ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് സ്ഥിരീകരിച്ചാലും അമ്മമാർ കുഞ്ഞുങ്ങളെ  മുലയൂട്ടുന്നത് തുടരണം - ഡോ. മഞ്ജു പുരി

Posted On: 26 JUL 2021 1:28PM by PIB Thiruvananthpuram


ന്യൂഡൽഹി, ജൂലൈ 26 , 2021  

ഗർഭവതികളായവർക്ക് കോവിഡ്  പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ചും അമ്മയും കുഞ്ഞും കോവിഡ് ബാധിതരാകാതെ  സ്വയം സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു പുരി വിശദീകരിക്കുന്നു.

ഗർഭകാലത്ത് പോലും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ്   എടുക്കുന്നത് സുരക്ഷിതമാണെന്ന്  ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് എത്രമാത്രം  സഹായകമാകും ?

കോവിഡ് രൂക്ഷമാണെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും അവസാന മൂന്നു മാസത്തിൽ  ഗർഭപാത്രം വികസിക്കാനും ഡയഫ്രം അമരാനും  രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനെ നേരിടാനുള്ള ഒരു സ്ത്രീയുടെ കഴിവിനെ ബാധിക്കാനും സാധ്യതയുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ പോലും അപകടത്തിലാകും. ഗർഭിണികളായവരിൽ രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾ സഹായിക്കും.

കൂടാതെ, അമ്മയ്ക്ക് കുത്തിവയ്പ് നൽകുന്നത് നവജാതശിശുവിന് ഒരു പരിധിവരെ സംരക്ഷണം നൽകാനിടയുണ്ട്. വാക്സിനേഷനുശേഷം അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ഗർഭസ്ഥശിശുവിലേക്ക് രക്തത്തിലൂടെ കടന്നു ചെല്ലും. മുലയൂട്ടുന്ന അമ്മമാരുടെ കാര്യമെടുത്താൽ, ഒരു കുഞ്ഞിന് ഈ ആന്റിബോഡികൾ ലഭിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെയാണ്.


വാക്സിനുകൾ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ചിലർ വിശ്വസിക്കുന്നു. ഇത് സത്യമാണോ?

കോവിഡ് -19 വാക്സിനുകൾ താരതമ്യേന പുതിയതാണെങ്കിലും സമയബന്ധിത പരിശോധനാ രീതികൾ പിന്തുടർന്നാണ്  ഇവ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വാക്സിനുകൾ ഒരു പ്രത്യേക രോഗകാരിക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു, ഇത് മറ്റ് ശരീര കോശങ്ങളെ ബാധിക്കില്ല. വാസ്തവത്തിൽ, ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ മുതലായവയ്ക്കുള്ള ചില വാക്സിനുകൾ സ്ത്രീകളെയും കുഞ്ഞിനെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഗർഭകാലത്ത് പോലും നൽകുന്നു.

കൂടാതെ, നമ്മുടെ ഔദ്യോഗിക നിയന്ത്രണ സംവിധാനങ്ങൾ  ഗർഭവതികളായവരിലെ പ്രതിരോധ കുത്തിവയ്പ്പിന് അംഗീകാരം നൽകിയിട്ടുണ്ട്. വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് തെളിയിക്കുന്ന  ശാസ്ത്രീയ വിവരങ്ങളോ പഠനങ്ങളോ ഇല്ല. വാക്സിനുകൾ പ്രത്യുൽപാദന അവയവങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല.

കോവിഡ് പിടിപെടുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഗർഭവതികളായവർ എന്തൊക്കെ  മുൻകരുതലുകൾ സ്വീകരിക്കണം ?

ഗർഭവതികളായവർ വീട്ടിലായിരിക്കുമ്പോഴും മാസ്ക്ക് ധരിക്കണമെന്നും കുടുംബാംഗങ്ങൾക്കിടയിൽ ശാരീരിക അകലം പാലിക്കണമെന്നും ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഗർഭവതികളായവർ പുറത്തു പോകുന്നില്ലായിരിക്കാം. പക്ഷേ കുടുംബാംഗങ്ങൾ ജോലിക്ക് പോകുന്നവരുണ്ടെങ്കിൽ  അവരിൽ നിന്ന് അണുബാധയുണ്ടാകാം.

അതിനാൽ, ഗർഭാവസ്ഥയിൽ എല്ലാ വിധ കോവിഡ് മുൻകരുതലുകളും സ്വീകരിക്കണം. പ്രസവശേഷമുള്ള  അണുബാധയും അനുബന്ധ സങ്കീർണതകളും ഇതിലൂടെ തടയാനാകും.

കോവിഡ് -19 ലക്ഷണങ്ങൾ കണ്ടാൽ  ഗർഭവതികളായവർ എന്തുചെയ്യണം?

