പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ചെയ്ത പ്രസംഗം

Posted On: 29 JUL 2021 6:53PM by PIB Thiruvananthpuram

 നമസ്‌കാരം! എന്റെ മന്ത്രിസഭയിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും ബഹുമാനപ്പെട്ട സംസ്ഥാന ഗവര്‍ണര്‍മാരും ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സംസ്ഥാന ഗവണ്‍മെന്റുകളില മന്ത്രിമാരും അക്കാദമിഷ്യന്‍മാരും അധ്യാപകരും രക്ഷിതാക്കളും എന്റെ പ്രിയപ്പെട്ട യുവ സഹപ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു!

 പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം അഭിനന്ദനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, രാജ്യത്തെ എല്ലാ മഹദ്‌വ്യക്തികളും അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരും നയരൂപീകരണ കര്‍ത്താക്കളും ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുത്താന്‍ വളരെ പരിശ്രമിച്ചു. കൊറോണയുടെ ഈ കാലഘട്ടത്തിലും ദശലക്ഷക്കണക്കിന് പൗരന്മാര്‍, അധ്യാപകര്‍, സംസ്ഥാനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഒരു ദൗത്യസംഘം രൂപീകരിച്ച് പുതിയ വിദ്യാഭ്യാസ നയം ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇന്ന് എനിക്ക് നിരവധി പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാനുള്ള പദവി ലഭിച്ചിരിക്കുകയുമാണ്.

 സുഹൃത്തുക്കളേ,

 സ്വാതന്ത്ര്യത്തിന് 75 വര്‍ഷം തികയുന്നതിന്റെ അമൃതമഹോത്സവം രാജ്യം ആഘോഷിക്കുന്ന സമയത്താണ് ഈ സുപ്രധാന അവസരം വന്നിരിക്കുന്നത്.  ഏതാനും ദിവസങ്ങള്‍ക്കകം, ആഗസ്റ്റ് 15 ന്, നാം സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഒരു വിധത്തില്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.  അത്തരമൊരു മഹോത്സവത്തിനിടയില്‍, 'ദേശീയ വിദ്യാഭ്യാസ നയം' അടിസ്ഥാനമാക്കി ഇന്ന് ആരംഭിച്ച പദ്ധതികള്‍ 'ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍' വലിയ പങ്കുവഹിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന ആ ഭാവിയിലേക്ക് പുതിയ തലമുറ നമ്മെ കൊണ്ടുപോകും. ഭാവിയില്‍ നമ്മള്‍ എത്രത്തോളം മുന്നോട്ട് പോകും, എത്രത്തോളം വിജയം കൈവരിക്കും എന്നത് ഇന്നത്തെ യുവാക്കള്‍ക്ക് നമ്മള്‍ നല്‍കുന്ന ദിശയും വിദ്യാഭ്യാസവും അനുസരിച്ചായിരിക്കും. ഇന്ത്യയുടെ പുതിയ 'ദേശീയ വിദ്യാഭ്യാസ നയം' രാഷ്ട്രനിര്‍മ്മാണത്തിന്റെ 'മഹായജ്ഞ'ത്തിലെ ഒരു പ്രധാന ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.  അതിനാലാണ് രാജ്യം ആധുനികവും ഭാവിയിലേക്കുള്ളതുമായ ഈ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. ഇന്ന്, ഈ പരിപാടിയുമായി ബന്ധപ്പെട്ട മിക്ക പ്രമുഖര്‍ക്കും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സൂക്ഷ്മതകള്‍ പരിചിതമാണ്. എന്നാല്‍ ഈ ദൗത്യത്തിന്റെ പ്രാധാന്യം നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

