ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഗ്രാമീണ മേഖലകളിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ്; അബദ്ധ പ്രചാരണങ്ങളും യാഥാർത്ഥ്യങ്ങളും
Posted On:
15 JUN 2021 2:43PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 15, 2021
പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ വഴി കുത്തിവെപ്പിന് മുന്പായി രജിസ്റ്റർ ചെയ്യേണമെന്നോ, മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യേണമെന്നോ നിർബന്ധമല്ല.
18 വയസ്സോ, അതിനു മുകളിലോ പ്രായമുള്ള ഏത് വ്യക്തിക്കും തന്റെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന്, വാക്സിനേറ്റർ മുഖേന തൽസമയ രജിസ്ട്രേഷൻ നടത്തി അപ്പോൾ തന്നെ വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇത് “വാക്ക്-ഇൻ” എന്നാണ് അറിയപ്പെടുന്നത്.
പൊതു സേവന കേന്ദ്രങ്ങൾ (CSCs) വഴി, മറ്റുള്ളവരുടെ സഹായത്തോടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന രീതി Co-WIN ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണ്. ഗ്രാമീണമേഖല, നഗരങ്ങളിലെ ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ഗുണഭോക്താക്കളെ, അവരുടെ തൊട്ടടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിച്ചു തൽസമയ രജിസ്ട്രേഷനിലൂടെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ഒരുമിച്ച് കൂട്ടുന്നുണ്ട്. 1075 ഹെൽപ്ലൈനിലൂടെ രജിസ്ട്രേഷൻ നടപടികൾക്ക് ഉള്ള അധിക സഹായ സൗകര്യവും പ്രവർത്തന സജ്ജമായിട്ടുണ്ട്.
ഗ്രാമീണ മേഖലകൾക്കായി സജ്ജമാക്കിയിട്ടുള്ള പ്രത്യേക നടപടികൾ അടക്കം മുകളിൽ പറഞ്ഞ എല്ലാ സംവിധാനങ്ങളും നിലവിൽ പ്രവർത്തന സജ്ജമാണ്. ഗ്രാമീണമേഖലയിൽ നീതിപൂർവകമായ വാക്സിൻ ലഭ്യത ഇവ ഉറപ്പാക്കുന്നു എന്നതിന് തെളിവാണ് 2021 ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം, കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28.36 കോടി ഗുണഭോക്താക്കളിൽ, 16.45 കോടി (58 ശതമാനം) തൽസമയ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തിയവരാണ്. 2021 ജൂൺ 13 വരെ കോവിൻ പോർട്ടലിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള 24.84 കോടി ഡോസുകളിൽ, 19.84 കോടി ഡോസ് (മൊത്തം വിതരണം ചെയ്ത ഡോസ്കളുടെ 80 ശതമാനത്തോളം), ഓൺസൈറ്റ്/വാക്ക്-ഇൻ രജിസ്ട്രേഷൻ വഴിയാണ് വിതരണം ചെയ്തത്.
2021 മെയ് ഒന്നുമുതൽ 2021 ജൂൺ 12 വരെ, രാജ്യത്ത് ഉടനീളം വാക്സിൻ വിതരണം ചെയ്ത 1,03,585 കേന്ദ്രങ്ങളിൽ, 26,114 എണ്ണം ഉപ-ആരോഗ്യ കേന്ദ്രങ്ങളിലും, 26,287 എണ്ണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 9,441 എണ്ണം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പ്രവർത്തിച്ചത്. ഇത് രാജ്യത്തെ മൊത്തം വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ 59.7 ശതമാനം വരും.
ഉപ-ആരോഗ്യ കേന്ദ്രങ്ങളിലും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും സജ്ജമാക്കിയിരുന്ന എല്ലാ വാക്സിൻ വിതരണ കേന്ദ്രങ്ങളും ഗ്രാമീണമേഖലയിൽ ആയിരുന്നു. ഇവിടങ്ങളിൽ ഗുണഭോക്താക്കൾക്ക് നേരിട്ട് പോയി തൽസമയ രജിസ്ട്രേഷനിലൂടെ കുത്തിവെപ്പ് സ്വീകരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു.
സംസ്ഥാനങ്ങൾ, ‘റൂറൽ’ അല്ലെങ്കിൽ ‘അർബൻ’ എന്ന് കോവിൻ പോർട്ടലിൽ തരം തിരിച്ചിട്ടുള്ള 69,995 മൊത്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ. 49,883 എണ്ണം (71 ശതമാനം) ഗ്രാമീണ മേഖലകളിലാണ് സജ്ജമാക്കിയിട്ടുള്ളത്.
2021 ജൂൺ 3 വരെ കോവിൻ പോർട്ടലിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരം, രാജ്യത്തെ ഗിരിവർഗ്ഗ മേഖലയിലെ പ്രതിരോധ കുത്തിവെപ്പിന്റെ നിലവിലെ അവസ്ഥ താഴെ പറയുന്നു:
1. രാജ്യത്തെ ഗിരിവർഗ്ഗ ജില്ലകളിൽ ദശലക്ഷം പേരിൽ വാക്സിൻ ലഭ്യമായവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്
2. 176 ഗിരിവർഗ്ഗ ജില്ലകളിൽ 128 എണ്ണം ദേശീയ പ്രതിരോധ കുത്തിവെപ്പ് നടപടികളെക്കാൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്
3. രാജ്യത്തെ ഗിരിവർഗ്ഗ ജില്ലകളിൽ ദേശീയ ശരാശരിയെക്കാൾ മികച്ച രീതിയിൽ തത്സമയ രജിസ്ട്രേഷൻ നടക്കുന്നു
4. വാക്സിൻ സ്വീകരിച്ചവരുടെ ലിംഗ അനുപാതത്തിലും ഗിരിവർഗ്ഗ മേഖലകൾ മുൻപന്തിയിലാണ്.
ദശലക്ഷം പേരിൽ വിതരണം ചെയ്ത ഡോസുകൾ
ദേശീയം: 1,68,951
ഗിരിവർഗ്ഗ ജില്ലകൾ : 1,73,875
സ്ത്രീപുരുഷ അനുപാതം
ദേശീയം: 54 : 46
ഗിരിവർഗ്ഗ ജില്ലകൾ: 53 : 47
വാക്ക്-ഇൻ - ഓൺലൈൻ വാക്സിനേഷൻ
ദേശീയം: 81 : 19
ഗിരിവർഗ്ഗ ജില്ലകൾ: 88 : 12
മുകളിൽ പറഞ്ഞ കണക്കുകൾ രാജ്യത്തെ നഗര -ഗ്രാമീണ മേഖലകളിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളുടെ മുനയൊടിക്കുന്നതാണ്. ഗ്രാമീണ മേഖലകളിൽ പ്രത്യേകിച്ചും ഒറ്റപ്പെട്ടുകിടക്കുന്ന ഭാഗങ്ങളിൽ പോലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കാൻ അവസരമൊരുക്കുന്ന സമഗ്രവും ലളിതവുമായ ഒരു സംവിധാനമാണ് കോവിൻ പോർട്ടൽ.
RRTN/SKY
(Release ID: 1727245)
Visitor Counter : 277