പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു


കോവിന്‍ പ്ലാറ്റ്‌ഫോം ഓപ്പണ്‍ സോഴ്സ് ആക്കുന്നു; ഇത് എല്ലാ രാജ്യങ്ങള്‍ക്കും പ്രാപ്യമാക്കും: പ്രധാനമന്ത്രി

ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളോടെ, ഡെവലപ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാകുന്ന പാക്കേജാണ് 'ആരോഗ്യ സേതു' ആപ്ലിക്കേഷന്‍: പ്രധാനമന്ത്രി

നൂറുവര്‍ഷത്തിനിടെയുണ്ടായ, മുമ്പെങ്ങുമില്ലാത്ത, ഇത്തരമൊരു മഹാമാരിയുടെ വെല്ലുവിളി നേരിടാന്‍, എത്ര കരുത്തരായാലും, ഒരു രാജ്യത്തിന് ഒറ്റയ്ക്ക് കഴിയില്ല: പ്രധാനമന്ത്രി

നാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും വേണം: പ്രധാനമന്ത്രി

വാക്‌സിനേഷന്‍ നയം ആസൂത്രണം ചെയ്യുമ്പോള്‍ ഇന്ത്യ സ്വീകരിച്ചത് സമ്പൂര്‍ണ ഡിജിറ്റല്‍ സമീപനം: പ്രധാനമന്ത്രി

എപ്പോള്‍, എവിടെ, ആരാണ് വാക്‌സിനേഷന്‍ നല്‍കിയതെന്ന് വ്യക്തമാക്കാന്‍, സുരക്ഷിതവും വിശ്വസനീയവുമായ തെളിവ് ജനങ്ങള്‍ക്കു സഹായകമാകുന്നു: പ്രധാനമന്ത്രി

വാക്‌സിനേഷന്‍ ഉപയോഗം നിരീക്ഷിക്കാനും പാഴാക്കല്‍ കുറയ്ക്കാനും ഡിജിറ്റല്‍ സമീപനം സഹായിക്കുന്നു: പ്രധാനമന്ത്രി

'ഒരു ഭൂമി, ഒരേ ആരോഗ്യം' എന്ന സമീപനത്തോടെ മുന്നോട്ടുപോകുന്ന മാനവരാശി തീര്‍ച്ചയായും ഈ മഹാമാരിയെ അതിജീവിക്കും: പ്രധാനമ

Posted On: 05 JUL 2021 3:18PM by PIB Thiruvananthpuram

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.

എല്ലാ രാജ്യങ്ങളിലും പകര്‍ച്ചവ്യാധിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. നൂറുവര്‍ഷത്തിനിടെയുണ്ടായ, മുമ്പെങ്ങുമില്ലാത്ത, ഇത്തരമൊരു മഹാമാരിയുടെ വെല്ലുവിളി നേരിടാന്‍, എത്ര കരുത്തരായാലും, ഒരു രാജ്യത്തിന് ഒറ്റയ്ക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''കോവിഡ്-19 മഹാമാരി നല്‍കുന്ന ഏറ്റവും വലിയ പാഠം മാനവികതയ്ക്കും മനുഷ്യരാശിക്കും വേണ്ടി നാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും വേണം എന്നതാണ്. നാം പരസ്പരം നമ്മല്‍ നിന്നു പഠിക്കുകയും, മെച്ചപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്പരം സഹായിക്കുകയും വേണം''- പ്രധാനമന്ത്രി പറഞ്ഞു.


ആഗോള സമൂഹവുമായി അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി ആഗോള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യവും പ്രകടിപ്പിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ്‌വെയര്‍ എന്നു വ്യക്തമാക്കി. അതുകൊണ്ടാണ് സാങ്കേതികമായി സാധ്യമാകുമ്പോള്‍തന്നെ, ഇന്ത്യ കോവിഡ് ട്രാക്കിംഗും സമ്പര്‍ക്കാന്വേഷണ ആപ്ലിക്കേഷനും ഓപ്പണ്‍ സോഴ്സാക്കുന്നത്. ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളോടെ, ഡെവലപ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാകുന്ന പാക്കേജാണ് 'ആരോഗ്യ സേതു' ആപ്ലിക്കേഷന്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉപയോഗിച്ചതായതു കൊണ്ട്, വേഗതയിലും അളവിലും യഥാര്‍ഥ ലോകത്ത് ഇതു പരീക്ഷിച്ചതാണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമെന്ന് പ്രധാനമന്ത്രി ആഗോള വേദിയില്‍ വ്യക്തമാക്കി. 

പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്‌സിനേഷന്‍ നയം ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ സമ്പൂര്‍ണ ഡിജിറ്റല്‍ സമീപനം സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനുശേഷമുള്ള ലോകത്തെ സാധാരണ നിലയ്ക്ക് ആക്കം കൂട്ടുന്നതിനായി, പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കാന്‍ ഇത് ജനങ്ങളെ സഹായിക്കുന്നു. എപ്പോള്‍, എവിടെ, ആരാണ് വാക്‌സിനേഷന്‍ നല്‍കിയതെന്ന് മനസ്സിലാക്കാന്‍ സുരക്ഷിതവും വിശ്വസനീയവുമായ തെളിവ് ജനങ്ങളെ സഹായിക്കുന്നു. വാക്‌സിനേഷന്റെ ഉപയോഗം നിരീക്ഷിക്കുന്നതിനും പാഴാക്കല്‍ കുറയ്ക്കുന്നതിനും ഡിജിറ്റല്‍ സമീപനം സഹായിക്കുന്നു.

ലോകം മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്ന ഇന്ത്യയുടെ ദര്‍ശനത്തിന് അനുസൃതമായി, കോവിഡ് വാക്‌സിനേഷന്‍ പ്ലാറ്റ്‌ഫോം കോവിന്‍ ഓപ്പണ്‍ സോഴ്സ് ആക്കി മാറ്റാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ഇത് എല്ലാ രാജ്യങ്ങള്‍ക്കും പ്രാപ്യമാകും. 

ഈ വേദി ആഗോള സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള ആദ്യപടിയാണ് ഇന്നത്തെ സമ്മേളനമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റ ദിവസം 9 ദശലക്ഷം പേര്‍ക്കു നല്‍കിയതുള്‍പ്പെടെ, 350 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കോവിന്‍ വഴി ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് ഇതു തെളിയിക്കാന്‍ വെറും കടലാസു തുണ്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ഇതെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള രാജ്യങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കാമെന്ന പ്രത്യേകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ഒരു ഭൂമി,ഒരേ  ആരോഗ്യം' എന്ന സമീപനത്തോടെ മുന്നോട്ടുപോകുന്ന മാനവരാശി തീര്‍ച്ചയായും ഈ മഹാമാരി അതിജീവിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത് .

 

***


(Release ID: 1732852) Visitor Counter : 326