 സുഹൃത്തുക്കളേ,

 രാജ്യമെമ്പാടുമുള്ള നമ്മുടെ നിരവധി യുവ വിദ്യാര്‍ത്ഥികളും ഈ പരിപാടിയില്‍ നമ്മോടൊപ്പമുണ്ട്. അവരുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് നാം അവരോട് ചോദിച്ചാല്‍, ഓരോ ചെറുപ്പക്കാരുടെയും മനസ്സില്‍ ഒരു നവോന്മോഷവും ഊര്‍ജ്ജവും ഉണ്ടെന്ന് കണ്ടെത്താനാകും. നമ്മുടെ യുവത്വം മാറ്റത്തിന് പൂര്‍ണ്ണമായും തയ്യാറാണ്. അവര്‍ കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കൊറോണക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണ് ഇത്ര വലിയ വെല്ലുവിളി നേരിട്ടതെന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. വിദ്യാര്‍ത്ഥികളുടെ ജീവിതരീതി മാറി. എന്നാല്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഈ മാറ്റം അതിവേഗം സ്വീകരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോള്‍ ഒരു സാധാരണ പ്രവണതയായി മാറുകയാണ്.  വിദ്യാഭ്യാസ മന്ത്രാലയവും ഇക്കാര്യത്തില്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.  മന്ത്രാലയം ദിക്ഷാ (DIKSHA) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പോര്‍ട്ടലില്‍ തന്നെ കോഴ്‌സുകള്‍ ആരംഭിച്ചു, നമ്മുടെ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തോടെ അതിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ദിക്ഷാ പോര്‍ട്ടലില്‍ ഉണ്ടായ 23 കോടിയിലധികം സന്ദര്‍ശകര്‍ ഈ ഇടപെടലിന്റെ പ്രയോജനം പ്രതിഫലിപ്പിക്കുന്നു. ഇന്നും, പ്രതിദിനം 50 ദശലക്ഷത്തോളം സന്ദര്‍ശകരാണ് അതിനുള്ളത്.

 സുഹൃത്തുക്കളേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജന്ങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഒരു സ്ഥിതി വികസിപ്പിക്കാനും സ്വന്തം ലോകം രൂപപ്പെടുത്താനും ആഗ്രഹമുണ്ട്. അതിനാല്‍, അവര്‍ക്ക് സ്വയം വെളിപ്പെടല്‍ ആവശ്യമാണ്; അവര്‍ക്കു പഴയ ചങ്ങലകളില്‍ നിന്നും തടവറകളില്‍ നിന്നും സ്വാതന്ത്ര്യം വേണം.  ഇന്ന് ചെറിയ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ അത്ഭുതങ്ങള്‍ ചെയ്യുകയാണ്. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ഈ യുവാക്കളും സാധാരണ കുടുംബങ്ങളും ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് ഒരു പേര് ഉണ്ടാക്കിക്കൊണ്ട് ഇന്ത്യയ്ക്ക് ഒരു പുതിയ സ്വത്വം നല്‍കുന്നു.  അത്തരം ദശലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ന് വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ ജോലി ചെയ്യുകയും അസാധാരണമായ ലക്ഷ്യങ്ങള്‍ക്ക് അടിത്തറയിടുകയുമാണ്. ചിലര്‍ പഴയതും ആധുനികവുമായ സമന്വയത്തില്‍ നിന്ന് കലാ-സാംസ്‌കാരിക മേഖലയില്‍ പുതിയ ശാഖകള്‍ സൃഷ്ടിക്കുന്നു. മറ്റുള്ളവര്‍ റോബോട്ടിക്‌സ് മേഖലയില്‍ ഒരിക്കല്‍ സയന്‍സ് ഫിക്ഷന്‍ ഫാന്റസികളായി പരിഗണിച്ച കാര്യങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നു. ചിലര്‍ നിര്‍മിത ബുദ്ധി മേഖലയില്‍ മനുഷ്യ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നു, മറ്റുള്ളവര്‍ യന്ത്രങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പുതിയ നാഴികക്കല്ലുകള്‍ക്കായി തയ്യാറെടുക്കുന്നു. അതായത്, ഇന്ത്യയിലെ യുവജനങ്ങള്‍ എല്ലാ മേഖലകളിലും ഉന്നതസ്ഥാനം നേടുന്നു. ഈ യുവാക്കളാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതികളില്‍ വിപ്ലവം സൃഷ്ടിക്കുന്നത്. വ്യവസായം 4.0 ല്‍ ഇന്ത്യയുടെ നേതൃത്വത്തെ രൂപപ്പെടുത്തുകയും ഡിജിറ്റല്‍ ഇന്ത്യയെ ഒരു പുതിയ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.  ഈ യുവതലമുറയ്ക്ക് അവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള സാഹചര്യം ലഭിക്കുമ്പോള്‍ അവരുടെ വളര്‍ച്ച എങ്ങനെയായിരിക്കും എന്നു സങ്കല്‍പ്പിച്ചു നോക്കുക. രാജ്യം ഇപ്പോള്‍ അവരോടും അവരുടെ ഹൃദയാഭിലാഷങ്ങളോടും ഒപ്പം നില്‍ക്കുന്നതായി പുതിയ 'ദേശീയ വിദ്യാഭ്യാസ നയം' യുവാക്കള്‍ക്ക് ഉറപ്പുനല്‍കുന്നു, ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നിര്‍മിത ബുദ്ധി പരിപാടി നമ്മുടെ യുവാക്കളെ ഭാവി നിര്‍ണയിക്കുകയും നിര്‍മിതബുദ്ധി അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് വഴി തുറക്കുകയും ചെയ്യും. ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെയുള്ള എല്ലാവരും വിദ്യാഭ്യാസത്തിലെ ഈ ഡിജിറ്റല്‍ വിപ്ലവത്തില്‍ പങ്കുചേരുന്നുവെന്ന് ഉറപ്പുവരുത്താനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.  നാഷണല്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ ആര്‍ക്കിടെക്ചറും (എന്‍ഡിഇഎആര്‍) നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറവും (എന്‍ഇടിഎഫ്) രാജ്യത്തുടനീളം ഡിജിറ്റല്‍, സാങ്കേതിക ചട്ടക്കൂട് നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും. രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം യുവാക്കള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കും.