 എന്തെങ്കിലും  ലക്ഷണങ്ങളുണ്ടെങ്കിൽ, അവർ പരിശോധന നടത്തണം. എത്രയും വേഗം രോഗനിർണയം നടത്തുന്നുവോ അത്രയും നല്ലതാണ്. നമുക്ക് രോഗത്തെ ഫലപ്രദമായി  കൈകാര്യം ചെയ്യാൻ കഴിയും. ഗർഭകാല കോവിഡ്  മാനേജ്മെന്റ് മറ്റുരോഗികളുടേതിന്  തുല്യമാണ്.  ഒരു ഡോക്ടറുടെ കർശന മേൽനോട്ടം അത്യാവശ്യമാണ്.

രോഗബാധ സ്ഥിരീകരിച്ചാൽ ക്വാറന്റൈനിൽ പ്രവേശിക്കണം, ധാരാളം പാനീയങ്ങൾ  കുടിക്കണം, ഓരോ 4-6 മണിക്കൂറിലും താപനിലയും ഓക്സിജൻ സാച്ചുറേഷനും  പരിശോധിക്കണം. പാരസെറ്റമോൾ കഴിച്ചിട്ടും താപനില കുറയുന്നില്ലെങ്കിൽ, ഡോക്ടറെ  ബന്ധപ്പെടേണ്ടതുണ്ട്; ഓക്സിജന്റെ അളവ്  കുറയുകയാണെങ്കിലോ കുറയുന്ന പ്രവണതയുണ്ടെങ്കിലോ, ഉദാഹരണമായി, രാവിലെ 98  ഉം വൈകുന്നേരം 97 ഉം തൊട്ടടുത്ത ദിവസം കൂടുതൽ താഴുകയുമാണെങ്കിൽ, ഡോക്ടറുമായി ബന്ധപ്പെടേണ്ടതുണ്ട് .

കൂടാതെ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്  രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അസുഖങ്ങൾ ബാധിച്ച സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, അവർക്ക് ആശുപത്രി പ്രവേശനം ആവശ്യമാണ്. രോഗമുക്തി നേടുന്നത് വരെ ഡോക്ടറുമായി സമ്പർക്കം പുലർത്തുക.

അമ്മയും ഗർഭസ്ഥ ശിശുവും മികച്ച ആരോഗ്യ സ്ഥിതിയിലാണെന്ന്  ഉറപ്പാക്കാൻ  കോവിഡ് മുക്തിക്ക്  ശേഷവും  സമഗ്ര ആരോഗ്യ പരിശോധന വേണമെന്ന്  ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു.


ഗർഭസ്ഥശിശുവിന്  അമ്മയിൽ നിന്ന് കോവിഡ് -19 പകരുമോ ?

ഈ ആശങ്കയെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ല. ഞങ്ങൾ രണ്ടു  പഠനങ്ങൾ നടത്തി,  പ്ലാസന്റാ  ഭ്രൂണം വളരുന്ന ഗർഭപാത്രത്തിൽ സംരക്ഷണ കവചമായി  പ്രവർത്തിക്കുന്നു. നവജാതശിശുവിന് കോവിഡ് ബാധിച്ച  ചില കേസുകളുണ്ട്, പക്ഷേ ആ കുഞ്ഞുങ്ങൾക്ക് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ചാണോ  അതോ ജനിച്ചയുടനാണോ രോഗബാധ ഉണ്ടായത് എന്ന്  ഞങ്ങൾക്ക് ഉറപ്പില്ല.



നവജാതശിശുവിനെ സംരക്ഷിക്കാൻ ഒരു കോവിഡ് പോസിറ്റീവ് അമ്മ എന്ത് മുൻകരുതലുകൾ എടുക്കണം?

ഒരു അമ്മ കുഞ്ഞിന് മുലയൂട്ടുന്നത് തുടരണം, പക്ഷേ മുലയൂട്ടാത്തപ്പോൾ കുഞ്ഞിനെ അമ്മയിൽ നിന്ന് 6 അടി ദൂരത്തിൽ  മാറ്റിക്കിടത്താൻ നിർദ്ദേശിക്കുന്നു. നവജാതശിശുവിന് മുലയൂട്ടുന്നതിനുമുമ്പ്, അമ്മ കൈ കഴുകണം, മാസ്ക്, ഫെയ്സ് ഷീൽഡ് പോലുള്ള സംരക്ഷണ ആവരണം ധരിക്കണം. അമ്മയുടെ  ചുറ്റുപാടുകൾ നിരന്തരം അണുവിമുക്തം ആക്കണം.

