ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൊറോണ വൈറസ്സിനെതിരായ ഏറ്റവും ലളിതവും ഫലപ്രദവുമായ ആയുധമാണ് മാസ്കുകളെന്ന് ഡോ. ഹർഷവർദ്ധൻ
Posted On:
18 JUN 2021 4:19PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 18, 2021
ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് മുന്നണി പോരാളികൾക്ക് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ മാസ്കുകൾ വിതരണം ചെയ്തു. ഇത് പ്രതീകാത്മകമായ ഒരു നടപടി ആണെങ്കിൽ കൂടിയും, വിവിധ വ്യവസായങ്ങൾ, കോർപ്പറേറ്റ് സംരംഭങ്ങൾ എന്നിവയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ, പ്രധാന ചുമതല വഹിക്കുന്ന രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഈ മുന്നേറ്റത്തിന് കരുത്ത് പകരണം എന്നും, അങ്ങനെ ജൻ ആന്തോളൻ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൊറോണാ വൈറസ്സിന്റെ എല്ലാ വകഭേദങ്ങൾക്കും എതിരായുള്ള ശക്തവും, ഫലപ്രദവും, ലളിതവുമായ ആയുധമാണ് മാസ്ക്കുകൾ എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ കീഴിലെ തൊഴിലാളികൾക്ക് മാസ്ക്കുകൾ ലഭ്യമാണെന്നും, അവർ അത് കൃത്യമായി ധരിക്കുന്നുണ്ട് എന്നും ഉറപ്പാക്കണമെന്ന്, കോർപ്പറേറ്റ്- വ്യവസായ മേഖലകളിലെയും, സാമൂഹിക സംഘടനകളിലെയും തൊഴിൽദാതാക്കൾ, ഇതര -മന്ത്രാലയങ്ങളിലെ സഹപ്രവർത്തകർ, പ്രധാന പദവി വഹിക്കുന്ന രാഷ്ട്രീയനേതാക്കൾ എന്നിവരോട് അദ്ദേഹം അഭ്യർത്ഥിച്ചു. കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ തൊഴിലാളികൾക്ക് പ്രോത്സാഹനം നൽകണമെന്നും ഡോ. ഹർഷവർദ്ധൻ ഓർമിപ്പിച്ചു.
18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കുമുള്ള പ്രതിരോധകുത്തിവെപ്പ് രാജ്യത്ത് സൗജന്യമാക്കിയതിലൂടെ സാർവത്രിക പ്രതിരോധ കുത്തിവെപ്പിന് ഭാരത സർക്കാർ പൂർണ്ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു. ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ, എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
RRTN/SKY
(Release ID: 1728247)
Visitor Counter : 199