ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഗ്രീൻ ഹൈഡ്രജനിൽ ഇന്ത്യയുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു

Posted On: 17 AUG 2021 4:04PM by PIB Thiruvananthpuram

 




ന്യൂഡൽഹി , ആഗസ്റ്റ് 17, 2021

2021 മാർച്ച് വരെയുള്ള കാലയളവിൽ  കാര്യക്ഷമമല്ലാത്ത 16369 മെഗാവാട്ട് താപനിലയങ്ങൾ  ഇന്ത്യ നിർത്തലാക്കി. ഇന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ശ്രീ ആർ കെ സിംഗ്, COP26 അധ്യക്ഷൻ അലോക് ശർമ്മയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൽക്കരി വൈദ്യുത നിലയങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്ന വിഷയം COP26 അധ്യക്ഷൻ  യോഗത്തിൽ ഉന്നയിച്ചു. കേന്ദ്ര സെക്രട്ടറി (ഊർജ്ജം), സെക്രട്ടറി (MNRE), ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഗ്രീൻ ഹൈഡ്രജനിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള ബ്രിട്ടന്റെ  സന്നദ്ധത ശ്രീ അലോക് ശർമ്മ അറിയിച്ചു.പാരീസ് ഉടമ്പടി പ്രകാരം കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള 100 ബില്യൺ ഡോളർ ധനസഹായത്തിനുള്ള നിർദേശം യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒരു ഹരിത ഊർജ്ജ ലോക ബാങ്ക് (World bank for Green Energy) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഇരുപക്ഷവും സന്നദ്ധത വ്യക്തമാക്കി. COP26 വിജയകരമായി സംഘടിപ്പിക്കുന്നതിന് ബ്രിട്ടൻ ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിച്ചു.

ഓഫ്‌ഷോർ വിൻഡ് പദ്ധതികളിൽ (ജലാശയങ്ങളിൽ സ്ഥാപിക്കുന്ന കാറ്റാടിപ്പാടങ്ങൾ) ബ്രിട്ടനുമായി സഹകരിക്കാനുള്ള  ഇന്ത്യയുടെ താൽപര്യം ശ്രീ ആർകെ സിംഗ് അറിയിച്ചു. സംഭരണ ചെലവ് കുറയ്ക്കുന്നതിന് വികസിത രാജ്യങ്ങളും  വികസ്വര രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാരീസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് (Nationally Determined Contributions- NDCs) അനുസൃതമായി പ്രവർത്തിക്കുന്ന ഏക G20 രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പ്രതിനിധികളെ അറിയിച്ചു.

2030 ആകുമ്പോഴേക്കും 450 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയെന്ന ഇന്ത്യയുടെ മഹത്തായ ലക്ഷ്യം കണക്കിലെടുത്ത് സംഭരണ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നു.

 
 
IE/SKY

(Release ID: 1746713) Visitor Counter : 252