വാണിജ്യ വ്യവസായ മന്ത്രാലയം

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകരിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം അമ്പതിനായിരമായി.

Posted On: 03 JUN 2021 3:25PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 03,2021



2016 ജനുവരി 16 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച,ഭാരത സർക്കാരിന്റെ ഒരു സുപ്രധാന സംരംഭമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade - DPIIT) ആണ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള കേന്ദ്ര വകുപ്പായി പ്രവർത്തിക്കുന്നത്. 2021 ജൂൺ 3 വരെ 50,000 സംരംഭങ്ങളെ DPIIT സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചു.

സ്റ്റാർട്ടപ്പ് ഇന്ത്യ ഉദ്യമം ആരംഭിച്ചതോടെ ഇപ്പോൾ രാജ്യത്തിന്റെ 623 ജില്ലകളിലേക്ക് അംഗീകൃത സ്റ്റാർട്ടപ്പുകൾ വ്യാപിച്ചിട്ടുണ്ട്.ഇപ്പോൾ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ട്. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 30 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക സ്റ്റാർട്ടപ്പ് നയങ്ങളും  പ്രഖ്യാപിച്ചു.

സംരംഭത്തിന്റെ തുടക്കത്തിൽ ആദ്യ 10,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ 808 ദിവസങ്ങൾ എടുത്തപ്പോൾ
അവസാനത്തെ 10,000 സ്റ്റാർട്ടപ്പുകൾ കൂട്ടിച്ചേർക്കാൻ എടുത്തത് വെറും 180 ദിവസം  മാത്രമാണെന്നത്  ശ്രദ്ധേയമാണ്.

സംരംഭകർക്ക് നിരവധിയായ നിയമങ്ങൾ, ചട്ടങ്ങൾ, സാമ്പത്തിക ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരങ്ങൾ ഉരുത്തിരിഞ്ഞതോടെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ വളർച്ചയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

അംഗീകൃത സ്റ്റാർട്ടപ്പുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗണ്യമായ സംഭാവന നൽകുന്നു. 5,49,842 തൊഴിലവസരങ്ങളാണ് 48,093 സ്റ്റാർട്ടപ്പുകൾ ഒരുക്കിയത്. ഒരു സ്റ്റാർട്ടപ്പിൽ ശരാശരി 11 ജീവനക്കാർ. 45% സ്റ്റാർട്ടപ്പുകളുടെ നേതൃത്വത്തിൽ ഒരു വനിതാ സംരംഭകയുടെയെങ്കിലും സാന്നിധ്യവുമുണ്ട്.

 ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ10,000 കോടി രൂപ വകയിരുത്തിയും അടുത്തിടെ സമാരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിലൂടെ (എസ് ഐ എസ് എഫ് എസ്) 945 കോടി രൂപ ലഭ്യമാക്കിയും സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം വർദ്ധിപ്പിച്ചു.

DPIIT ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളായ - ദേശീയ  പുതുസംരംഭ പുരസ്‌ക്കാരങ്ങൾ (നാഷണൽ സ്റ്റാർട്ടപ്പ് അവാർഡുകൾ),സംസ്ഥാനങ്ങളുടെ റാങ്കിങ്ങിനുള്ള ചട്ടക്കൂട്‌ (സ്റ്റേറ്റ് റാങ്കിംഗ് ഫ്രെയിംവർക്ക്), ആഗോള സംരംഭ മൂലധന ഉച്ചകോടി (ഗ്ലോബൽ വിസി സമ്മിറ്റ്), പ്രാരംഭ് : സ്റ്റാർട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി  (സ്റ്റാർട്ടപ്പ് ഇന്ത്യഇന്റർനാഷണൽ സമ്മിറ്റ്) - എന്നിവയിലൂടെ ഒട്ടേറെ പങ്കാളികളുമായി ഇടപഴകുന്നതിനും അവരുടെ സംഭാവനകൾ  അംഗീകരിക്കപ്പെടുന്നതിനും, നിലവിലുള്ള ഉദ്യമങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള ആവാസ വ്യവസ്ഥയും  സംജാതമായിട്ടുണ്ട്.

 
IE/SKY

(Release ID: 1724120) Visitor Counter : 314