പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


വാഹനങ്ങളുടെ പൊളിക്കല്‍ നയത്തിന് സമാരംഭം കുറിച്ചു


പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളപ്പോള്‍ തന്നെ ഒരു പ്രായോഗിക സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും എല്ലാ പങ്കാളികള്‍ക്കും മൂല്യം വളര്‍ത്തിയെടുക്കുകയുമാണ്ഗവണ്മെന്റിന്റെ ലക്ഷ്യം : പ്രധാനമന്ത്രി


അയോഗ്യമായ വാഹനങ്ങളെ ശാസ്ത്രീയമായ രീതിയില്‍ റോഡുകളില്‍ നിന്ന് മാറ്റികൊണ്ട് രാജ്യത്തെ വാഹനങ്ങളുടെ എണ്ണത്തില്‍ ആധുനികവല്‍ക്കരണത്തിന്റെ വാഹനങ്ങള്‍ പൊളിക്കല്‍ നയം വലിയ പങ്ക് വഹിക്കും :പ്രധാനമന്ത്രി


ശുദ്ധവും തിരക്കുരഹിതവും സൗകര്യപ്രദവുമായ ചലനാത്മകതയും എന്ന ലക്ഷ്യമാണ് 21 -ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കാലഘട്ടത്തിന്റെ ആവശ്യം : പ്രധാനമന്ത്രി


ഈ നയം പതിനായിരം കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരികയും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി


പാഴ്‌വസ്തുക്കളില്‍ നിന്ന് സമ്പത്ത് എന്ന സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന കണ്ണിയാണ് പുതിയ സ്‌ക്രാപ്പിംഗ് നയം: പ്രധാനമന്ത്രി


പഴയ വാഹനത്തിന്റെ സ്‌ക്രാപ്പിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ള ആളുകള്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനായി പണമൊന്നും നല്‍കേണ്ടതില്ല, റോഡ് നികുതിയിലും ചില ഇളവുകള്‍: പ്രധാനമന്ത്രി


ഓട്ടോ നിര്‍മ്മാണത്തിന്റെ മൂല്യശൃംഖലയുമായി ബന്ധപ്പെട്ട് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമമാണ് ഇത്: പ്രധാനമന്ത്രി


എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനം, ഇലക്ര്ടിക് മൊബിലിറ്റി, ആര്‍ ആന്റ് ഡി (ഗവേഷണ വികസനം), പശ്ചാത്തലസൗകര്യം എന്നിവയില്‍ സജീവ വ്യവസായ പങ്കാളിത്തം ആവശ്യമാണ്: പ്രധാനമന്ത്രി


