പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രിഓഗസ്റ്റ് 5 ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിവസമായി മാറുന്നു; 370 റദ്ദാക്കലും രാമക്ഷേത്രവും ഈ ദിവസവുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി


ദേശീയ കായികവിനോദമായ ഹോക്കിയുടെ മാഹാത്മ്യം പുനഃസ്ഥാപിക്കാന്‍ നമ്മുടെ യുവാക്കള്‍ വലിയ ചുവടുവയ്പ് നടത്തി: പ്രധാനമന്ത്രി


നമ്മുടെ യുവാക്കള്‍ വിജയ ലക്ഷ്യം നേടുന്നു; അതേസമയം, ചിലര്‍ രാഷ്ട്രീയ സ്വാര്‍ത്ഥതയാല്‍ സെല്‍ഫ് ഗോളടിക്കുന്നു: പ്രധാനമന്ത്രി


ഇന്ത്യയും തങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുകയാണെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് ഉത്തമ ബോധ്യമുണ്ട്: പ്രധാനമന്ത്രി


സ്വാര്‍ത്ഥവും ദേശവിരുദ്ധവുമായ രാഷ്ട്രീയത്തിന് ഈ മഹത് രാജ്യം കീഴ്‌പ്പെടില്ല: പ്രധാനമന്ത്രി


പാവപ്പെട്ടവര്‍, അധഃസ്ഥിതര്‍, പിന്നോക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്കായുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി


ഉത്തര്‍പ്രദേശ് എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണപ്പെട്ടത്. ഇന്ത്യയുടെ വളര്‍ച്ചയന്ത്രത്തിന്റെ ശക്തികേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുമെന്ന ആത്മവിശ്വാസം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നു: പ്രധാനമന്ത്രി


കഴിഞ്ഞ 7 ദശകങ്ങളിലായി ഉത്തര്‍പ്രദേശിനു വന്ന കുറവുകള്‍ നികത്താനുള്ളതാണ് ഈ ദശകം: പ്രധാനമന്ത്രി

Posted On: 05 AUG 2021 3:28PM by PIB Thiruvananthpuram

ഉത്തര്‍ പ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 5 ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ള ദിവസമായി മാറിയെന്ന് പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ്, ഓഗസ്റ്റ് അഞ്ചിനാണ്, 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ സത്തയ്ക്കു കരുത്തുപകരുന്നതിനായി, അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിലെ എല്ലാ പൗരന്മാര്‍ക്കും എല്ലാ അവകാശങ്ങളും സൗകര്യങ്ങളും രാജ്യം ലഭ്യമാക്കിയത്. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കാര്‍ മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആദ്യപടി ഓഗസ്റ്റ് അഞ്ചിനു സ്വീകരിച്ചതായും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അയോധ്യയില്‍ ഇന്ന് അതിവേഗത്തിലാണ് രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നത്.

ഈ ദിവസത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച്, ഒളിമ്പിക് മൈതാനത്ത് നമ്മുടെ യുവാക്കള്‍ ഹോക്കിയില്‍ രാജ്യത്തിന്റെ പ്രതാപം തിരിച്ചുപിടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പുത്തനൂര്‍ജം കൈവന്ന യുവാക്കളുടെ ഉത്സാഹത്തെയും ആവേശത്തെയും കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഒരു വശത്ത് നമ്മുടെ രാജ്യം, നമ്മുടെ യുവാക്കള്‍ ഇന്ത്യക്കായി പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നു. അവര്‍ വിജയലക്ഷ്യങ്ങള്‍ നേടുന്നു. അതേസമയം രാജ്യത്ത് രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കായി സെല്‍ഫ് ഗോളുകളടിക്കുന്ന ചിലരുണ്ടെന്നും പ്രധാനമന്ത്രി  പറഞ്ഞു. രാജ്യത്തിന് എന്താണ് വേണ്ടത്, രാജ്യം എന്താണ് നേടുന്നത്, രാജ്യം എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതില്‍ അവര്‍ക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മഹത്തായ രാജ്യത്തിന് അത്തരം സ്വാര്‍ത്ഥവും ദേശവിരുദ്ധവുമായ രാഷ്ട്രീയത്തിനു കീഴ്‌പ്പെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനം തടയാന്‍ ഇത്തരക്കാര്‍ എത്ര ശ്രമിച്ചാലും, ഈ രാജ്യത്തിനു തടയിടാന്‍ അവര്‍ക്കു കഴിയില്ല. രാജ്യം എല്ലാ മേഖലകളിലും അതിവേഗം മുന്നേറുകയാണ്; എല്ലാ പ്രയാസങ്ങളെയും വെല്ലുവിളിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

ഈ പുതുചൈതന്യത്തെ വരച്ചുകാട്ടുന്നതിന്, സമീപകാലത്ത് ഇന്ത്യക്കാര്‍ നേടിയ നിരവധി റെക്കോര്‍ഡുകളും നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ഒളിമ്പിക്‌സിന് പുറമേ, വരാനിരിക്കുന്ന 50 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലിനെക്കുറിച്ചും, ജൂലൈ മാസത്തെ 1,16,000 കോടി രൂപയുടെ റെക്കോര്‍ഡ് ജിഎസ്ടി സമാഹരണത്തെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. രണ്ടര   ലക്ഷം കോടി രൂപയുടെ പ്രതിമാസ കാര്‍ഷിക കയറ്റുമതി മുമ്പെങ്ങുമില്ലാത്തവിധമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. ഇത് ഇന്ത്യക്ക് കാര്‍ഷിക-കയറ്റുമതി രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇടം നല്‍കി. തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പരീക്ഷണം, ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കല്‍, ഇ-റുപ്പിയുടെ തുടക്കം എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

