സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

പരിഷ്‌കരിച്ച വിതരണ മേഖല പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം: പരിഷ്‌കരണങ്ങള്‍ അടിസ്ഥാനമാക്കിയ, ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട പദ്ധതി

Posted On: 30 JUN 2021 4:20PM by PIB Thiruvananthpuram

പരിഷ്‌കരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള, ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട പദ്ധതിയായ, പരിഷ്‌കരിച്ച വിതരണ മേഖലാ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (ഡിസ്‌കോമുകള്‍ക്ക്) സോപാധിക ധനസഹായം നല്‍കി, സ്വകാര്യമേഖലയിലെ ഡിസ്‌കോമുകള്‍ ഒഴികെയുള്ള ഡിസ്‌കോമുകളുടെ/ഊര്‍ജ വകുപ്പുകളുടെ പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താനാണ് പദ്ധതി. നേരത്തെയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാകും ധനസഹായം. സാമ്പത്തിക മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അംഗീകൃത മൂല്യനിര്‍ണ്ണയ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, മാനദണ്ഡങ്ങള്‍ ഡിസ്‌കോമുകള്‍ പാലിക്കുന്നുണ്ടോ എന്നതും ധനസഹായം നല്‍കുന്നതില്‍ കണക്കിലെടുക്കും. 'എല്ലാവര്‍ക്കും ഒറ്റ പദ്ധതി' എന്ന സമീപനത്തിനുപകരം ഓരോ സംസ്ഥാനത്തിനും അനുസൃതമായ രീതിയില്‍ പ്രത്യേക ആസൂത്രണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ 97,631 കോടി രൂപ ജിബിഎസ്സോടെ, പദ്ധതിക്ക് 3,03,758 കോടി രൂപയാണ് വിഹിതം. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയ്ക്കുള്ള പിഎംഡിപി -2015 നൊപ്പം ഐപിഡിഎസ്, ഡിഡിയുജിജെവൈ പദ്ധതികള്‍ക്ക് കീഴില്‍, നിലവിലെ അംഗീകൃത പ്രോജക്ടുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അവയുടെ ജിബിഎസ് നീക്കിയിരിപ്പ് (ഏകദേശം 17000 കോടി രൂപ) നിലവിലുള്ള നിബന്ധനകള്‍ പ്രകാരം 2022 മാര്‍ച്ച് 31 വരെ, പരിഷ്‌കരിച്ച വിതരണ മേഖല പദ്ധതിയുടെ മൊത്തം വിഹിതത്തിന്റെ ഭാഗമായിരിക്കും. ഈ പദ്ധതികള്‍ക്ക് കീഴിലുള്ള ഫണ്ടുകള്‍ ഐപിഡിഎസിന് കീഴില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ക്കു ലഭ്യമാകും. 2023 മാര്‍ച്ച് 31 വരെ ഐപിഡിഎസിനും ഡിഡിയുജിജെവൈക്കും കീഴില്‍, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയ്ക്കായി പ്രധാനമന്ത്രിയുടെ വികസന പദ്ധതി (പിഎംഡിപി) പ്രകാരം നടക്കുന്ന അംഗീകൃത പദ്ധതികള്‍ക്കും ധനസഹായം ലഭിക്കും.

നേരത്തെയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അടിസ്ഥാന മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതും കണക്കിലെടുത്ത് വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഡിസ്‌കോമുകള്‍ക്ക്,  ഫലപ്രാപ്തിയുമായി ബന്ധിപ്പിച്ച് സാമ്പത്തിക സഹായം നല്‍കി പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025-26 വരെ പദ്ധതി നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതിന് ആര്‍ഇസി, പിഎഫ്‌സി എന്നിവയെ നോഡല്‍ ഏജന്‍സികളായി നാമനിര്‍ദ്ദേശം ചെയ്തു.


