പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക പരിസ്ഥിതി ദിനത്തിലെ പ്രധാന മന്ത്രിയുടെ പ്രസംഗം

Posted On: 05 JUN 2021 3:15PM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ നിതിൻ ഗഡ്കരി ജി,നരേന്ദ്ര സിംഗ് തോമർ ജി ,  പ്രകാശ് ജാവദേക്കർ ജി, പിയൂഷ് ഗോയൽ ജി, ധർമേന്ദ്ര പ്രധാൻ ജി,ഗുജറാത്തിലെ ഖേദയിൽ നിന്നുള്ള എംപി ദേവൂ സിംഗ് ജെസിങ് ഭായ് ചൗഹാൻ ജി, യുപിയിലെ ഹർഡോയ്‌ എംപി ജയപ്രകാശ് റാവത്ത് ജി, പൂനെ മേയർ മുരളീധർ മോഹോൾ ജി, പിംപ്രി-ചിന്ച്ച്വാദ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഉഷാ ജി, ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,

 എന്റെ കർഷക സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ  അവർ എത്ര എളുപ്പമാണ് സ്വീകരിച്ചതെന്ന് വളരെ സ്പഷ്ടമായി വിശദീകരിച്ചുതന്നു. അതിൽ ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നു. രാജ്യത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ ശുദ്ധ ഊർജ്ജ പ്രചാരണ പരിപാടിയുടെ വലിയ നേട്ടം കാർഷികമേഖലയ്ക്ക് ലഭിക്കുന്നത് സ്വാഭാവികമാണ്. ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യ മറ്റൊരു സുപ്രധാന ചുവട് വച്ചിരിക്കുന്നു . എഥനോൾ മേഖലയുടെ വികസനത്തിനായുള്ള വിശദമായ മാർഗ്ഗരേഖ പ്രകാശനം ചെയ്യുന്നതിനുള്ള സവിശേഷ അവസരം ഇന്നെനിക്ക് ലഭിച്ചിരിക്കുന്നു.  എഥനോൾ ഉല്പാദനവും വിതരണവുമായി ബന്ധപ്പെട്ട   അഭിലാഷ പദ്ധതി ആയ E-100 പൈലറ്റ്  പദ്ധതി പൂനെയിലും ഉദ്ഘാടനം ചെയ്തു. പൂനെയിലെ ജനങ്ങളെയും മേയറെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ ലക്ഷ്യം യഥാസമയം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഏവരെയും ഞാൻ ആശംസിക്കുന്നു

 സുഹൃത്തുക്കളെ,
 ഏഴെട്ട് വർഷം മുൻപ് വരെ നമ്മുടെ രാജ്യത്ത് എഥനോളിനെ  കുറിച്ച് വളരെ അപൂർവമായിമാത്രമേ ചർച്ച നടന്നിരുന്നുള്ളൂ. ഒരാളും അതിനെക്കുറിച്ച് സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല. അഥവാ സംസാരിച്ചാലും അത് വളരെ സാധാരണ ചർച്ച മാത്രം ആകുമായിരുന്നു. എന്നാൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ  മുൻഗണനകളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിഎഥനോൾ മാറിയിരിക്കുന്നു. എഥനോളിലുള്ള ശ്രദ്ധ പരിസ്ഥിതിയിലും കർഷകരുടെ ജീവിതത്തിലും  വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2025 ഓടെ പെട്രോളിൽ 20% എഥനോൾ ചേർക്കാനുള്ള തീരുമാനം നാം കൈക്കൊണ്ടിരിക്കുന്നു  . ഈ ലക്ഷ്യത്തെപ്പറ്റി ആദ്യം ചിന്തിച്ചപ്പോൾ 2030ഓടെ അത് യാഥാർത്ഥ്യമാക്കാൻ ആണ് ആദ്യം കരുതിയത്. എന്നാൽ സമീപകാലത്തെ വിജയങ്ങൾ, പൊതുജനപിന്തുണ, ജനങ്ങൾക്കിടയിലെ ബോധവൽക്കരണം, ഒപ്പം ഏവരും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുകയും  ചെയ്ത പശ്ചാത്തലത്തിൽ, യഥാർത്ഥ ലക്ഷ്യത്തിനും 5 വർഷം മുൻപ്, 2025ഓടെ അത് പൂർത്തിയാക്കാനാണ് നാം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

