്ചയം നവീകരിക്കുന്നതിനായി ഗവണ്‍മെന്റ് സ്വീകരിച്ച ഒന്നിലധികം വികസന ഇടപെടലുകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പഞ്ചാബെന്ന ധീരദേശത്തിനും ജാലിയന്‍ വാലാബാഗിന്റെ പുണ്യ മണ്ണിനും പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അഗ്‌നിജ്വാല കെടുത്തുന്നതിനുവേണ്ടി അഭൂതപൂര്‍വമായ മനുഷ്യത്വരാഹിത്യം നേരിട്ട ഭാരത മാതാവിന്റെ മക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
ജാലിയന്‍ വാലാബാഗിന്റെ ചുമരുകളിലെ വെടിയുണ്ട അടയാളങ്ങളില്‍ നമ്മുടെ സഹോദരങ്ങളായ നിരപരാധികളായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്വപ്നങ്ങള്‍ ഇപ്പോഴും ദൃശ്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആ ഷഹീദി കിണറ്റില്‍ തട്ടിയെടുക്കപ്പെട്ട എണ്ണമറ്റ അമ്മമാരുടെയും സഹോദരിമാരുടെയും സ്‌നേഹവും ജീവിതവും നാം ഇന്ന് ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മരിക്കാന്‍ സര്‍ദാര്‍ ഉദ്ധം സിംഗ്, സര്‍ദാര്‍ ഭഗത് സിംഗ് തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളെയും പോരാളികളെയും പ്രചോദിപ്പിച്ച സ്ഥലമാണ് ജാലിയന്‍ വാലാബാഗ്. 1919 ഏപ്രില്‍ 13 -ലെ ആ 10 മിനിറ്റുകള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അനശ്വര കഥയായി മാറിയെന്നും അതിനാലാണു സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ഇന്ന് നമുക്ക് ആഘോഷിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരമൊരു അവസരത്തില്‍, സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ ആധുനിക രൂപത്തില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സമര്‍പ്പിക്കുന്നത് നമുക്കെല്ലാവര്‍ക്കും വലിയ പ്രചോദനത്തിനുള്ള അവസരമാണ്, അദ്ദേഹം പറഞ്ഞു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് മുമ്പ് വിശുദ്ധ ബൈശാഖിയുടെ മേളകള്‍ ഇവിടെ നടക്കാറുണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍ത്തു. 'സര്‍ബത് ദ ഭാല'യുടെ ഊര്‍ജ്ജമായി ഗുരു ഗോബിന്ദ് സിംഗ് ജി ഖല്‍സ പാന്തും അന്നുതന്നെ സ്ഥാപിതമായി. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍, പുതുക്കിപ്പണിത ഈ ജാലിയന്‍വാലാബാഗ് പുതുതലമുറയെ ഈ പുണ്യസ്ഥലത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുമെന്നും അതിന്റെ ഭൂതകാലത്തെക്കുറിച്ച് ധാരാളം പഠിക്കാന്‍ പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് അധ്യാപനങ്ങള്‍ നല്‍കുകയും മുന്നോട്ടു പോകാനുള്ള ദിശാബോധം നല്‍കുകയും ചെയ്യുന്ന ചരിത്രം സംരക്ഷിക്കേണ്ടത് ഓരോ രാഷ്ട്രത്തിന്റെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂതകാലത്തിന്റെ അത്തരം ഭീകരതകളെ ഒരു രാജ്യവും അവഗണിക്കുന്നത് ശരിയല്ല. അതിനാല്‍, എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 'വിഭജന ഭീകരത അനുസ്മരണ ദിനമായി' ആചരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനകാലത്ത് ജാലിയന്‍വാലാബാഗ് പോലുള്ള ഭീകരതകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. പഞ്ചാബിലെ ജനങ്ങളാണ് വിഭജനത്തിന്റെ ഏറ്റവും വലിയ ഇരകളെന്ന് അദ്ദേഹം പറഞ്ഞു. വിഭജന സമയത്ത് ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലും പ്രത്യേകിച്ച് പഞ്ചാബിലെ കുടുംബങ്ങളിലും സംഭവിച്ചതിന്റെ വേദന നമ്മള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് എവിടെയെങ്കിലും ഇന്ത്യക്കാര്‍ കുഴപ്പത്തിലാണെങ്കില്‍, എല്ലാ ശക്തിയും നല്‍കി അവരെ സഹായിക്കാന്‍ ഇന്ത്യ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ കാലമായാലും അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയായാലും ലോകം അത് തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നൂറുകണക്കിന് സുഹൃത്തുക്കളെ ഓപ്പറേഷന്‍ ദേവിശക്തിയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഗുരു കൃപ' കാരണം ഗവണ്‍മെന്റിന് ജനങ്ങളോടൊപ്പം വിശുദ്ധ ഗുരു ഗ്രന്ഥ സാഹിബിന്റെ സ്വരൂപവും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്കു വേണ്ടിയുള്ള നയങ്ങള്‍ തയ്യാറാക്കാന്‍ ഗുരുവിന്റെ അധ്യാപനങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ ആഗോള സാഹചര്യങ്ങള്‍ 'ഏക ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും ആത്മനിര്‍ഭര്‍ത്തയുടെയും ആത്മവിശ്വാസത്തിന്റെയും ആവശ്യകത അടിവരയിടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സംഭവങ്ങള്‍ രാജ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യസമര സേനാനികളെ അമൃത് മഹോത്സവത്തില്‍ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ഘട്ടങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ദേശീയ വീരന്മാര്‍ക്കൊപ്പം സംരക്ഷിക്കാനും അവരെ മുന്‍നിര ശ്രദ്ധയില്‍ എത്തിക്കാനുമാണു ശ്രമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാലിയന്‍വാലാബാഗ് പോലെ, രാജ്യത്തുടനീളം പുതുക്കിപ്പണിയുന്ന ദേശീയ സ്മാരകങ്ങളായ അലഹബാദ് മ്യൂസിയത്തിലെ ഇന്ററാക്ടീവ് ഗാലറി, കൊല്‍ക്കത്തയിലെ ബിപ്ലബി ഭാരത് ഗാലറി മുതലായവ അദ്ദേഹം പരാമര്‍ശിച്ചു. നേതാജി ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയ ആന്‍ഡമാനിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സംഭാവനകള്‍ ആ സ്ഥലത്തിന് പുതിയ വ്യക്തിത്വം നല്‍കി. ആന്‍ഡമാനിലെ ദ്വീപുകളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.
