വിദ്യാഭ്യാസ മന്ത്രാലയം
12-ാം ക്ലാസ്സിലെ പരീക്ഷകളും പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകളും നടത്തുന്നതിന് ദേശീയ സമവായം ഉണ്ടാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി യോഗം വിളിച്ചു
വിദ്യാർത്ഥികളുടെ സുരക്ഷയും അക്കാദമിക് ക്ഷേമവും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്തുന്നതിനായി രാജ്യം മുഴുവനും ഒത്തുചേർന്നു - രമേശ് പൊഖ്രിയാൽ 'നിഷാങ്ക്'
അഭിപ്രായങ്ങള്‍ 2021 മേയ് 25ന് രേഖാമൂലം അറിയിക്കാന്‍ സംസ്ഥാനങ്ങളോടും/കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു
Posted On:
23 MAY 2021 5:51PM by PIB Thiruvananthpuram
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെയും മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുമുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷകളും നടത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ച് 2021 മേയ് 25ന് മുമ്പ് രേഖാമൂലം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. കോവിഡ്-19 മൂലം മാറ്റിവച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണപ്രദേശങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം നല്‍കിയത്. പരീക്ഷ സംബന്ധിച്ച വിവരം അടുത്തമാസം ഒന്നിനോ അതിന് മുമ്പോ വിദ്യാര്‍ത്ഥികളെ അറിയിക്കും.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. പരീക്ഷ നടത്തിപ്പിനുള്ള വിവിധ രീതികളെയും പ്രക്രിയകളെയും സമയദൈര്‍ഘ്യം പരീക്ഷയുടെ സമയക്രമം എന്നിവയെക്കുറിച്ചൊക്കെ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു. വിശാലമായ ഒരു സമവായം ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും ഇക്കാര്യത്തെക്കുറിച്ച് വീണ്ടും വിശദമായി പരിശോധിച്ചശേഷം 2021 മേയ് 25ന് രേഖാമൂലം വിവരം അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സുരക്ഷിതമായ സംരക്ഷിതമായതുമായ ഒരു അന്തരീക്ഷത്തില്‍ എല്ലാ പരീക്ഷകളും നടത്തണമെന്നതിനാണ് ഗവണ്‍മെന്റ് മുന്‍ഗണ നല്‍കുന്നതെന്ന് യോഗത്തിനെ സംഗ്രഹിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി. പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഗുണകരമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളതെങ്കിലും മറ്റെന്തെങ്കിലും നിര്‍ദ്ദേശ ങ്ങളുണ്ടെങ്കില്‍ വരുന്ന ചൊവ്വാഴ്ച അതായത് മേയ് 25ന് അത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് മന്ത്രാലയം എത്രയും വേഗം ഒരു തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ശ്രീ രാജ്‌നാഥ്‌സിംഗ് നന്ദിരേഖപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രഥമ മുന്‍ഗണനനല്‍കുന്നകയെന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ നിഷാങ്കും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും അക്കാദമിക ക്ഷേമവും ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനുമായി രാജ്യമാകെ ഒന്നിച്ചുനിന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡ്-19 മുന്നോട്ടുവച്ച വെല്ലുവിളികള്‍ക്കിടയിലും വിദ്യാഭ്യാസത്തെ ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതിന് സാദ്ധ്യമായ നടപടികളൊന്നും ഗവണ്‍മെന്റ് കൈക്കൊള്ളാതിരുന്നിട്ടില്ല. വീടുകളെ സ്‌കൂളുകളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവി രൂപീകരിക്കുന്നതിനും അവരുടെ തൊഴില്‍ നിര്‍വചിക്കുന്നതിനും 12-ാം ക്ലാസ്സിലെ ബോര്‍ഡ് പരീക്ഷകളുടെയും അഖിലേന്ത്യാ പ്രവേശനപരീക്ഷകളുടെയും പ്രാധാന്യത്തെക്കുറിച്ചും മന്ത്രി ചര്‍ച്ചചെയ്തു. നിലവിലെ സാഹചര്യം പരിഗണിച്ചുകൊണ്ട് 10-ാം ക്ലാസ്സിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കാനും ഇന്റേണല്‍ അസസ്‌മെന്റിലൂടെ വിലയിരുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെന്നത് വളരെ പ്രധാനപ്പെട്ടതും വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്നതുമാണ്.
കേന്ദ്ര-സംസ്ഥാന ബോര്‍ഡുകള്‍ക്കും മറ്റ് പരീക്ഷാ ഏജന്‍സികള്‍ക്കും നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ലഭ്യമായ വിവിധ സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കുന്നതിനാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് വിവിധ ഓഹരിപങ്കാളികളുമായി നടത്തുന്ന ചര്‍ച്ച വിദ്യാര്‍ത്ഥികളുടെ താല്‍പര്യത്തിനനുസരിച്ചും അതുപോലെ കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതരത്തിലുമുള്ള ഒരു തീരുമാനത്തില്‍ എത്താന്‍ സഹായിക്കുമെന്നും ശ്രീ പൊഖ്രിയാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെയും അഖിലേന്ത്യാ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2021 മേയ് 21ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഒന്‍പത് കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ട് ഒരു യോഗം നടന്നിരുന്നു. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ സന്നദ്ധതപ്രകടിപ്പിച്ച പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിനും മറ്റ് മന്ത്രിമാര്‍ക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ഏപ്രില്‍ 14നാണ് 12-ാം ക്ലാസ് പരീക്ഷകള്‍ താല്‍ക്കാലികമായി നീട്ടിവച്ചിരിക്കുന്നതായും പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ ഒന്നോടെ കുട്ടികള്‍ക്ക് ലഭ്യമാക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഈ ആഴ്ച തന്നെ പരിശോധിക്കുകയും ജൂണ്‍ ഒന്നിനോ അതിനുമുമ്പോ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ സംസ്ഥാന ങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരും സംബന്ധി ച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ്‌സിംഗ് അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ 'നിഷാങ്കി'ന് പുറമെ കേന്ദ്ര വനിതാ ശിശുവികസന ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീമതി സൃമി സുബിന്‍ ഇറാനി, കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വാര്‍ത്താവിതരണ മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സജ്ഞയ് ധോത്രേ എന്നിവര്‍ സംബന്ധിച്ചു. ഇവര്‍ക്ക് പുറമെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ശ്രീ അമിത് ഖരേ, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി അനിതാ കാര്‍വാള്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇവര്‍ക്ക് പുറമെ ജാര്‍ഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഉപമുഖ്യമന്ത്രിമാരും വിദ്യാഭ്യാസമന്ത്രിമാരും സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടിറമാരും പരീക്ഷാബോര്‍ഡുകളിലെ ചെയര്‍പേഴ്‌സണ്‍മാരും കേന്ദ്രഭരണപ്രദേശങ്ങളിലെ അഡിമിനിസ്‌ട്രേറ്റര്‍മാരും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ യും സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പിന്റെയും സെക്രട്ടറിമാര്‍, സി.ബി.എസ്.ഇ, യു.ജി.സി, എ.ഐ.സി.ടി.ഇ, ഡി.ജി എന്‍.ടി.എ എന്നിവയുടെ ചെയര്‍മാന്‍മാരും മറ്റ് നിരവധി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
*****
(Release ID: 1721132)
Visitor Counter : 233