 സുഹൃത്തുക്കളെ,
 കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളും, രാജ്യം നടത്തിയ പരിശ്രമങ്ങളും വിജയങ്ങളും ആണ് 
 ഇത്ര വലിയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം പകർന്നു നൽകിയത്. 2014 വരെ രാജ്യത്ത് ശരാശരി 1.5% എഥനോൾ ആണ്  പെട്രോളിൽ മിശ്രണം  ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ അത് ഏകദേശം 8.5% ആയിരിക്കുന്നു. 2013-14 ൽ ഏകദേശം 38 കോടി ലിറ്ററോളംഎഥനോൾ ആണ് രാജ്യത്ത്   വാങ്ങിയിരുന്നത് . ഇപ്പോൾ അതിന്റെ ഏതാണ്ട് എട്ടു മടങ്ങോളം,അതായത് 320 കോടിയിലധികം ലിറ്റർ വാങ്ങുന്നതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞവർഷം മാത്രം എണ്ണ വിതരണ കമ്പനികൾ ഏതാണ്ട്  21,000 കോടി രൂപയുടെ എഥനോൾ വാങ്ങി. 21,000 കോടി രൂപയുടെ  വലിയൊരു പങ്കും രാജ്യത്തെ കർഷകരുടെ പോക്കറ്റുകളിലേക്കാണ്പോയത്. ഇത് പ്രത്യേകിച്ചും, കരിമ്പ് കർഷകർക്ക് നേട്ടമുണ്ടാക്കി. 2025ഓടെ പെട്രോളിൽ 20% എഥനോൾ മിശ്രണം  ചെയ്യാൻ ആരംഭിക്കുന്നതോടെ എണ്ണക്കമ്പനികളിൽ നിന്നും നേരിട്ട് കർഷകർക്ക് ലഭിക്കാൻ പോകുന്ന വലിയ തുകയെ കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവും. പഞ്ചസാരയുടെ അധിക ഉൽപാദനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ലഘൂകരിക്കാനും ഇത് സഹായിക്കും. ചിലപ്പോൾ അധിക വിളവ് കാരണം ലോകത്ത്  പഞ്ചസാര വാങ്ങാൻ ഒരാൾപോലും ഉണ്ടാകാതിരിക്കുകയും രാജ്യത്ത് വില  ഇടിഞ്ഞു താഴുകയും ചെയ്യാറുണ്ട്.
 അപ്പോൾ ഇത് എവിടെ സംഭരിക്കുമെന്ന ഒരു വലിയ വെല്ലുവിളി ഉയർന്നുവരും. അത്തരം വെല്ലുവിളികളെ എല്ലാം കുറച്ചുകൊണ്ട് കരിമ്പ് കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഊർജ്ജം ലഭിക്കുന്നത് ആധുനിക ചിന്തയിലൂടെ യും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്അ നുസൃതമായ നവീന നയങ്ങളിലൂടെയും മാത്രമായിരിക്കും. ഈ ചിന്തയോടെ, ഗവൺമെന്റ് നിരന്തരം എല്ലാമേഖലകളിലും നയ തീരുമാനം എടുക്കുന്നു. രാജ്യത്ത് എഥനോൾ ഉല്പാദനവും വിതരണവും സംബന്ധിച്ച അടിസ്ഥാനസൗകര്യവികസനത്തിന് വലിയ ഊന്നൽ നൽകിയിരിക്കുന്നു. ഇതുവരെ പഞ്ചസാര ഉത്പാദനം കൂടുതൽ ആയിട്ടുള്ള നാല ഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് എഥനോൾ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.  കേടായ ധാന്യങ്ങൾ ഉപയോഗിക്കുന്നതിന് ഭക്ഷ്യധാന്യ അധിഷ്ഠിത ഡിസ്റ്റിലറികൾഇപ്പോൾ സ്ഥാപിക്കുകയും അത് രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാർഷിക അവശിഷ്ടങ്ങളുടെ നിന്നും എഥനോൾ നിർമ്മിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ അധിഷ്ഠിത  പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നു.