പദ്ധതി ലക്ഷ്യങ്ങള്‍

2024-25 ഓടെ അഖിലേന്ത്യാ തലത്തില്‍ എ.ടി. ആന്‍ഡ് സി നഷ്ടം  12-15 ശതമാനമായി കുറയ്ക്കുക.

2024-25 ഓടെ എസിഎസ്-എആര്‍ആര്‍ വ്യത്യാസം ഇല്ലാതെയാക്കുക.

ആധുനിക ഡിസ്‌കോമുകള്‍ക്കായി സ്ഥാപനശേഷികള്‍ വികസിപ്പിക്കുക.

സാമ്പത്തികമായി സുസ്ഥിരവും പ്രവര്‍ത്തനക്ഷമവുമായ വിതരണ മേഖലയിലൂടെ, ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ഗുണനിലവാരവും, വിശ്വാസ്യതയും മെച്ചപ്പെടുത്തുകയും താങ്ങാവുന്ന നിലയിലാക്കുകയും ചെയ്യുക.

വിശദാംശങ്ങള്‍

എ ടി ആന്‍ഡ് സി നഷ്ടം, എസിഎസ്-എആര്‍ആര്‍ വ്യത്യാസം, അടിസ്ഥാനസൗകര്യ മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ സേവനങ്ങള്‍, വിതരണ സമയം, കോര്‍പ്പറേറ്റ് നിര്‍വഹണം മുതലായവ ഉള്‍പ്പെടെ, മുന്‍നിശ്ചയിച്ചതും അംഗീകരിച്ചതുമായ പാതയില്‍, ഡിസ്‌കോമിന്റെ പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക വിലയിരുത്തലിന് ഈ പദ്ധതി അവസരമാകുന്നു. ഡിസ്‌കോമുകള്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുകയും നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ ഒരുപരിധിവരെ എങ്കിലും എത്തുകയും ചെയ്യുമ്പോള്‍ പദ്ധതിയിലൂടെ ആ വര്‍ഷത്തെ ധനസഹായത്തിന് അര്‍ഹമാകും.

 
കൃഷിക്കാര്‍ക്കായി വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും, പകല്‍സമയത്ത് കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി എത്തിക്കുന്ന ഉപകരണങ്ങളില്‍ (ഫീഡറുകള്‍) സോളാര്‍ സംവിധാനം നല്‍കുന്നതിനും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പദ്ധതി പ്രകാരം, 10,000 കാര്‍ഷിക ഫീഡറുകള്‍ക്കായി, 20,000 കോടി രൂപ വിഹിതമുണ്ടാകും. ഇത് കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള ഫീഡറുകള്‍ പ്രാപ്തമാക്കും. എല്ലാ  ഫീഡറുകളും സൗരോര്‍ജത്തില്‍ അധിഷ്ഠിതമാക്കാനും, അധിക വരുമാനത്തിനുള്ള വഴി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്ഥന്‍ മഹാഭിയാന്‍ (പിഎം-കുസും) പദ്ധതിയുമായി ഈ പദ്ധതി ബന്ധപ്പെടുത്തും.

 

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗ് വഴി ഉപഭോക്തൃ ശാക്തീകരണം പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയില്‍ നടപ്പിലാക്കുക എന്നതും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ ഉപഭോക്താക്കളെ പ്രതിമാസ കണക്കെടുപ്പിനു പകരം, പതിവായി വൈദ്യുതി ഉപഭോഗം നിരീക്ഷിക്കാന്‍ അവസരമൊരുക്കും. ഇത് അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപയോഗത്തിന് സഹായിക്കും. പദ്ധതി കാലയളവില്‍ ആകെ 25 കോടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 500 അമൃത് നഗരങ്ങളിലെ എ.ടി ആന്‍ഡ് സി നഷ്ടം  15 ശതമാനത്തിനു മുകളിലുള്ള വൈദ്യുതി ഡിവിഷനുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, എംഎസ്എംഇകളും മറ്റ് വ്യവസായ വാണിജ്യ ഉപഭോക്താക്കളും, ബ്ലോക്ക് തലവും അതിനു മുകളിലേക്കുമുള്ള ഗവണ്‍മെന്റ് ഓഫീസുകള്‍, ഉയര്‍ന്ന നഷ്ടമുള്ള മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ മിഷന്‍ മോഡില്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കും. ആദ്യ ഘട്ടത്തില്‍ 2023 ഡിസംബറോടെ ഏകദേശം 10 കോടി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കും. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍.