Posted On: 13 AUG 2021 12:34PM by PIB Thiruvananthpuram

ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വോളണ്ടറി വെഹിക്കിള്‍-ഫ്്‌ളീറ്റ് മോഡേണൈസേഷന്‍ പ്രോഗ്രാം അല്ലെങ്കില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിക്ക് കീഴില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്ന തിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്‌ക്രാപ്പിംഗ് ഹബ് വികസിപ്പിക്കുന്നതിന് അലങ്കിലെ കപ്പല്‍ പൊളിക്കല്‍ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിച്ച വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി. വാഹന സ്‌ക്രാപ്പിംഗ് പശ്ചാത്തല സൗകര്യം സ്ഥാപിക്കുന്നതിനായി ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടി സാദ്ധ്യതകളുടെ പുതിയ ശ്രേണികള്‍ തുറക്കുന്നതാണ്. അയോഗ്യമായതും മലീനമാക്കുന്നതുമായ വാഹനങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് സഹായിക്കും. ''പാരിസ്ഥിതികഉത്തരവാദിത്തമുണ്ടായിരിക്കെ തന്നെ , എല്ലാ ഓഹരിയുടമകള്‍ക്കും മൂല്യവത്തായ ഒരു സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥ   (വ്യാപാരം സമൂഹം പരിസ്ഥിതി എന്നിവയ്ക്ക് ഒരുപോലെ ഗുണകരമാകുന്ന സമ്പദ്‌വ്യവസ്ഥ)  സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'', പരിപാടിക്ക് മുമ്പ് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈ നയം നവ ഇന്ത്യയിലെ ഓട്ടോ മേഖലയ്ക്കും ചലനാത്മകതയ്ക്കും ഒരു പുതിയ സവിശേഷത നല്‍കുമെന്ന് ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് പോളിസിക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യോഗ്യമല്ലാത്ത വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ശാസ്ത്രീമായ രീതിയില്‍ നീക്കം ചെയ്തുകൊണ്ട് രാജ്യത്തിലെ വാഹനങ്ങളുടെ എണ്ണത്തെ ആധുനിക വല്‍ക്കരിക്കുന്നതിന് ഈ നയം വലിയ പങ്കുവഹിക്കും. ചലനാത്മകതയിലെ ആധുനികത, യാത്രയുടെയും ഗതാഗതത്തി ന്റെയും ഭാരം കുറയ്ക്കുക മാത്രമല്ല, സാമ്പത്തിക വികസനത്തിന് സഹായക മാകുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൃത്തിയും തിരക്കില്ലാത്തതും സൗകര്യപ്രദവുമായ ചലനാത്മകതയായിരിക്കണമെന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ലക്ഷ്യം കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഈ പുതിയ സ്‌ക്രാപ്പിംഗ് നയം സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥയുടെയും പാഴ്‌വസ്തുക്ക ളില്‍ നിന്ന് സമ്പത്ത് എന്ന സംഘടിത പ്രവര്‍ത്തനത്തിന്റേയും ഒരു സുപ്രധാന കണ്ണിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നഗരങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിവേഗ വികസനത്തിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ഈ ഈ നയത്തില്‍ പ്രതിഫലിക്കുന്നത്. പുനരുപയോഗം, പുനര്‍ചാക്രീകരണം, വീണ്ടെടുക്കല്‍ എന്നീ തത്വം പിന്തുടരുന്ന ഈ നയം ഓട്ടോ മേഖലയിലും ലോഹ (മെറ്റല്‍) മേഖലയിലും രാജ്യത്തിന്റെ സ്വാശ്രയത്വത്തെ പ്രോത്സാഹിപ്പിക്കും. ഈ നയം പതിനായിരം കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരികയും ആയിരക്കണ ക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുകയാണ്, അടുത്ത 25 വര്‍ഷം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വ്യാപാരത്തിന്റെ പ്രവര്‍ത്തന രീതിയിലും ദൈനംദിന ജീവിതത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റത്തിനിടയില്‍, നമ്മുടെ പരിസ്ഥിതിയെയും ഭൂമിയെയും വിഭവങ്ങളെയും അസംസ്‌കൃത വസ്തുക്കളെയും സംരക്ഷിക്കേണ്ടതിനും തുല്യപ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ നമുക്ക് നൂതനാശയത്തിലും സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാല്‍ ഭൂമി മാതാവില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സമ്പത്ത് നമ്മുടെ കൈയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്, ഒരു വശത്ത് ഇന്ത്യ ആഴക്കടല്‍ സമുദ്ര ദൗത്യത്തിലൂടെ (ഡീപ്‌ ഓഷ്യന്‍ മിഷന്‍) പുതിയ സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ മറുവശത്ത് ഒരു സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജ മേഖലയില്‍ മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുമുള്ള ഊര്‍ജ്ജം എന്നിവയില്‍ ഇന്ത്യ റാങ്കിംഗില്‍ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ പ്രവേശിച്ചു. ഈ പാഴ്‌വസ്തുക്കളില്‍ നിന്ന് സമ്പത്തിലേക്ക് എന്ന സംഘടിതപ്രവര്‍ത്തനം സ്വച്ഛതയും ആത്മനിര്‍ഭരതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഈ നയത്തിലൂടെ എല്ലാതരത്തിലും പൊതുജനങ്ങള്‍ക്ക് വളരെയധികം ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ വാഹനം പൊളിക്കുമ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും അതാണ് ഒന്നാമത്തെ നേട്ടം. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഒരാള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനായി പണമൊന്നും നല്‍കേണ്ടതുമില്ല. ഇതോടൊപ്പം, റോഡ് നികുതിയിലും അദ്ദേഹത്തിന് ചില ഇളവുകളും നല്‍കും. പഴയ വാഹനങ്ങളുടെ പരിപാലന ചെലവ്, അറ്റകുറ്റ പ്പണികള്‍, ഇന്ധനക്ഷമത എന്നിവയും ഇതിലൂടെ സംരക്ഷിക്കപ്പെടും എന്നതാണ് രണ്ടാമത്തെ നേട്ടം. മൂന്നാമത്തെ പ്രയോജനം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടി രിക്കുന്നതാണ്. പഴയ വാഹനങ്ങളും പഴയ സാങ്കേതികവിദ്യയും കാരണമുള്ള വലിയ അപകടസാദ്ധ്യതയുള്ള റോഡപകടങ്ങളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. നാലാമതായി, അത് നമ്മുടെ ആരോഗ്യത്തില്‍ മലിനീകരണത്തിന്റെ ദോഷകരമായ പ്രഭാവം കുറയ്ക്കും.