 സുഹൃത്തുക്കളെ,
 കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോള പരിശ്രമങ്ങളിൽ ഇന്ത്യ ഒരു പ്രതീക്ഷാ കിരണമായി ഉയർന്നുവന്നിരിക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള ഒരു വിശ്വസ്ത പങ്കാളിയായി ഇന്ത്യ ഇന്ന്  അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു . ഒരുകാലത്ത് ഇന്ത്യയിലെ വലിയ ജനസംഖ്യ കാരണം, ലോകം,  കാലാവസ്ഥവ്യതിയാനത്തോടുള്ള ഒരു വെല്ലുവിളിയായി ഇന്ത്യയെ നോക്കി കണ്ടിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറി. ഇന്ന്  നമ്മുടെ രാജ്യം കാലാവസ്ഥ നീതിയുടെ നേതൃനിരയിലേക്ക് ഉയർന്നുവരികയും ദുർഘടമായ പ്രതിസന്ധിക്ക് എതിരെയുള്ള ഒരു വലിയ ശക്തിയായി രൂപപ്പെട്ടിരിക്കുകയും ചെയ്യുന്നു. 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ആയി അന്താരാഷ്ട്ര സൗര സഖ്യം സ്ഥാപിച്ചത് വഴിയും, പ്രകൃതി ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെയും ഇന്ത്യ ഒരു ഉയർന്ന ആഗോള വീക്ഷണത്തിലൂടെയാണ് മുന്നേറുന്നത്. കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ലോകത്തെ  10 മുൻനിര രാഷ്ട്രങ്ങളിൽ ഒന്നായി ഇന്ത്യ സ്വയം മാറിയിരിക്കുന്നു.

 സുഹൃത്തുക്കളെ,
 കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന വെല്ലുവിളികളെ കുറിച്ച് അവബോധമുള്ള ഇന്ത്യ വളരെ സജീവമായി അതിനെതിരെ പ്രവർത്തിക്കുന്നു. ഒരുവശത്ത് ആഗോള ദക്ഷിണ മേഖലയിലെ ഊർജ്ജ നീതിയെക്കുറിച്ച് നാം പ്രതികരിക്കുകയും ആഗോള ഉത്തരമേഖലയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വാദിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് നമ്മുടെ പങ്ക് വളരെ ഗൗരവപൂർവ്വം നാം നിർവഹിക്കുകയും ചെയ്യുന്നു. നമ്മുടെ നയങ്ങളിലും തീരുമാനങ്ങളിലും കഠിനവും ലഘുവും ആയ ഘടകങ്ങൾക്ക് തുല്യപ്രാധാന്യം നല്കികൊണ്ട് ഉള്ള ഒരു ഊർജപരിവർത്തന പാത ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നു. കഠിനമായ ഘടകങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുകയാണെങ്കിൽ, വലിയ ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ഇന്ത്യയുടെ മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വേഗതയെ ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
 കഴിഞ്ഞ ആറ് -ഏഴ് വർഷമായി പുനരുപയോഗ ഊർജ്ജ മേഖലയിലെ നമ്മുടെ ശേഷി 250 ശതമാനത്തിൽ  ഏറെയായി വർദ്ധിച്ചിരിക്കുന്നു. സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയിൽ ഇന്ത്യ ഇന്ന് ലോകത്തെ ആദ്യ അഞ്ച് രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. മറ്റൊരു പ്രധാന വസ്തുത, സൗരോർജ്ജ ശേഷിയിൽ കഴിഞ്ഞ ആറുവർഷമായി 15 മടങ്ങ് വർധന ഉണ്ടായിരിക്കുന്നു എന്നതാണ് . ഇന്ന് ലോകത്തെ ഏറ്റവും വലിയ സൗര, സങ്കര ഊർജ്ജ പാർക്ക് ഗുജറാത്തിലെ കച്ച് മരുഭൂമിയിൽ നിർമ്മിക്കുകയും പഴയ 14 ജിഗാവാട്ട് കൽക്കരി പ്ലാന്റുകൾ അടച്ചുപൂട്ടുകയും ചെയ്തിരിക്കുന്നു.
 ഒരു മൃദുല സമീപനത്തോടെ രാജ്യം ഒരു ചരിത്രപരമായ  ചുവടുവെപ്പാണ് കൈക്കൊണ്ടത്. ഇന്ന് രാജ്യത്തെ സാധാരണക്കാരൻ പോലും പരിസ്ഥിതി അനുകൂല പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും  അവ നയിക്കുകയും ചെയ്യുന്നു

 ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെ പറ്റിയുള്ള അവബോധം എങ്ങനെ സൃഷ്ടിക്കാം എന്ന് നാം കണ്ടതാണ്. ജനങ്ങൾ അവരുടെ സ്വന്തം മാർഗ്ഗത്തിലൂടെ അതിനായി ശ്രമിക്കുന്നു. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മുടെ ബീച്ചുകളുടെ വൃത്തി നോക്കൂ.നമ്മുടെ യുവാക്കൾ അതിനായി മുൻകൈ എടുക്കുന്നു. അല്ലെങ്കിൽ സ്വഛ് ഭാരത് പ്രചാരണ   പരിപാടി പോലുള്ളവ  ആകട്ടെ,രാജ്യത്തെ സാധാരണക്കാരൻ പോലും അവരുടെ ഉത്തരവാദിത്വമായി എടുക്കുകയും മുന്നോട്ട്കൊണ്ടു പോവുകയും ചെയ്യുന്നു. 37 കോടിയിലധികം എൽഇഡി ബൾബുകളും , 23 ലക്ഷത്തിലധികം ഊർജ്ജ ക്ഷമതയുള്ള  ഫാനുകളും വിതരണം ചെയ്തത് വഴി പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച സ്വാധീനം ഉളവാക്കാൻ ആവുകയും എന്നാൽ ജനങ്ങൾ അവയെപ്പറ്റി ചർച്ച ചെയ്യുന്നത് മറന്നുപോവുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതൊരു പ്രധാന ചർച്ചാവിഷയം ആകണം. അതുപോലെ ഉജ്ജ്വല പദ്ധതി വഴി കോടിക്കണക്കിന് ആൾക്കാർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകിയത് വഴിയും സൗഭാഗ്യ പദ്ധതി വഴി വൈദ്യുതി  നൽകിയത് വഴിയും വിറകിന് മേലുള്ള അവരുടെ ആശ്രയത്വം കുറയ്ക്കാൻ കഴിഞ്ഞു.
 നേരത്തെ അടുക്കളയിൽ വിറക് കത്തിക്കുന്ന പുകയ്ക്കുള്ളിൽ അവർക്ക് അവരുടെ ജീവിതം ചെലവിടേണ്ടിയിരുന്നു.മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇത് നമ്മുടെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതും കൂടുതലായി ചർച്ച ചെയ്യപ്പെട്ടില്ല. ഈ പരിശ്രമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ടൺ കാർബൺഡയോക്സൈഡ് ബഹിർഗമനം ഇന്ത്യ തടയുകയും കാലാവസ്ഥ വ്യതിയാന ലഘൂകരണ ദിശയിൽ ഇന്ത്യ നേതൃനിരയിലെത്തുകയും ചെയ്തു. ഇതിനു സമാനമായി,മൂന്നു ലക്ഷത്തിലധികം ഊർജ്ജ ക്ഷമതയുള്ള പമ്പുകൾ  സ്ഥാപിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത്  ഇന്ത്യ പ്രതിരോധിക്കുന്നു.

 സുഹൃത്തുക്കളെ,
 പ്രകൃതി സംരക്ഷണത്തിനായി വികസന പ്രവർത്തനങ്ങളെ  തടസ്സപ്പെടുത്തേണ്ടത്അ ത്യാവശ്യമല്ല എന്നതിന് ഇന്ത്യ  സ്വയം ഒരു ഉദാഹരണമായി ലോകത്തിന് കാട്ടിക്കൊടുക്കുന്നു. സമ്പദ് വ്യവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഒരുമിച്ച്   മുന്നോട്ടുപോകാൻ കഴിയും. ആ പാതയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ വനവിസ്തൃതിയിൽ 15,000 ചതുരശ്ര കിലോമീറ്റർ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ രാജ്യത്തെ കടുവകളുടെ എണ്ണം വർധിക്കുകയും ചീറ്റപ്പുലികളുടെ എണ്ണം 60 ശതമാനം കണ്ട് വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം മദ്ധ്യേ പെഞ്ച് നാഷണൽ പാർക്കിലെ വന്യജീവി സൗഹൃദ ഇടനാഴി ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

 സുഹൃത്തുക്കളെ,
 ശുദ്ധവും കാര്യക്ഷമവുമായ ഊർജ്ജ സംവിധാനം, മാറ്റങ്ങൾ ഉൾക്കൊള്ളാവുന്ന നഗര അടിസ്ഥാനസൗകര്യം, ആസൂത്രിതമായ ഇക്കോ പുനരധിവാസം എന്നിവ ആത്മ നിർഭർ ഭാരത് പ്രചാരണ പരിപാടിയുടെ വളരെ പ്രധാന ഭാഗമാണ്. ഹരിതാവരണത്തോട് കൂടിയ ഹൈവേ- എക്സ്പ്രസ് വേ, സൗരോർജ്ജ മെട്രോകൾ, ഇലക്ട്രിക് വാഹനങ്ങൾ, അല്ലെങ്കിൽ ഹൈഡ്രജൻ ഇന്ധനമായുള്ള വാഹനങ്ങളുടെ  ഗവേഷണം പ്രോത്സാഹിപ്പിക്കൽ എന്തുമാകട്ടെ, ഇവയെല്ലാം ഒരു വിശദമായ നയതന്ത്രത്തിലൂടെ വേണം പ്രാവർത്തികമാക്കേണ്ടത്. പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പരിസ്ഥിതി അനുബന്ധ പരിശ്രമങ്ങളിലൂടെ തൊഴിൽ ലഭിക്കുകയും ചെയ്യുന്നു.


 സുഹൃത്തുക്കളെ,
 വ്യവസായങ്ങളിലൂടെ മാത്രമാണ് വായുമലിനീകരണം വ്യാപിക്കുന്നത് എന്ന ഒരു പൊതുവായ ധാരണയുണ്ട്. എന്നാൽ ഗതാഗതം, ശുദ്ധമല്ലാത്ത ഇന്ധനങ്ങൾ, ഡീസൽ ജനറേറ്ററുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ വായു മലിനീകരണത്തിന് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഭാവന നൽകുന്നു. അതുകൊണ്ട് ഈ ദിശയിൽ എല്ലാം പ്രവർത്തിക്കുന്നതിന്, ദേശീയ  ശുദ്ധവായു പദ്ധതിയിലൂടെ ഒരു സമഗ്ര സമീപനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത് . ജല പാതകളിലും മൾട്ടി മോഡൽ കണക്ടിവിറ്റിയിലും നടക്കുന്ന പ്രവർത്തനങ്ങൾ ഹരിത ഗതാഗത ലക്ഷ്യത്തെ ശാക്തീകരിക്കുകയും രാജ്യത്തെ ചരക്കുനീക്കത്തിലെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. രാജ്യത്തെ നൂറുകണക്കിന് ജില്ലകളിലെ സിഎൻജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളും ഫാസ്റ്റാഗ് പോലുള്ള ആധുനിക സംവിധാനങ്ങളും മലിനീകരണം കുറയ്ക്കാൻ വളരെ സഹായിക്കുന്നു. ഇന്ന് രാജ്യത്തെ മെട്രോ സേവനം അഞ്ച് നഗരങ്ങളിൽ നിന്നും 18 നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. സബർബൻ റെയിൽവേ പദ്ധതികൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു

 സുഹൃത്തുക്കളെ,
 രാജ്യത്തെ റെയിൽവേ ശൃംഖലയുടെ വലിയ ഒരു ഭാഗവും വൈദ്യുതികരിച്ച്കഴിഞ്ഞു. സൗരോർജ്ജ അധിഷ്ഠിത വിമാനത്താവളങ്ങൾ  വളരെ ദ്രുതഗതിയിൽ നിർമ്മിക്കപ്പെടുന്നു . 2014 ന്മു ൻപ്,7 വിമാനത്താവളങ്ങളിൽ മാത്രമാണ് സൗരോർജ്ജ അധിഷ്ഠിത സൗകര്യങ്ങൾ ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് അവയുടെ എണ്ണം അമ്പതിലധികം ആയി ഉയർന്നിരിക്കുന്നു. എൺപതിലധികം വിമാനത്താവളങ്ങളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. ഭാവിയിലേക്ക് സജ്ജമാക്കിയിരിക്കുന്ന മറ്റൊരു ഉദാഹരണവും  എടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
 ലോകത്തെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ ഗുജറാത്തിൽ നിർമ്മിച്ചിരിക്കുന്നു. ഏകതാ പ്രതിമ നിലകൊള്ളുന്ന മനോഹരമായ കെവാദിയ  നഗരത്തെ, ഇലക്ട്രിക് വൈദ്യുത വാഹന നഗരം ആക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭാവിയിൽ ബാറ്ററി അധിഷ്ഠിത ബസ്സുകൾ,ഇരുചക്രവാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ മാത്രമായിരിക്കും കെവാദിയയിലൂടെ സഞ്ചരിക്കുക. ഇതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അവിടെ ലഭ്യമാക്കും.


സുഹൃത്തുക്കളെ,
 ജലചക്രം, കാലാവസ്ഥാവ്യതിയാനവുമായി നേരിട്ട്ബന്ധപ്പെട്ടിരിക്കുന്നു. ജല ചക്രത്തിലെ അസന്തുലിതാവസ്ഥ ജല സുരക്ഷയെ നേരിട്ട് ബാധിക്കും. രാജ്യത്ത്ജലസുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന  പ്രവർത്തനങ്ങൾ മുൻപെങ്ങും നടത്തിയിട്ടില്ല. രാജ്യത്തെ ജലസ്രോതസുകളുടെ നിർമ്മാണം മുതൽ സംരക്ഷണം വരെ സമഗ്ര സമീപനത്തോടെ ആണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുള്ള ഒരു വലിയ മാധ്യമമാണ് ജൽ ജീവൻ  മിഷൻ.ഈ സമയത്ത് ജൽ ജീവൻ ദൗത്യത്തിൽ ഒരു പ്രധാന പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നും അതിനായി രാജ്യത്തെ എല്ലാ ജനങ്ങളുടെയും സഹായം എനിക്ക് ആവശ്യമാണെന്നും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ. അതായത് മഴവെള്ളം സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക

 സഹോദരി സഹോദരന്മാരെ,
 ഏഴു ദശാബ്ദങ്ങളായി, ഏകദേശം 30 ദശലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് ആണ് രാജ്യത്ത്പൈ പ്പ് വാട്ടർ കണക്ഷൻ ലഭിച്ചിരുന്നത്, എന്നാൽ വെറും രണ്ട് വർഷത്തിനുള്ളിൽ 40 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷൻ നൽകാൻ കഴിഞ്ഞു. ഒരുവശത്ത് എല്ലാ വീടുകൾക്കും പൈപ്പ് വാട്ടർ കണക്ഷൻ  ലഭ്യമാക്കുന്നതോടൊപ്പം മറുവശത്ത് അടൽ ഭൂജൽ യോജന, ക്യാച്ച്  ദി റെയിൻ തുടങ്ങിയ പ്രചാരണ പരിപാടികളിലൂടെ ഭൂജല വിതാനം ഉയർത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തി വരുന്നു