നമ്മുടെ ആദിവാസി സമൂഹം വലിയ സംഭാവനകള്‍ നല്‍കിയതായും സ്വാതന്ത്ര്യത്തിനായി വലിയ ത്യാഗങ്ങള്‍ ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സംഭാവനയ്ക്ക് ചരിത്രപുസ്തകങ്ങളില്‍ ലഭിക്കേണ്ടത്ര സ്ഥാനം ലഭിച്ചില്ല. രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ ആദിവാസി സ്വാതന്ത്ര്യസമര സേനാനികളും അവരുടെ പോരാട്ടവും കാണിക്കുന്ന മ്യൂസിയങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പരമോന്നത ത്യാഗം ചെയ്ത നമ്മുടെ സൈനികര്‍ക്ക് രാജ്യത്തു ദേശീയ സ്മാരകം വേണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ യുദ്ധ സ്മാരകം ഇന്നത്തെ യുവാക്കളില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കുന്നതിനുമുള്ള മനോഭാവം വളര്‍ത്തുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ഗുരുവിന്റെ പാത പിന്തുടര്‍ന്ന്, പഞ്ചാബിന്റെ പുത്രന്മാരും പുത്രിമാരും രാജ്യം നേരിടുന്ന എല്ലാ അപകടങ്ങള്‍ക്കും എതിരെ ഭയമില്ലാതെ നില്‍ക്കുന്നുവെന്ന് പഞ്ചാബിന്റെ ധീര പാരമ്പര്യത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സമ്പന്നമായ ഈ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഭാഗ്യവശാല്‍, ഗുരു നാനാക് ദേവ് ജിയുടെ 550 -ാമത് പ്രകാശോത്സവം, ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350 -ാമത് പ്രകാശോത്സവം, ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400 -ാമത് പ്രകാശോത്സവം എന്നിവ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ നടന്നുവെന്നും ഈ പുണ്യവേളകളില്‍ ഗുരുവിന്റെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്പന്ന പാരമ്പര്യം യുവാക്കളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം വിവരിച്ചു. സുലതന്‍പൂര്‍ ലോധിയെ പൈതൃക പട്ടണമാക്കി മാറ്റുക, കര്‍ത്താര്‍പൂര്‍ ഇടനാഴി, വിവിധ രാജ്യങ്ങളുമായുള്ള പഞ്ചാബിന്റെ വ്യോമ ബന്ധം, ഗുരുസ്ഥാനങ്ങളുമായുള്ള ബന്ധം, ആനന്ദ്പൂര്‍ സാഹിബിന്റെ വികസനം - ഫത്തേഗഡ് സാഹിബ് - ചാംകൗര്‍ സാഹിബ് - ഫിറോസ്പുര്‍ - അമൃത്സര്‍ - ഖട്കര്‍ കലന്‍ - കലാനൂര്‍ - പാട്യാല പൈതൃക സര്‍ക്യൂട്ട് സ്വദേശ് ദര്‍ശന്‍ പദ്ധതി എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോല്‍സവരാലം രാജ്യം മുഴുവന്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ അമൃത് മഹോല്‍സവ കാലത്ത് പൈതൃകവും വികസനവും മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പഞ്ചാബിന്റെ ഭൂമി എപ്പോഴും നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇന്ന് പഞ്ചാബ് എല്ലാ തലത്തിലും എല്ലാ ദിശയിലും പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്' എന്ന മനോഭാവത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ജാലിയന്‍വാലാബാഗിന്റെ ഈ നാട്, രാജ്യത്തിന്റെ അടിയന്തര ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കു തുടര്‍ച്ചയായ ഊര്‍ജ്ജം നല്‍കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
കേന്ദ്ര സാംസ്‌കാരിക മന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി, സാംസ്‌കാരിക സഹമന്ത്രിമാര്‍, ഗവര്‍ണര്‍, പഞ്ചാബ് മുഖ്യമന്ത്രി; ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍; പഞ്ചാബില്‍ നിന്നുള്ള ലോക്സഭ, രാജ്യസഭാ എംപിമാര്‍, ജാലിയന്‍ വാലാബാഗ് ദേശീയ സ്മാരക ട്രസ്റ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(Release ID: 1750051)
Visitor Counter : 269
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada