റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വിന്റേജ് മോട്ടോർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായി

Posted On: 18 JUL 2021 11:45AM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, ജൂലൈ 18, 2021

വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. ഇതിനോടകം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പഴയ നമ്പർ നിലനിർത്തുകയും, പുതിയ രജിസ്ട്രേഷനുകൾക്കായി “വിഎ” സീരീസ് (സമർപ്പിത രജിസ്ട്രേഷൻ മാർക്ക്) ആരംഭിക്കുന്നതിനുമൊപ്പം പുതിയ നിയമങ്ങൾ തടസ്സരഹിതമായ പ്രക്രിയ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രജിസ്ട്രേഷൻ പ്രക്രിയ സുഗമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം സി‌എം‌വി‌ആർ 1989 ഭേദഗതി ചെയ്തു. ഭേദഗതിയുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു :

1) 50 വർഷത്തിലധികം പഴക്കമുള്ളതും, അവയുടെ യഥാർത്ഥ രൂപത്തിൽ പരിപാലിക്കുകയും, കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാതിരിക്കുകയും ചെയ്ത എല്ലാ ഇരുചക്ര-നാലുചക്ര വാഹനങ്ങളും വിന്റേജ് മോട്ടോർ വാഹനങ്ങളുടെ നിർവ്വചനത്തിൽ ഉൾപ്പെടും.

2) രജിസ്ട്രേഷൻ / റീ-രജിസ്ട്രേഷനുള്ള അപേക്ഷ, ഫോം 20 പ്രകാരം അനുവദിക്കും. ഇൻഷുറൻസ് പോളിസി, ഫീസ്, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രവേശന ബിൽ, ഇന്ത്യയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിന്റെ പഴയ ആർ‌സി ബുക്ക് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

3) ഫോം 23 എ പ്രകാരം 60 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് രജിസ്റ്ററിംഗ്‌ അതോറിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.

4) ഇതിനോടകം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അവയുടെ യഥാർത്ഥ രജിസ്ട്രേഷൻ നിലനിർത്താൻ കഴിയും. പുതിയ രജിസ്ട്രേഷനുള്ള രജിസ്ട്രേഷൻ മാർക്ക് ആയി “XX VA YY 8” ഉപയോഗിക്കും. VA എന്നത് വിന്റേജ്-നെ സൂചിപ്പിക്കുന്നു. XX എന്നത് സംസ്ഥാന കോഡും, YY എന്നത് രണ്ട് അക്ഷരങ്ങളുടെ ശ്രേണിയും, “8” എന്നത് സംസ്ഥാന രജിസ്റ്ററിംഗ്‌ അതോറിറ്റി അനുവദിക്കുന്ന 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും ഒരു സംഖ്യയുമായിരിക്കും.

5) പുതിയ രജിസ്ട്രേഷന് 20,000 രൂപയും, റീ-രജിസ്ട്രേഷന് 5,000 രൂപയും ഫീസ് ഈടാക്കും.

6) പതിവ് / വാണിജ്യ ആവശ്യങ്ങൾക്കായി വിന്റേജ് മോട്ടോർ വാഹനങ്ങൾ റോഡുകളിൽ ഓടിക്കാൻ പാടില്ല.

(Release ID: 1736678) Visitor Counter : 232