 സുഹൃത്തുക്കളെ,
നമ്മുടെ പൗരാണിക പാരമ്പര്യത്തിന്റെ പ്രധാനഭാഗമായിരുന്ന 
 വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലനത്തെ സ്വാശ്രയ ഇന്ത്യയുടെ കരുത്താക്കി   നമ്മളും മാറ്റുന്നു . പ്രകൃതിയും ജന്തുക്കളും തമ്മിലുള്ള ബന്ധത്തിന്റെ സന്തുലനത്തെ പറ്റി നമ്മുടെ വേദഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു ; ദ്വേഷവും സമ്പൂർണ്ണതയും; ജീവജാലവും ശിവനും. यत् पिंडे तत् ब्रह्मांडे -ജീവനുള്ള അസ്തിത്വമുള്ള ശരീരം പ്രപഞ്ചത്തിൽ ആണെന്ന് -നമ്മുടെ രാജ്യത്ത് പറയപ്പെടുന്നു.  നമുക്കായി നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പരിസ്ഥിതിയെ നേരിട്ട് ബാധിക്കുന്നു. അതുകൊണ്ട്, നമ്മുടെ വിഭവങ്ങളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട നമ്മുടെ പരിശ്രമങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ് . ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വർത്തുള സമ്പത്ത് വ്യവസ്ഥയിൽ, ഈ വിഭവങ്ങൾക്ക്  വളരെ കുറഞ്ഞ സമ്മർദ്ദം നേരിടേണ്ടിവരുന്ന ഉൽപ്പന്നങ്ങളെകുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും നാം ശ്രദ്ധ ചെലുത്തണം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഭവങ്ങൾ പുനചംക്രമണം ചെയ്യാൻ മികച്ച സാധ്യതയുള്ള 11 മേഖലകളെ ഗവൺമെന്റ് കണ്ടെത്തിയിട്ടുണ്ട്. അവശിഷ്ടത്തിൽ നിന്ന് സമ്പാദ്യം എന്ന പ്രചാരണ പരിപാടിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുകയും ഇപ്പോൾ മിഷൻ മോഡിൽ ആ പ്രവർത്തനം വളരെ ദ്രുതഗതിയിൽ മുന്നേറുകയുമാണ്. വീടുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ, ലോഹഭാഗങ്ങൾ അല്ലെങ്കിൽ ലിഥിയം അയൺ ബാറ്ററികൾ തുടങ്ങി പല മേഖലകളിലും നവീന സാങ്കേതിക വിദ്യയിലൂടെയുള്ള  പുനചംക്രമണം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇതിന്റെ നിർവഹണം, നിയന്ത്രണം, വികസനം തുടങ്ങി എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര കർമപദ്ധതി, വരും മാസങ്ങളിൽ നടപ്പാക്കപ്പെടുന്നതാണ്

 സുഹൃത്തുക്കളെ,
 നമ്മുടെ പരിസ്ഥിതിയെയും കാലാവസ്ഥയെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്  പ്രാധാന്യമർഹിക്കുന്നു. ജലം,വായു, ഭൂമി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് രാജ്യത്തെ ഓരോ പൗരനും  ഐക്യത്തോടെ പ്രവർത്തിച്ചാൽ  മാത്രമേ ഭാവിതലമുറയ്ക്ക് സുരക്ഷിതമായ ഒരു പരിസ്ഥിതി നൽകാൻ നമുക്ക് കഴിയൂ. നമ്മുടെ പൂർവികരുടെ ആഗ്രഹം ഇതായിരുന്നു, അവർ നമുക്കായി ഒരു പ്രധാനപ്പെട്ട സന്ദേശം കാത്തു വെച്ചു. നമ്മുടെ പൂർവ്വികർക്ക് നമ്മളിൽ നിന്നുള്ള പ്രതീക്ഷ എന്തായിരുന്നു? पृथ्वीः पूः च उर्वी भव - അതായത് ഭൂമി  മുഴുവനും, മുഴുവൻ പരിസ്ഥിതിയും നമുക്കെല്ലാവർക്കും പ്രയോജനപ്രദം ആകട്ടെ, നമ്മുടെ എല്ലാ സ്വപ്നങ്ങൾക്കും അവസരം നൽകുകയും ചെയ്യട്ടെ എന്നതായിരുന്നു അത്. ലോക പരിസ്ഥിതി ദിനത്തിൽ ഞാൻ നിങ്ങൾക്കേവർക്കും ആശംസകൾ നേരുന്നു . നിങ്ങൾ ഓരോരുത്തരും സ്വയം സൂക്ഷിക്കുകയും സ്വയം ആരോഗ്യമുള്ളവരായി ഇരിക്കുകയും കുടുംബാംഗങ്ങളെ ആരോഗ്യമുള്ളവരായി സംരക്ഷിക്കുകയും ചെയ്യുക. കോവിഡ്പ്രോ ട്ടോകോളിൽ ഒരുവിധ അലംഭാവവും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ എല്ലാവർക്കും നന്ദി

 

***



(Release ID: 1725827) Visitor Counter : 598