 സുഹൃത്തുക്കളേ,

 കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ദേശീയ വിദ്യാഭ്യാസ നയം ഏതു തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചതായി നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം. നയ തലത്തിലുള്ള തുറന്ന മനസ്സും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ തെരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യത്തില്‍ ഉണ്ട്. ഇപ്പോള്‍ എത്ര ബോര്‍ഡുകളും സര്‍വകലാശാലകളും വിദ്യാര്‍ത്ഥികള്‍ക്ക് എത്ര സമയം പഠിക്കണമെന്ന് തീരുമാനിക്കുന്നില്ല. ഈ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും. ഒന്നിലധികം പ്രവേശന, വിടുതല്‍് സാധ്യതകളുടെ സംവിധാനം ഒരേ ക്ലാസിലും ഒരേ കോഴ്‌സിലും കുടുങ്ങിക്കിടക്കുന്നതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു.  ആധുനിക സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്' ഈ ദിശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ പോകുന്നു.  ഇപ്പോള്‍ എല്ലാ യുവാക്കള്‍ക്കും അവന്റെ/അവളുടെ സൗകര്യാര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും ഒരു സ്ട്രീം തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ കഴിയും. ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ തീരുമാനം തെറ്റാണെങ്കില്‍ അവര്‍ക്ക് ഭയമില്ല. അതുപോലെ, വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിനുള്ള ഒരു ശാസ്ത്രീയ സംവിധാനവും 'പഠന വിശകലനത്തിനുള്ള ഘടനാപരമായ വിലയിരുത്തല്‍' (സഫല്‍- SAFAL) വഴി ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം ഭാവിയില്‍ പരീക്ഷാ ഭയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കും. ഈ ഭയം ഇല്ലാതാകുമ്പോള്‍, അവര്‍ക്ക് പുതിയ കഴിവുകള്‍ ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടാകും. പുതിയ കണ്ടുപിടിത്തങ്ങളുടെ ഒരു പുതിയ യുഗം ആരംഭിക്കുകയും സാധ്യതകള്‍ അനന്തമായി വികസിക്കുകയും ചെയ്യും.  അതിനാല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഇന്ന് ആരംഭിച്ച ഈ പുതിയ പരിപാടികള്‍ക്ക് ഇന്ത്യയുടെ വിധി മാറ്റാന്‍ ശേഷിയുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