വിവിധയിടങ്ങളിലായി വിട്ടുവിട്ടുള്ളതും ഒറ്റപ്പെട്ടതുമായ കാര്‍ഷിക വൈദ്യുതി കണക്ഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍, ഫീഡര്‍ മീറ്ററുകളിലൂടെ മാത്രമേ ഇത് ഉള്‍ക്കൊള്ളാനാകൂ എന്നു കാണാം.

ഉപയോക്താക്കള്‍ക്കായി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനൊപ്പം, പിപിപി മോഡില്‍ ഒരേസമയം ആശയവിനിമയ സവിശേഷതകളോടെ ഫീഡര്‍, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ (ഡിടി) തലത്തില്‍ സിസ്റ്റം മീറ്ററിംഗ് ഏറ്റെടുക്കാനും നിര്‍ദ്ദേശമുണ്ട്.

എല്ലാ മാസവും സിസ്റ്റം ജനറേറ്റഡ് എനര്‍ജി അക്കൗണ്ടിങ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുവേണ്ടി, സിസ്റ്റം മീറ്ററുകള്‍, പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവ ഐടി / ഒടി ഉപകരണങ്ങളിലൂടെ സൃഷ്ടിക്കുന്ന ഡാറ്റ വിശകലനം ചെയ്യാന്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തും. നഷ്ടം കുറയ്ക്കല്‍, ഡിമാന്‍ഡ് ഫോര്‍കാസ്റ്റ്, ടൈം ഓഫ് ഡേ (ടിഓഡി) താരിഫ്, പുനരുപയോഗ ഊര്‍ജം, ഇന്റഗ്രേഷന്‍, മറ്റ് വിശകലനങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഡിസ്‌കോമുകളെ പ്രാപ്തമാക്കുന്നതിനാണിത്. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഡിസ്‌കോമുകളുടെ സാമ്പത്തിക സുസ്ഥിരതയ്ക്കും ഇത് വളരെയധികം സഹായിക്കും. വിതരണ മേഖലയിലെ നിര്‍മിത ബുദ്ധി ഉപയോഗവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും പദ്ധതിക്കു കീഴിലുള്ള ഫണ്ടുകള്‍ ഉപയോഗിക്കും. ഇത് രാജ്യത്തുടനീളമുള്ള വിതരണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനം പ്രോത്സാഹിപ്പിക്കും.

 
പ്രധാന ഘടകങ്ങള്‍:

ഉപഭോക്തൃ മീറ്ററും സിസ്റ്റം മീറ്ററും

കാര്‍ഷിക ഉപഭോക്താക്കളൊഴികെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗില്‍ ഏകദേശം 25 കോടി ഉപഭോക്താക്കളെ ഉള്‍പ്പെടുത്തും

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗിനായി നഗര പ്രദേശങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, അമൃത് നഗരങ്ങള്‍, ഉയര്‍ന്ന നഷ്ടമുള്ള മേഖലകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. അതായത് 2023 ഓടെ ഏകദേശം 10 കോടി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. ബാക്കി ഘട്ടം ഘട്ടമായി നടപ്പാക്കും.

