ഊര്‍ജ്ജ മന്ത്രാലയം
ഇന്ത്യയിലെ ആദ്യ VSC അധിഷ്ഠിത HVDC സംവിധാനം, പവർഗ്രിഡ് പൂർണ്ണമായും കമ്മീഷൻ ചെയ്തു
Posted On:
08 JUN 2021 4:53PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 08, 2021
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മോണോപോൾ-1 (Monopole-I), ± 320 kV, 2000 മെഗാ വാട്ട് ശേഷിയുള്ള, പുഗലൂർ (തമിഴ്നാട്) - തൃശൂർ (കേരളം), വോൾട്ടേജ് സോഴ്സ് കൺവെർട്ടർ (Voltage Source Convertor -VSC) അധിഷ്ഠിത ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് (High Voltage Direct Current - HVDC) പദ്ധതി കമ്മീഷൻ ചെയ്തു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ഊർജ്ജ വ്യവസ്ഥയെ പദ്ധതി ശക്തിപ്പെടുത്തും. പദ്ധതിയുടെ മോണോപോൾ-2 ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്തിരുന്നു. മോണോപോൾ-1 കമ്മീഷൻ ചെയ്തതോടെ പദ്ധതി മുഴുവൻ ശേഷിയും കൈവരിച്ചു.
5,070 കോടി രൂപ ചെലവ് വരുന്ന 6000 മെഗാവാട്ട് റായ്ഗഡ്-പുഗലൂർ-തൃശ്ശൂർ HVDC സംവിധാനത്തിന്റെ ഭാഗമായ പുഗലൂർ-തൃശ്ശൂർ HVDC സംവിധാനത്തിലൂടെ VSC HVDC തൃശൂർ സ്റ്റേഷൻ വഴി 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാൻ സാധിക്കും.
ഈ പദ്ധതിയിലൂടെ ആദ്യമായി അത്യാധുനിക VSC സാങ്കേതിക വിദ്യ പവർഗ്രിഡ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. പരമ്പരാഗത HVDC സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ VSC സാങ്കേതികവിദ്യ ഭൂമിഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കുന്നു. ഇത് സ്മാർട്ട് ഗ്രിഡിന്റെ വികസനം സുഗമമാക്കുകയും വിവിധ ഓപ്പറേറ്റിംഗ് സാഹചര്യങ്ങളിൽ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ലൈൻ വലിച്ചും ഭൂഗർഭ കേബിളിട്ടുമുള്ള സംയോജിത സംവിധാനത്തിലൂടെ കേരളത്തിലെ വിതരണ ഇടനാഴി മെച്ചപ്പെടുത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഇന്ത്യയിലെ ഫാക്ടറികൾ പ്രധാന HVDC ഉപകരണങ്ങൾ നിർമ്മിക്കുന്നതു വഴി പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും ഇത് വലിയ ഊർജ്ജം പകരുന്നു. പ്രധാനമന്ത്രിയുടെ “ആത്മ നിർഭർ ഭാരത്” കാഴ്ചപ്പാടിന് അനുസൃതമായി VSC പദ്ധതിയുടെ രൂപകൽപ്പന, എഞ്ചിനീയറിംഗ്, ടെസ്റ്റിംഗ്, കമ്മീഷണിങ് തുടങ്ങിയവയുടെ വലിയ പങ്കും ഇന്ത്യയിലാണ് നടന്നത്.
RRTN/SKY
(Release ID: 1725380)
Visitor Counter : 216