വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാരുടെ പ്രത്യേക പ്ലീനറി യോഗത്തെ ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു

Posted On: 07 JUL 2021 4:39PM by PIB Thiruvananthpuram



ന്യൂഡൽഹി, 07 ജൂലൈ 2021  

മേഖലയിലെ വികസനം, വ്യാപാരം, പുരോഗതി എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ഇന്തോ പസഫിക് മേഖലയിലെ വ്യാപാര സമൂഹത്തെ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ക്ഷണിച്ചു.  

ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാർ ഉൾപ്പെട്ട CII യുടെ പ്രത്യേക പ്ലീനറി യോഗത്തിൽ ഇന്ന്പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “പുരോഗതി പങ്കു വയ്ക്കലിനായി ഒരു മാർഗരേഖ വികസിപ്പിക്കൽ” (“Developing a Road Map for Shared Prosperity”) എന്ന വിഷയത്തിലായിരുന്നു പ്രത്യേക പ്ലീനറി യോഗം.

ആഗോളവൽകൃത ലോകത്തിന്റെ പുതിയ സാമ്പത്തിക കേന്ദ്രസ്ഥാനം ആയി ഇന്തോ-പസഫിക് മേഖലയെ വിശേഷിപ്പിച്ച ശ്രീ ഗോയൽ, ഉണ്ടാവാനിടയുള്ള വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പായിരുന്നു 2020 സെപ്റ്റംബറിൽ തുടക്കം കുറിച്ച സപ്ലൈ ചെയിൻ റെസിലിയൻസ് ഇനിഷ്യേറ്റീവ് എന്ന് അഭിപ്രായപ്പെട്ടു. മറ്റ് സൗഹൃദ രാഷ്ട്രങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കും എന്നും അദ്ദേഹം അറിയിച്ചു.

ഇന്തോ പസഫിക് മേഖലയിൽ കൂടുതലായി നിലവിൽ വരുന്ന വ്യാപാര ഉടമ്പടികൾ, കാലാനുസൃതമായി തീരുവകളിൽ വലിയതോതിലുള്ള കുറവ് സൃഷ്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന തീരുവ ഇതര നടപടികൾ മേഖലയിലെ വ്യാപാരത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത് ആയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യം എളുപ്പമാക്കുന്ന നടപടികൾ അതിർത്തി കടന്നുള്ള ചരക്കു നീക്കത്തെ കൂടുതൽ സുഗമമാക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള വിപണികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്ന സംരംഭങ്ങളെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് 13 മേഖലകളെ ഉൾപ്പെടുത്തി 26 ബില്യൺ അമേരിക്കൻ ഡോളർ ചിലവിൽ PLI പദ്ധതികൾ പ്രഖ്യാപിച്ചതും ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. ഈ ഇളവുകൾ പ്രയോജനപ്പെടുത്താൻ മേഖലയിലെ കമ്പനികളെ അദ്ദേഹം സ്വാഗതം ചെയ്തു. നിലവിലെ നിയമങ്ങളും ചട്ടങ്ങളും ലളിതവൽക്കരിക്കുന്നതിനും സുഗമമാക്കുന്നതിനും വഴിതുറന്ന നിരവധി നടപടികളും അദ്ദേഹം പരാമർശിച്ചു.

ക്ലിയറൻസ് നടപടികൾക്കായി ഒരു ഏകജാലക സംവിധാനം ഉടൻതന്നെ സജ്ജമാക്കും എന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി. വ്യാപാര സൗഹൃദ അന്തരീക്ഷം വളർത്തുന്ന നടപടികളിൽ മുൻ വർഷത്തേക്കാൾ മികച്ച പുരോഗതി കൈവരിച്ച ആദ്യ പത്ത് രാഷ്ട്രങ്ങളിൽ ഒന്നായി തുടർച്ചയായ മൂന്നാം തവണയും 2020-ലെ വ്യാപാര സൗഹൃദ റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 67 സ്ഥാനങ്ങളാണ് രാജ്യം മെച്ചപ്പെടുത്തിയത്.

പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്ന ക്ലീൻ സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചരക്കുനീക്കം, സുസ്ഥിര കാർഷിക നടപടികൾ, സ്റ്റാർട്ടപ്പുകൾ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ലൈഫ് സയൻസ് മേഖലകളിൽ നമ്മുടെ കയറ്റുമതി-ഇറക്കുമതി പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാൻ സാധിക്കുമെന്നും ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു. തങ്ങളുടേതായ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി ഓരോരുത്തരുടെയും വിതരണ ശൃംഖലകളിലേക്കുള്ള ഏകീകരണം വേഗത്തിലാക്കാനും അദ്ദേഹം കമ്പനികളെ സ്വാഗതം ചെയ്തു.

റിപ്പബ്ലിക് ഓഫ് കൊറിയ, കെനിയ, യുഎഇ, ഫിജി, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്തു. 

 

RRTN/SKY



(Release ID: 1733426) Visitor Counter : 183