കുട്ടിയെ പരിപാലിക്കാൻ മറ്റാരുമില്ലെങ്കിൽ,  അമ്മ എല്ലായ്പ്പോഴും മാസ്ക് ധരിക്കേണ്ടതാണ്, മാത്രമല്ല കുട്ടിയുമായി ശാരീരിക അകലം പരമാവധി സൂക്ഷിക്കുകയും  വേണം. അമ്മയും കുട്ടിയും നന്നായി വായുസഞ്ചാരമുള്ള മുറിയിൽ താമസിക്കണം. അമ്മ പതിവായി കൈ കഴുകുകയും ചുറ്റുപാടുകൾ അണുവിമുക്തമാക്കുകയും  വേണം.



പ്രസവാനന്തര വിഷാദവും ഉത്കണ്ഠയും സ്ത്രീകളിൽ സാധാരണമാണ്. മഹാമാരി  സമയത്ത് സ്ത്രീകൾക്കിടയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നുണ്ടോ?

തീർച്ചയായും, ഗർഭകാലത്തും പ്രസവത്തിനു ശേഷവും സ്ത്രീകൾക്കിടയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു. 15 ദിവസത്തേക്ക് ഒറ്റപ്പെടൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്, പക്ഷേ ഗർഭിണികൾക്കും പ്രസവാനന്തര അമ്മമാർക്കും ഇത് കൂടുതലായിരിക്കും.ഈ സമയത്ത്,  കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അധിക ഉത്കണ്ഠ അവരുടെ മാനസിക നിലയെ സാരമായി ബാധിക്കും.

അതിനാൽ, ഈ സമയത്ത് സ്ത്രീകൾക്ക് നിരന്തരമായ പിന്തുണയും സാന്ത്വനവും  നൽകേണ്ടത് പ്രധാനമാണ്. വീഡിയോ കോളുകളിലൂടെ കുടുംബം സമ്പർക്കം പുലർത്തുകയും അവരുടെ മാനസികാവസ്ഥയിൽ എന്തെങ്കിലും മാറ്റം ഉണ്ടോഎന്ന്  നിരീക്ഷിക്കുകയും വേണം.അമ്മയ്ക്ക് വിഷാദം അനുഭവപ്പെടുന്നുണ്ടെങ്കിൽ  വൈദ്യസഹായം തേടുകയും വേണം.

 ഞങ്ങൾ, എല്ലായ്പ്പോഴും  ഗർഭിണികളായ സ്ത്രീകളോടും അമ്മമാരോടും രണ്ട് ലളിതമായ  ചോദ്യങ്ങൾ ചോദിക്കുന്നു: ഒന്ന്, അവരുടെ പതിവ് ജോലികൾ ചെയ്യാൻ അവർക്ക് അല്പം പോലും താൽപ്പര്യം ഇല്ലേ? രണ്ടാമതായി, കഴിഞ്ഞ 2 ആഴ്‌ചയിൽ എപ്പോഴെങ്കിലും ഒരു പ്രത്യേക കാരണവുമില്ലാതെ അവർക്ക് സങ്കടമുണ്ടാവുകയോ  അല്ലെങ്കിൽ കരയാൻ തോന്നുകയോ ചെയ്തിട്ടുണ്ടോ ? ഈ ചോദ്യങ്ങൾ‌ക്ക്  ഏതിനെങ്കിലും ഉത്തരം അതെ എന്നാണെങ്കിൽ‌ അതിനർ‌ത്ഥം അവർക്ക് ഒരു സൈക്കോളജിസ്റ്റിന്റെ വിലയിരുത്തൽ  ആവശ്യമാണെന്നാണ്. ഡോക്ടർമാരും കുടുംബാംഗങ്ങളും ഈ സമയത്ത് ഒരു സ്ത്രീയുടെ പെരുമാറ്റം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്.

നിങ്ങളുടെ സ്ത്രീ രോഗികൾക്ക് എന്ത് ഉപദേശമാണ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?

 സുരക്ഷിതരായി തുടരാനും മതിയായ മുൻകരുതലുകൾ എടുക്കാനും കോവിഡ്-ഉചിതമായ പെരുമാറ്റം പിന്തുടരാനും ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു.  ലഭ്യമാകുന്ന അവസരത്തിൽ  വാക്സിൻ എടുക്കുക.  ധാരാളം ആളുകളുമായി സമ്പർക്കം  ഒഴിവാക്കുക.


 പനി, തൊണ്ടവേദന, രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു കോവിഡ് പോസിറ്റീവ് വ്യക്തിയുമായി സമ്പർക്കം പുലർത്തിയാൽ  അവർ ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ട്, രോഗനിർണയം വൈകിപ്പിക്കരുത്, സ്വയം ചികിത്സിക്കരുത്
 
IE/SKY
 
 
*****
 

(Release ID: 1739131) Visitor Counter : 298