ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് വാക്സിനേഷന്റെ പുരോഗതി കേന്ദ്രം അവലോകനം ചെയ്തു
Posted On:
11 MAY 2021 2:58PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, കോവിഡ്-19 നേരിടുന്നതിനുള്ള എംപവേർഡ് ഗ്രൂപ്പ് ഓൺ ടെക്നോളജി ആൻഡ് ഡാറ്റാ മാനേജ്മെൻറ് ചെയർമാനും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ വിദഗ്ദ്ധ സംഘത്തിലെ അംഗവുമായ ഡോ. ആർ. എസ്. ശർമ്മ, എന്നിവർ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും, ദേശീയ ആരോഗ്യ ദൗത്യം എം ഡി മാരുമായും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച സ്ഥിതിഗതികൾ ഇന്ന് നടന്ന വീഡിയോ കോൺഫറൻസിൽ അവലോകനം ചെയ്തു.
സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച നിശ്ചിത കണക്കുകൾ പ്രകാരം വാക്സിനേഷൻ യജ്ഞത്തിന്റെ വിവിധ വശങ്ങൾ ചൂണ്ടിക്കാട്ടുന്ന വിശദമായ അവതരണത്തിന് ശേഷം, കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇനിപ്പറയുന്ന കാര്യങ്ങൾ ഊന്നിപ്പറഞ്ഞു:
1. ആദ്യ ഡോസ് എടുത്ത എല്ലാ ഗുണഭോക്താക്കൾക്കും രണ്ടാമത്തെ ഡോസ് എടുക്കുന്നതിൽ മുൻഗണന നൽകുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം.
കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിക്കുന്ന വാക്സിൻ ഡോസുകളിൽ 70 ശതമാനമെങ്കിലും രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി സംസ്ഥാനങ്ങൾ മാറ്റി വയ്ക്കണം. ബാക്കി 30% ആദ്യ ഡോസിനായി നീക്കിവയ്ക്കാം. ഇതൊരു നിർദ്ദേശം മാത്രമാണ്. 100% വരെ ഡോസുകൾ രണ്ടാം ഡോസ് വാക്സിനേഷനായി മാറ്റിവയ്ക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് വാക്സിനേഷൻ പൂർണ്ണമാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവൽക്കരണം ഊർജ്ജിതമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
2. മെച്ചപ്പെട്ട ആസൂത്രണം സാധ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് വാക്സിനുകളുടെ വിഹിതം സംബന്ധിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. മെയ് 15 മുതൽ 31 വരെയുള്ള കാലയളവിലേക്ക് അനുവദിക്കുന്ന അടുത്ത വിഹിതത്തെ കുറിച്ചുള്ള വിവരങ്ങൾ മെയ് 14 ന് സംസ്ഥാനങ്ങളെ അറിയിക്കും.
3. വാക്സിൻ പാഴാക്കുന്നത് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
4. ഉദാരവൽക്കരിച്ച മൂന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സൗജന്യ വാക്‌സിന് (ഒ.ജി.ഒ.ഐ) പുറമെയുള്ള സംഭരണത്തെക്കുറിച്ചും സംസ്ഥാനങ്ങളോട് വിശദീകരിച്ചു. വാക്സിൻ നിർമ്മാതാക്കളുമായുള്ള ഏകോപനത്തിനും, കാര്യക്ഷമമായ സംഭരണത്തിനും സംസ്ഥാന തലത്തിൽ 2 അല്ലെങ്കിൽ 3 മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളുമായുള്ള ഏകോപനം സുഗമമാക്കുന്നതിനും ഈ സംഘം പ്രവർത്തിക്കും.
5. വാക്സിനേഷൻ യജ്ഞത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഫലപ്രദമായി നേരിടാൻ കോവിൻ പ്ലാറ്റ്ഫോമും പരിഷ്കരിക്കുന്നുണ്ട്. നന്നായി ആസൂത്രണം ചെയ്ത് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുന്നതിന്, രണ്ടാമത്തെ ഡോസ് എടുക്കേണ്ടവരുടെ പട്ടിക സംസ്ഥാനങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ), കോവിഡ് വാക്സിനേഷൻ സെന്റർ (സിവിസി) മാനേജർ എന്നിവർക്ക് ആവശ്യാനുസരണം ഓരോ സെഷനിലും ശേഷി വർദ്ധിപ്പിക്കാൻ കഴിയും (നേരത്തെ ഇത് 100 ആയി പരിമിതപ്പെടുത്തിയിരുന്നു). കൂടാതെ വരാനിരിക്കുന്ന സെഷനുകളിൽ ലക്ഷ്യമിടുന്നവരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും കഴിയും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളില്ലാത്ത വൃദ്ധ സദനങ്ങളിലെ മുതിർന്ന പൗരന്മാരായ ഗുണഭോക്താക്കൾക്കും ഇനിമേൽ രജിസ്റ്റർ ചെയ്യാം.
***
(Release ID: 1717779)
Visitor Counter : 265