സ്വന്തം പദവിയുടെ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചുവിഷമിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയെ തടയാനാകില്ലെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പദവികളാലല്ല,  മെഡലുകള്‍ കൊണ്ടാണ് പുതിയ ഇന്ത്യ ലോകത്തെ ഭരിക്കുന്നത്. നവഇന്ത്യയില്‍ മുന്നോട്ടുപോകാനുള്ള പാത കുടുംബനാമത്താലല്ല, കഠിനാധ്വാനം കൊണ്ടാണു നിര്‍ണ്ണയിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും തങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുകയാണെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് ഉത്തമ ബോധ്യമുണ്ട്.

മഹാമാരിയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, മുമ്പ് രാജ്യത്ത് ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായപ്പോള്‍, രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നു പറഞ്ഞു. എന്നാല്‍, ഇന്ന് ഇന്ത്യയില്‍, എല്ലാ പൗരന്മാരും ഈ മഹാമാരിയോട് മുഴുവന്‍ കരുത്തുമെടുത്തു പോരാടുകയാണ്. നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന ഇത്തരം പ്രതിസന്ധി നേരിടാനുള്ള പ്രയത്‌നങ്ങ ളെക്കുറിച്ചും പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ പ്രതിരോധ കുത്തിവയ്പ് പരിപാടി, ദുര്‍ബല വിഭാഗങ്ങള്‍ക്കായി പട്ടിണിക്കെതിരായ പോരാട്ടം തുടങ്ങിയവയ്ക്കായി ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഇന്ത്യ വിജയകരമായി മുന്നേറുകയാണ്. മഹാമാരി ക്കിടയിലും അടിസ്ഥാനസൗകര്യവികസന പരിപാടികള്‍ നിര്‍ത്തലാക്കിയില്ലെന്ന് ഉത്തര്‍പ്രദേശിലെ ദേശീയപാത, എക്‌സ്പ്രസ് വേ പദ്ധതികള്‍, സമര്‍പ്പിത ചരക്ക് ഇടനാഴി, പ്രതിരോധ ഇടനാഴി എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി വ്യക്തമാക്കി. 

ദരിദ്രര്‍, അധഃസ്ഥിതര്‍, പിന്നോക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ അതിവേഗം നടപ്പാക്കുമെന്ന് ഇരട്ട എന്‍ജിനുള്ള ഗവണ്‍മെന്റ് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം സ്വനിധി യോജന ഇതിനൊരു മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്ത് സ്ഥിതിഗതികള്‍ സുഗമമാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഫലപ്രദമായ നയം ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിച്ചു നിര്‍ത്തി; കര്‍ഷകര്‍ക്ക് വിത്തുകളുടെയും വളങ്ങളുടെയും വിതരണം തുടരാനായി ഉചിതമായ നടപടികള്‍ സ്വീകരിച്ചു; ഇതിന്റെയൊക്കെ ഫലമായി കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് നടത്തിയത്. കുറഞ്ഞ താങ്ങുവില (എംഎസ്പി) പ്രകാരം ഗവണ്‍മെന്റ് റെക്കോര്‍ഡ് സംഭരണം നടത്തി. ഉത്തര്‍പ്രദേശില്‍ എംഎസ്പി സംഭരണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം എംഎസ്പി ആനുകൂല്യം പ്രയോജനപ്പെടുത്തിയ കര്‍ഷകരുടെ എണ്ണം ഇരട്ടിയായി. ഉത്തര്‍പ്രദേശില്‍, 13 ലക്ഷം കര്‍ഷക കുടുംബങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിലയായി 24,000 കോടിയിലധികം രൂപ നേരിട്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഉത്തര്‍പ്രദേശില്‍ 17 ലക്ഷം കുടുംബങ്ങള്‍ക്ക് വീടുകളും ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുചിമുറികളും സൗജന്യമായി പാചകവാതകവും ലക്ഷക്കണക്കിന് വൈദ്യുതി കണക്ഷനുകളും ലഭ്യമാക്കി. സംസ്ഥാനത്ത് 27 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദശകങ്ങളില്‍ ഉത്തര്‍പ്രദേശിനെ രാഷ്ട്രീയക്കണ്ണോടെയാണ് കണ്ടിരുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തില്‍ ഉത്തര്‍പ്രദേശിന് എങ്ങനെ മികച്ച പങ്ക് വഹിക്കാനാകുമെന്ന് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ സാധ്യതകളെ നോക്കിക്കാണുന്ന രീതിക്ക് ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് മാറ്റം വരുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളര്‍ച്ചായന്ത്രത്തിന്റെ ശക്തികേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുമെന്ന ആത്മവിശ്വാസം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 7 ദശകങ്ങളിലായി ഉത്തര്‍പ്രദേശിനു വന്ന കുറവുകള്‍ നികത്താനുള്ളതാണ് ഈ ദശകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ യുവാക്കള്‍, പെണ്‍കുട്ടികള്‍, പാവപ്പെട്ടവര്‍, അധഃസ്ഥിതര്‍, പിന്നാക്കക്കാര്‍ എന്നിവരുടെ പിന്തുണയോടെയല്ലാതെ, അവര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കാതെ ഈ പ്രയത്‌നം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

*******(Release ID: 1742889) Visitor Counter : 214