രാജ്യരക്ഷാ മന്ത്രാലയം

ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ പുരോഗതി രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് കൊച്ചിയിൽ അവലോകനം ചെയ്തു; ആത്മനിർഭർ ഭാരതത്തിന്റെ തിളക്കമാർന്ന ഉദാഹരണമായ ഐഎസി സമുദ്ര മേഖലയിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും മന്ത്രി

Posted On: 25 JUN 2021 2:17PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ജൂൺ 25, 2021

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ പുരോഗതി 2021 ജൂൺ 25 ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. ശ്രീ രാജ്‌നാഥ് സിങ്ങിനൊപ്പം നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ കെ ചൗള തുടങ്ങിയവരും സന്നിഹിതരായിരുന്നു.

രാജ്യ രക്ഷാ മന്ത്രി നിർമ്മാണ സ്ഥലം സന്ദർശിക്കുകയും 2020 നവംബറിൽ വിജയകരമായി പൂർത്തിയാക്കിയ ബേസിൻ ട്രയലുകളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ, ഓപ്പറേഷൻ സിസ്റ്റങ്ങൾ തുടങ്ങിയവ സമന്വയിപ്പിക്കുന്നതിലെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. വരും മാസങ്ങളിൽ നീറ്റിലിറക്കിയുള്ള (Sea Trials-CST) പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.

2022 ന്റെ ആദ്യ പകുതിയിൽ INS വിക്രാന്ത് എന്ന പേരിൽ വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്യപ്പെടും. മിഗ്-29 കെ യുദ്ധവിമാനങ്ങൾ, കമോവ്-31 എയർ ഏർളി വാണിംഗ് ഹെലികോപ്റ്ററുകൾ, എം‌എച്ച്-60 ആർ മൾട്ടി-റോൾ ഹെലികോപ്റ്റർ, തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള മികച്ച സമുദ്രാധിഷ്ഠിത ആസ്തിയായിരിക്കും ഈ കപ്പൽ.

വ്യോമമേഖലയിൽ ആക്രമണ പരിധി വർദ്ധിപ്പിക്കുന്നതിനും, എയർ ഇന്റർ‌ഡിക്ഷൻ, ഉപരിതല യുദ്ധ പ്രതിരോധം, ആക്രമണാത്മകവും പ്രതിരോധപരവുമായ വ്യോമ നീക്കങ്ങൾ, അന്തർവാഹിനി പ്രതിരോധം, വ്യോമ പ്രതിരോധ മുന്നറിയിപ്പ് എന്നിവയുൾപ്പെടെയുള്ള സമാനതകളില്ലാത്ത സൈനിക ശക്തിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

 

സന്ദർശന വേളയിൽ, ഇന്ത്യൻ നാവികസേനയുടെ വിവിധ കണ്ടുപിടുത്തങ്ങൾ, തദ്ദേശീയവൽക്കരണം, കോവിഡ്-19 മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു എക്സിബിഷനും രാജ്യ രക്ഷാ മന്ത്രിക്കായി സംഘടിപ്പിച്ചു. പ്രദർശനങ്ങളിൽ ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റവും (ORS) ഉൾപ്പെടുന്നു. നിലവിലിത് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ക്ലിനിക്കൽ പരീക്ഷണത്തിലാണ്. പി‌എം കെയേഴ്സ് ഹോസ്പിറ്റലുകളിൽ നിലവിൽ ഉപയോഗിക്കുന്ന മാസ്കുകളും നവരക്ഷക് പി‌പി‌ഇയും, രോഗികൾക്കുള്ള വിദൂര നിരീക്ഷണ സംവിധാനം തുടങ്ങി നവീനവും, താങ്ങാനാവുന്നതും, ഫലപ്രദവും, ഉപയോക്തൃ സൗഹൃദവുമായ മെഡിക്കൽ ഉപകരണങ്ങളും ഇതിലുൾപ്പെടും.
 