പുതിയ നയപ്രകാരം വാഹനങ്ങളെ അതിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പൊളിക്കില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അംഗീകൃത, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി വാഹനങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കും. യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിക്കും. രാജ്യത്തിലുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങള്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും സുതാര്യവുമാണെന്ന് ഇത് ഉറപ്പാക്കും.
ഈ പുതിയ നയം സ്‌ക്രാപ്പുമായി ബന്ധപ്പെട്ട മേഖലയ്ക്ക് പുതിയ ഊര്‍ജ്ജവും സുരക്ഷിതത്വവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ലഭിക്കും കൂടാതെ മറ്റ് സംഘടിത മേഖലകളിലെ ജീവനക്കാരെ പോലെയുള്ള ആനുകൂല്യങ്ങളും കിട്ടും. അംഗീകൃത സ്‌ക്രാപ്പിംഗ് സെന്ററുകളുടെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയും. നമ്മുടെ സ്‌ക്രാപ്പിംഗ് ഉല്‍പ്പാദനക്ഷമമല്ലാത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപയുടെ സ്‌ക്രാപ്പ് സ്റ്റീല്‍ ഇറക്കുമതി ചെയ്യേണ്ടിവരികയും നമുക്ക് ഊര്‍ജ്ജവും അപൂര്‍വ്വമായ ഭൗമ ലോഹങ്ങൾ  തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പരിവേദനപ്പെട്ടു.

ആത്മനിര്‍ഭര്‍ ഭാരത് പ്രക്രിയ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ വ്യവസായത്തെ സുസ്ഥിരവും ഉല്‍പാദനക്ഷമവുമാക്കുന്നതിന് തുടര്‍ച്ചയായ നടപടികള്‍ സ്വീകരി ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓട്ടോ നിര്‍മ്മാണ മൂല്യശൃംഖലയുമായി ബന്ധപ്പെട്ട് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനം അല്ലെങ്കില്‍ ഇലക്ട്രിക്‌ ചലനാത്മകത (മൊബിലിറ്റി) എന്നിവയായിക്കോട്ടെ, ഗവണ്‍മെന്റിന്റെ ഈ മുന്‍ഗണനകളില്‍ വ്യവസായ ത്തിന്റെ സജീവ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണ വികസനം (ആര്‍ ആന്റ് ഡി) മുതല്‍ പശ്ചാത്തലസൗകര്യം വരെ, വ്യവസായം അതിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തേക്ക് ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഇതിന് നിങ്ങള്‍ക്ക് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇന്ന്, രാജ്യം ശുദ്ധവും തിരക്ക്‌ രഹിതവും സൗകര്യപ്രദവുമായ ചലനാത്മകത യിലേക്ക് (മൊബിലിറ്റി) നീങ്ങുമ്പോള്‍, പഴയ സമീപനവും രീതികളും മാറ്റേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യ അതിന്റെ പൗരന്മാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ ചിന്തയാണ് ബിഎസ് -4 ല്‍ നിന്ന് ബി.എസ് 6 ലേക്കുള്ള മാറ്റത്തിന് പിന്നിലെന്നും ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

*****


(Release ID: 1745435) Visitor Counter : 273