ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ് 19 വാക്സിന്റെ  സുരക്ഷ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അതുവഴി ഇത് ഒരു ജനമുന്നേറ്റമായി മാറ്റാനും രാജ്യത്തെ മെഡിക്കൽ സമൂഹം തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു 

Posted On: 24 AUG 2021 1:39PM by PIB Thiruvananthpuram

 

 
 
 
 
കോവിഡ് 19 വാക്സിന്റെ സുരക്ഷ, പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കേണ്ടതിന്റെ  പ്രാധാന്യം എന്നിവ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്നതിന്, ഒരു പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന് തുടക്കം കുറിക്കണം എന്ന്  ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.രാജ്യത്തെ മെഡിക്കൽ സമൂഹത്തോട്  പൊതുവായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യേകമായും  അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു.
 
ഗിവ് ഇന്ത്യ ഫൗണ്ടേഷനുമായി ചേർന്ന് കർണാടക സർക്കാരിന്റെ സസ്റ്റൈനബിൾ ഗോൾസ് കോർഡിനേഷൻ കേന്ദ്രം നടപ്പാക്കുന്ന "വാക്‌സിനേറ്റ്  ഇന്ത്യ" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
പ്രതിരോധകുത്തിവെപ്പ് സംബന്ധിച്ച് ഇപ്പോഴും സംശയമുള്ളവരുടെ ഇടയിൽ ഇത് സംബന്ധിച്ച അറിവ് നൽകുകയും അവബോധം വളർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.
 
രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തെ ഒരു ജനമുന്നേറ്റം ആയി മാറ്റാൻ ആഹ്വാനം ചെയ്ത ശ്രീ നായിഡു, തങ്ങളുടെ മണ്ഡലത്തിലെ എല്ലാ വ്യക്തികളും പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചു എന്ന് ഉറപ്പാക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
 
വാക്സിൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന മടി ഒഴിവാക്കേണ്ടതിന്റെ  ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
 
രാജ്യത്തെ നഗര കേന്ദ്രങ്ങൾ മുതൽ ഗ്രാമീണ ഉൾനാടൻ മേഖലകൾ വരെ ആരോഗ്യ അടിസ്ഥാനസൗകര്യ മേഖലയിലുള്ള വിടവുകൾ, പ്രത്യേക പരിഗണന നൽകി  നികത്തേണ്ടതിന്റെ ആവശ്യകത മഹാമാരി വെളിവാക്കിയതായും  ഉപരാഷ്ട്രപതി പറഞ്ഞു . 
 
രാജ്യത്തെ ഒറ്റപ്പെട്ട പിന്നാക്ക മേഖലകളിൽ ഇതിനു  പ്രത്യേക പരിഗണന നൽകേണ്ടതിന്റെ  ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കവേ, രാജ്യത്തെ ആരോഗ്യ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് വലിയ കുതിപ്പ് സമ്മാനിക്കുവാൻ ഭരണകൂടത്തോട് ഒപ്പം കൈകോർക്കാൻ അദ്ദേഹം സ്വകാര്യ മേഖലയോട്  ആവശ്യപ്പെട്ടു.   
 
 
 
 
 
 


(Release ID: 1748798) Visitor Counter : 160