ആശുപത്രികളുടെ ഫയർ സേഫ്റ്റി ഓഡിറ്റ്, പി‌എസ്‌എ ഓക്സിജൻ പ്ലാന്റുകൾക്കുള്ള പ്രത്യേക പരിശീലനം, സമുദ്ര സേതു II, ഓക്സിജൻ എക്സ്പ്രസ് എന്നിവ സംബന്ധിച്ച വിവരങ്ങളും രാജ്യ രക്ഷാ മന്ത്രിയെ ധരിപ്പിച്ചു.
 
കൊച്ചിയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ വിദ്യാർത്ഥിയായ പത്ത് വയസുകാരൻ വീർ കശ്യപുമായി രാജ്യ രക്ഷാ മന്ത്രി സംവദിച്ചു. പ്രധാൻ മന്ത്രി ബാല പുരസ്‌ക്കാർ 2021-ൽ സമ്മാനാർഹമായ, പൊതുജനങ്ങളിൽ മഹാമാരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന 'കൊറോണ യുഗ' എന്ന നൂതന ബോർഡ് ഗെയിം വികസിപ്പിച്ചെടുത്തത്തിനാണ് പുരസ്ക്കാരം.


1971 ലെ യുദ്ധ വിജയത്തിന്റെ സ്മരണയ്ക്കായി സായുധ സേന ആഘോഷിക്കുന്ന 'സ്വർണിം വിജയ് വർഷ്', ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അനുസ്മരിക്കുന്നതിനുള്ള 'ആസാദി കാ അമൃത് മഹോത്സവ്' എന്നിവയ്ക്കായി ഇന്ത്യൻ നാവികസേന ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും രാജ്യ രക്ഷാ മന്ത്രിയെ ധരിപ്പിച്ചു.

സതേൺ നേവൽ കമാൻഡിന് കീഴിലുള്ള ചില പരിശീലന സ്ഥാപനങ്ങൾ ശ്രീ രാജ്‌നാഥ് സിംഗ് സന്ദർശിക്കുകയും, കോവിഡ്-19 മഹാമാരിക്കിടയിലും ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥർക്കും നാവികർക്കും മാത്രമല്ല, സൗഹൃദ രാജ്യങ്ങളിലെ വിദേശ നാവികർക്കും തുടർച്ചയായി പ്രൊഫഷണൽ പരിശീലനം നൽകുന്നതിൽ ഇന്ത്യൻ നാവികസേന നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 'ബഡാ ഖാന' എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത ഉച്ചഭക്ഷണ പരിപാടിയിൽ വച്ച് അദ്ദേഹം കൊച്ചിയിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും സംവദിച്ചു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത ആത്മനിർഭർ ഭാരതത്തിന്റെ തിളക്കമാർന്ന ഉദാഹരണമായ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ പുരോഗതിയിൽ രാജ്യ രക്ഷാ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. രൂപകൽപ്പന, നിർമ്മാണത്തിനുപയോഗിക്കുന്ന ഉരുക്ക്, പ്രധാന ആയുധങ്ങൾ, സെൻസറുകൾ തുടങ്ങി 75 ശതമാനം തദ്ദേശീയ ഉള്ളടക്കമാണ് വിമാനവാഹിനിക്കപ്പലിലെന്ന് അദ്ദേഹം പറഞ്ഞു. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മോഡലിന് കീഴിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഫോർ ആർ‌എഫ്‌പി, പ്രോജക്ട് 75-I-ക്ക് നൽകിയ സമീപകാല അനുമതി അദ്ദേഹം അനുസ്മരിച്ചു. ഇത് തദ്ദേശീയ നിർമ്മാണ സാങ്കേതിക വിദ്യയുടെ വികസനത്തിന് കൂടുതൽ സഹായകമാകും.