 സുഹൃത്തുക്കളേ,

ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകേണ്ടിവന്ന സാഹചര്യത്തിന്  ദശാബ്ദങ്ങളായി നാം സാക്ഷിയാണ്. മികച്ച പഠനത്തിനായി വിദേശത്ത് നിന്നുള്ള മികച്ച സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും ഇന്ത്യയിലേക്ക് വരുന്നത് വളരെ വേഗം കാണാനാകും. രാജ്യത്തെ 150 ലധികം സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര കാര്യങ്ങളുടെ ഓഫീസ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നത് വളരെ പ്രോത്സാഹജനകമായ വിവരമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണത്തിലും അക്കാദമിക് രംഗത്തും മുന്നേറാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 ഇന്ന് സൃഷ്ടിക്കപ്പെടുന്ന സാധ്യതകള്‍ തിരിച്ചറിയാന്‍, നമ്മുടെ യുവാക്കള്‍ ലോകത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കണം. ഒരു പടി മുന്നില്‍ ചിന്തിക്കുക. ആരോഗ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യം അല്ലെങ്കില്‍ സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ എല്ലാ ദിശകളിലും കഴിവുള്ളവരും സ്വാശ്രിതവുമാക്കുന്നത്. നൈപുണ്യ വികസനത്തിലും സാങ്കേതികവിദ്യയിലും ദേശീയ വിദ്യാഭ്യാസ നയം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, അത് 'ആത്മ നിര്‍ഭര്‍ ഭാരത്‌ന്റെ ഉത്തേജകമായി പ്രവര്‍ത്തിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1200 ല്‍ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുതിയ കോഴ്‌സുകള്‍ അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്.

 സുഹൃത്തുക്കളേ,

ആദരണീയനായ മഹാത്മാഗാന്ധി പറയുമായിരുന്നു - 'ദേശീയ വിദ്യാഭ്യാസം ശരിയായ അര്‍ത്ഥത്തില്‍ ചുറ്റുമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം.'  ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകളിലും മാതൃഭാഷയിലും വിദ്യാഭ്യാസം എന്ന ആശയം ബാപ്പുവിന്റെ ദര്‍ശനാത്മക ആശയം നിറവേറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പ്രാദേശിക ഭാഷയും ഉന്നത വിദ്യാഭ്യാസത്തില്‍ 'മീഡിയം ഓഫ് ഇന്‍സ്ട്രക്ഷന്‍' എന്ന ഓപ്ഷനായിരിക്കും. എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിക്കാന്‍ പോകുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ 11 ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു  പ്രാദേശിക ഭാഷയില്‍ പഠനം ആരംഭിക്കാന്‍ പോകുന്നു. അതിന്റെ ഏറ്റവും വലിയ പ്രയോജനം രാജ്യത്തെ പാവപ്പെട്ട വിഭാഗത്തിനും ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന മധ്യവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ദളിത്, പിന്നോക്ക, ആദിവാസി സഹോദരീസഹോദരന്മാര്‍ക്കും ആയിരിക്കും. ഈ കുടുംബങ്ങളില്‍ നിന്ന് വരുന്ന മിടുക്കരായ കുട്ടികള്‍ ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ വലിയ നഷ്ടം സഹിക്കേണ്ടിവന്നവരാണ്. അവരുടെ മാതൃഭാഷയില്‍ പഠിക്കുന്നത് പാവപ്പെട്ട കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അവരുടെ കഴിവിനും മികവിനുമൊത്ത നീതി ലഭിക്കുകയും ചെയ്യും.


 സുഹൃത്തുക്കളേ,

 പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ പ്രചാരണവും ആരംഭിച്ചു.  ഇന്ന് ആരംഭിച്ച 'വിദ്യാപ്രവേശം' പരിപാടിക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്.  ഇതുവരെ വലിയ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പ്ലേ സ്‌കൂള്‍ എന്ന ആശയം ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ 'വിദ്യാപ്രവേശ'ത്തിലൂടെ എത്തിച്ചേരും.  ഈ പരിപാടി സമീപഭാവിയില്‍ ഒരു സാര്‍വത്രിക പരിപാടിയായി നടപ്പിലാക്കുകയും സംസ്ഥാനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കുകയും ചെയ്യും. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള പണക്കാരുടെയോ പാവപ്പെട്ടവരുടെയോ കുട്ടിക്ക് സ്വസ്ഥമായി പഠിക്കാന്‍ കഴിയും. ഒരു പുഞ്ചിരിയോടെ തുടക്കം കുറിക്കുമ്പോള്‍, വിജയത്തിലേക്കുള്ള പാത എളുപ്പമാകും.

