തൊഴില്‍, ഉദ്യോഗ മന്ത്രാലയം
രാജ്യവ്യാപകമായി അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ; കേന്ദ്ര ഗവണ്‍മെന്റ് ഇ-ശ്രം പോര്‍ട്ടല്‍ തുടങ്ങി
രാജ്യത്ത് അസംഘടിത തൊഴിലാളികളുടെ സമഗ്ര ദേശീയ ഡാറ്റാബേസ് (എന്‍ഡിയുഡബ്ല്യു) നിര്‍മ്മിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും
കോടിക്കണക്കിന് അസംഘടിത തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ എല്ലാവരിലും എത്തുന്നതിനു പോര്‍ട്ടല്‍ വലിയ സഹായം നല്‍കും: ശ്രീ ഭൂപേന്ദര്‍ യാദവ്
38 കോടിയിലധികം തൊഴിലാളികള്‍ ഒരു പോര്‍ട്ടലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സന്ദര്‍ഭം
തൊഴിലാളികള്‍ പണം നല്‍കേണ്ടതില്ല, രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യം
Posted On:
26 AUG 2021 6:13PM by PIB Thiruvananthpuram
കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് ഇന്ന് ഔപചാരികമായി ഇ-ശ്രം പോര്‍ട്ടലിനു തുടക്കം കുറിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി. തൊഴില്‍, പെട്രോളിയം, പ്രകൃതിവാതകകാര്യ സഹമന്ത്രി ശ്രീ രാമേശ്വര്‍ തേലി പങ്കെടുത്തു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 38 കോടി അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം യാഥാര്‍ത്ഥ്യമായി. ഇത് അവരെ രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല, കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ എത്തിക്കുന്നതിനും സഹായകമാകുമെന്ന് തൊഴില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ ക്ഷേമരാഷ്ട്രമായി കെട്ടിപ്പടുക്കുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണിതെന്ന് ശ്രീ ഭൂപേന്ദര്‍ യാദവ് ഊന്നിപ്പറഞ്ഞു. ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ അസംഘടിത തൊഴിലാളിക്കും 2.0 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. ഒരു തൊഴിലാളി ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അപകടത്തില്‍പ്പെടുകയും ചെയ്താല്‍, അയാള്‍ക്ക് മരണം സംഭവിക്കുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ കുടുംബത്തിനു 2.0 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 1.0 ലക്ഷം രൂപയും ലഭിക്കാന്‍ അര്‍ഹതയുണ്ടാകും.
അസംഘടിതരായ എല്ലാ തൊഴിലാളികളുടെയും ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്ന പോര്‍ട്ടലിന്റെ സവിശേഷതകള്‍ തൊഴില്‍, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ശ്രീ രാമേശ്വര്‍ തേലി പ്രത്യേകം വിശദീകരിച്ചു. ഈ പ്രചാരണ പരിപാടിയുടെ ഭാഗമാകാനും എല്ലാ അസംഘടിത തൊഴിലാളികളെയും ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
രണ്ട് മന്ത്രിമാരും അജ്മീര്‍, ദിബ്രുഗഡ്, ചെന്നൈ, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമായി പൊതു സേവന കേന്ദ്രങ്ങള്‍ മുഖേന സംവദിച്ചു. തങ്ങളുടെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു. യാദവും തേലിയും അപകട ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് അവരെ അറിയിക്കുകയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമൂലമുള്ള ആനുകൂല്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
പോര്‍ട്ടല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായി മാറുമെന്ന് തൊഴില്‍ മന്ത്രാലയം സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്ര പറഞ്ഞു. രാജ്യത്തെ 38 കോടിയിലധികം അസംഘടിത തൊഴിലാളികള്‍ ഒരു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണെന്നു മാത്രമല്ല, പൊതുസേവന കേന്ദ്രങ്ങളിലുള്‍പ്പെടെ ഒരിടത്തും തൊഴിലാളികള്‍ സ്വന്തം രജിസ്‌ട്രേഷനായി ഒന്നും നല്‍കേണ്ടതില്ല.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രത്യേക യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉള്ള ഇ -ശ്രം കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി എപ്പോള്‍ വേണമെങ്കിലും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുമെന്നും ശ്രീ ചന്ദ്ര അറിയിച്ചു.
ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തൊഴില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാന ങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ കമ്മീഷണര്‍മാര്‍ എന്നിവരോടൊപ്പം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ മന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങില്‍ പങ്കെടുത്തു. തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ ഫീല്‍ഡ് ഓഫീസുകളിലെയും സംസ്ഥാന ഗവണ്‍മെന്റുകളുടെ തൊഴില്‍ വകുപ്പുകളിലെയും ഇപിഎഫ്ഒ, ഇഎസ്‌ഐസി എന്നിവയുടെയും പ്രാദേശിക പ്രതിനിധികളും പങ്കെടുത്തു. അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷനില്‍ പ്രധാന പങ്ക് വഹിക്കുന്ന 4 ലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങളും പങ്കെടുത്തും.
പോര്‍ട്ടല്‍ ഉദ്ഘാടനത്തിനു മുന്നോടിയായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഒന്നാമത്തെയും രണ്ടാമത്തെയും യോഗങ്ങളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിക്കുകയും കാണിച്ചു നല്‍കുകയും ചെയ്തിരുന്നു. പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തൊഴിലാളികളെ അണിനിരത്തുന്നതിനുമുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതിനകം നല്‍കിയിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ചുകൂടിയാണ് രാജ്യമെമ്പാടുമുള്ള അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിനായി പോര്‍ട്ടല്‍ ഉടന്‍ ആരംഭിക്കാനും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനും തീരുമാനിച്ചത്.
ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്), ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി), ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എഐടിയുസി), ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സംഘ് (എച്ച്എംഎസ്), സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു), ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ (എഐയുടിയുസി), ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ (ടിയുസിസി), സ്വയംതൊഴില്‍ വനിതാ അസോസിയേഷന്‍ (സേവ), യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ (യുടിയുസി), നാഷണല്‍ ഫ്രണ്ട് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (ഡിഎച്ച്എന്‍) എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എല്ലാ നേതാക്കളും അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് ഈ നീക്കം ഒരു മാറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കി. അസംഘടിത തൊഴിലാളികളെ ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലക്ഷ്യത്തിന് ഈ തൊഴിലാളി സംഘടനകളുടെ സംസ്ഥാനങ്ങളിലെ ഘടകങ്ങളും അനുബന്ധ യൂണിയനുകളും പൂര്‍ണ പിന്തുണ നല്‍കും.
*****
.........
(Release ID: 1749382)
Visitor Counter : 3343