വിമാനവാഹിനിക്കപ്പലിന്റെ പോരാട്ട ശേഷി, പരിധി, വൈദഗ്ദ്ധ്യം എന്നിവ ഉയർത്തിക്കാട്ടിയ ശ്രീ രാജ്‌നാഥ് സിംഗ്, ഇത് രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും സമുദ്രമേഖലയിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും പറഞ്ഞു. കോവിഡ്-19 മഹാമാരിക്കിടയിലും വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതിൽ അഭിനന്ദനം രേഖപ്പെടുത്തിയ അദ്ദേഹം, വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്യുന്നത് 75 വർഷത്തെ സ്വാതന്ത്ര്യത്തിന് അർഹമായ ആദരമായിരിക്കുമെന്നും വ്യക്തമാക്കി.

ശക്തമായ ഇന്ത്യൻ നാവികസേന സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്ന് രാജ്യ രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു, “ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായ കാർവാറിലെ വിമാനവാഹിനിക്കപ്പലും പ്രോജക്ട് സീബേർഡും നമ്മുടെ അചഞ്ചലമായ ശ്രദ്ധയുടെ ഉദാഹരണങ്ങളാണ്”. ഇന്ത്യൻ നാവികസേനയെ നവീകരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ തദ്ദേശീയവൽക്കരണത്തിന് ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നാവികസേനയുടെ പ്രവർത്തനക്ഷമതയും വൈദഗ്ധ്യവും വർദ്ധിപ്പിക്കും. ഇന്ത്യയുടേത് ശക്തമായ ഒരു നാവിക സേനയാണെന്ന് പറഞ്ഞ അദ്ദേഹം നാവികസേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി.
 സമാധാനത്തിനും, സുരക്ഷയ്ക്കും, അഭിവൃദ്ധിക്കും ശക്തമായ നാവികസേന നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. നാവികസേനയുടെ പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

 
രാജ്യം സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും എത് പരിതഃസ്ഥിതിയും നേരിടാൻ തയ്യാറാണെന്ന് ഗാൽവാൻ സംഭവത്തിന്റെ പശ്ചാത്തലത്തിലെ ഇന്ത്യൻ നാവികസേനയുടെ വിന്യാസം സൂചിപ്പിച്ചു കൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഇന്ത്യൻ നാവികസേന സുസജ്ജമാണ്, ഏത് വെല്ലുവിളിയും നേരിടാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ SAGAR (Security and Growth for All in the Region - മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) കാഴ്ചപ്പാടും, സ്വതന്ത്രവും തുറന്നതും ഐക്യമുള്ളതുമായ ഇന്തോ-പസഫിക് എന്ന വിശാല ലക്ഷ്യവും രാജ്യരക്ഷാ മന്ത്രി ആവർത്തിച്ചു.

കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഇന്ത്യൻ നാവികസേനയുടെ സംഭാവനയെ രാജ്യരക്ഷാ മന്ത്രി പ്രശംസിച്ചു. യുദ്ധക്കപ്പലുകളിൽ വൈറസ് വ്യാപന സാധ്യത നില നിൽക്കേ സമുദ്ര സേതു ഒന്നാം ദൗത്യത്തിൽ വിദേശത്തുനിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവന്നതും, സമുദ്ര സേതു രണ്ടാം ദൗത്യത്തിൽ വിദേശത്ത് നിന്ന് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ കൊണ്ടുവന്നതും അദ്ദേഹം പരാമർശിച്ചു. ട്ടൗട്ടെ, യാസ് ചുഴലിക്കാറ്റുകൾ ആഞ്ഞുവീശിയപ്പോൾ നാവികസേന നടത്തിയ സെർച്ച് ആൻഡ് റെസ്ക്യൂ (SAR) പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

2021 ജൂൺ 24-ന് ശ്രീ രാജ്‌നാഥ് സിംഗ് കാർവാർ നാവിക താവളം സന്ദർശിച്ചു. ദക്ഷിണ നേവൽ കമാൻഡിലെ രണ്ട് ദിവസത്തെ സന്ദർശ വേളയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതിയായ  ‘പ്രോജക്ട് സീബേഡ്’-ന്റെ പുരോഗതി അദ്ദേഹം അവലോകനം ചെയ്തു.
 
RRTN/SKY


(Release ID: 1730337) Visitor Counter : 360