 സുഹൃത്തുക്കളേ,

 എന്റെ ഹൃദയത്തോട് വളരെ അടുത്തതും വളരെ പ്രതികരണാത്മകവുമായ മറ്റൊരു കാര്യം ഇന്ന് സംഭവിച്ചു. വിദ്യാഭ്യാസത്തിനായി ആംഗ്യഭാഷ ആവശ്യമുള്ള 3 ലക്ഷത്തിലധികം കുട്ടികള്‍ ഇന്ന് രാജ്യത്തുണ്ട്.  ഇത് മനസ്സിലാക്കി, ഇന്ത്യന്‍ ആംഗ്യഭാഷയ്ക്ക് ഒരു വിഷയത്തിന്റെ പദവി ആദ്യമായി നല്‍കിയിരിക്കുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു ഭാഷയായും പഠിക്കാന്‍ കഴിയും. ഇത് ഇന്ത്യന്‍ ആംഗ്യഭാഷയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുകയും നമ്മുടെ ഭിന്നശേഷിക്കാരായ സുഹൃത്തുക്കളെ വളരെയധികം സഹായിക്കുകയും ചെയ്യും.

 സുഹൃത്തുക്കളേ,

 ഏതൊരു വിദ്യാര്‍ത്ഥിയുടെയും മുഴുവന്‍ വിദ്യാഭ്യാസത്തിലും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അധ്യാപകനാണെന്നും നിങ്ങള്‍ക്കറിയാം.
ഗുരുവില്‍ നിന്ന് (അധ്യാപകനില്‍ നിന്ന്) നേടാന്‍ കഴിയാത്തത് എവിടെയും നേടാനാവില്ല എന്നൊരു ചൊല്ലുണ്ട്. അതായത്, ഒരു നല്ല അധ്യാപകനെ ലഭിച്ചാല്‍പ്പിന്നെ ലഭിക്കാത്തതായി ഒന്നുമില്ല. അതിനാല്‍, ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതു മുതല്‍ അത് നടപ്പാക്കുന്നതുവരെ ഓരോ ഘട്ടത്തിലും നമ്മുടെ അധ്യാപകര്‍ ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലാണ്.  ഇന്ന് ആരംഭിച്ച 'നിഷ്ഠ' 2.0 പ്രോഗ്രാമും ഈ ദിശയില്‍ ഒരു പ്രധാന പങ്ക് വഹിക്കും.  ഈ പരിപാടിയിലൂടെ, രാജ്യത്തെ അധ്യാപകര്‍ക്കും ആധുനിക ആവശ്യകതകള്‍ക്കനുസൃതമായി പരിശീലനം ലഭിക്കും, കൂടാതെ അവര്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ക്ക് നല്‍കാനും കഴിയും.  എല്ലാ അധ്യാപകരും അക്കാദമിഷ്യന്മാരും ഈ ശ്രമങ്ങളില്‍ ഉത്സാഹത്തോടെ പങ്കെടുക്കുകയും കൂടുതല്‍ സംഭാവന നല്‍കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിങ്ങള്‍ക്ക് വളരെയധികം അനുഭവമുണ്ട്, അതിനാല്‍, നിങ്ങളുടെ പരിശ്രമങ്ങള്‍ രാജ്യത്തെ വളരെ മുന്നോട്ട് കൊണ്ടുപോകും.  ഇത്രയും വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിനും ഈ മാറ്റങ്ങളില്‍ സജീവമായി ഇടപെടുന്നതിനും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സുവര്‍ണ്ണാവസരം നിങ്ങളുടെ ജീവിതത്തില്‍ വന്നിരിക്കുകയാണ്; നിങ്ങള്‍ ഭാവി കെട്ടിപ്പടുക്കുകയും രാജ്യത്തിന്റെ ഭാവിയെ നിങ്ങളുടെ കൈകളാല്‍ രൂപപ്പെടുത്തുകയും ചെയ്യും.  വരും കാലങ്ങളില്‍ പുതിയ 'ദേശീയ വിദ്യാഭ്യാസ നയ'ത്തിന്റെ വ്യത്യസ്ത സവിശേഷതകള്‍ യാഥാര്‍ത്ഥ്യമാകുന്ന ഒരു പുതിയ കാലഘട്ടത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ യുവതലമുറയെ ആധുനികവും ദേശീയവുമായ വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധിപ്പിക്കുമ്പോള്‍ രാജ്യം ആ പവിത്രമായ ദൃഢനിശ്ചയങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
 ഈ ആശംസകളോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.  നിങ്ങളെല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെ, പുതിയ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ.

വളരെയധികം നന്ദി.


(Release ID: 1742144) Visitor Counter : 665