എനര്‍ജി അക്കൗണ്ടിംഗ് പ്രാപ്തമാക്കുന്നതിനായി എല്ലാ ഫീഡറുകള്‍ക്കും വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുമായി കമ്യൂണിക്കബിള്‍ എഎംഐ മീറ്ററുകള്‍ എന്ന നിര്‍ദേശം ഡിസ്‌കോമുകളുടെ നഷ്ടം കുറയ്ക്കുന്നതിനുള്ള മികച്ച ആസൂത്രണത്തിലേക്ക് നയിക്കും.

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് ഡിസ്‌കോമുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഡിസ്‌കോമുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഫീഡര്‍ വേര്‍തിരിക്കല്‍
തരംതിരിക്കാത്ത ഫീഡറുകള്‍ തരംതിരിക്കലിനുള്ള ധനസഹായത്തിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഇത് കുസും പദ്ധതിക്കു കീഴില്‍ സോളറൈസേഷന്‍ പ്രാപ്തമാക്കും

ഫീഡറുകളുടെ സോളറൈസേഷന്‍ ജലസേചനത്തിനുള്ള ചെലവു കുറഞ്ഞ/സൗജന്യ പകല്‍ സമയ വൈദ്യുതി ലഭിക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനത്തിനും ഇടയാക്കും.
 

നഗരപ്രദേശങ്ങളിലെ വിതരണ സമ്പ്രദായത്തിന്റെ നവീകരണം
എല്ലാ നഗരപ്രദേശങ്ങളിലും സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ (എസ് സി എ ഡി എ)
100 നഗര കേന്ദ്രങ്ങളില്‍ ഡി.എം.എസ്
 

ഗ്രാമ-നഗര മേഖലാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു

പ്രത്യേക പരിഗണനയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള വ്യവസ്ഥ:

സിക്കിമിന്റെ വടക്കുകിഴക്കുള്ള സംസ്ഥാനങ്ങള്‍, ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവയുള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രത്യേക പരിഗണനയുള്ള സംസ്ഥാനങ്ങളായി കണക്കാക്കും.

 

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗിനായി, പ്രത്യേക പരിഗണനയില്ലാത്ത സംസ്ഥാനങ്ങള്‍ക്ക്, മുഴുവന്‍ പ്രോജക്റ്റിനും, ഉപഭോക്തൃ മീറ്ററിന് 900 രൂപ അല്ലെങ്കില്‍ 15% ഇവയില്‍  ഏതാണോ കുറവ്, ആ ഗ്രാന്റ് ലഭ്യമാക്കും. പ്രത്യേക  പരിഗണനയുള്ള സംസ്ഥാനങ്ങള്‍ക്ക് 1350 രൂപ അല്ലെങ്കില്‍ ഒരു ഉപഭോക്താവിന് 22.5%, ഇതില്‍ ഏതാണോ കുറവ്, അതാകും അനുബന്ധ ഗ്രാന്റ്.

 

കൂടാതെ, 2023 ഡിസംബറോടെ  ലക്ഷ്യമിടുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ മുഴുവന്‍ സ്ഥാപിച്ചാല്‍, മുകളില്‍ പറഞ്ഞ ഗ്രാന്റുകളില്‍ 50% അധിക പ്രത്യേക ആനുകൂല്യവും ഡിസ്‌കോമുകള്‍ക്ക് ലഭിക്കും.

 

സ്മാര്‍ട്ട് മീറ്ററിംഗ് ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേക പരിണഗനയില്ലാത്ത സംസ്ഥാനങ്ങളുടെ ഡിസ്‌കോമുകള്‍ക്ക് നല്‍കുന്ന പരമാവധി ധനസഹായം അംഗീകൃത ചെലവിന്റെ 60% ആയിരിക്കും. പ്രത്യേക പരിഗണനയുള്ള സംസ്ഥാനങ്ങളിലെ ഡിസ്‌കോമുകള്‍ക്ക്, അംഗീകൃതത്തിന്റെ 90% ആയിരിക്കും പരമാവധി ധനസഹായം.


***(Release ID: 1731611) Visitor Counter : 107