ധനകാര്യ മന്ത്രാലയം

ഓക്‌സിജന്റെയും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു


ഓക്‌സിജനും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും കസ്റ്റംസ്- ആരോഗ്യ അടിസ്ഥാന നികുതികള്‍ ഒഴിവാക്കും

കോവിഡ് അനുബന്ധ വാക്‌സിനുകള്‍ അടിസ്ഥാന കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കും

ഈ നടപടികള്‍ ഇവയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം വില കുറയാനും ഇടയാക്കും

Posted On: 24 APR 2021 2:40PM by PIB Thiruvananthpuram

രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത  വഹിച്ചു.  വീടുകളിലും ആശുപത്രികളിലും കഴിയുന്ന  രോഗികള്‍ക്കായി, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്റെയും മറ്റ് ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓക്‌സിജന്റെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റെംഡെസിവിറിനും അതിന്റെ എപിഐക്കും (സജീവ ഫാർമസ്യൂട്ടിക്കൽ ഘടകം) അടുത്തിടെ അടിസ്ഥാന കസ്റ്റംസ് നികുതി ഒഴിവാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ചു. അവയുടെ ഉല്‍പ്പാദനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി, ഓക്‌സിജനും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട, ഇനി പറയുന്ന ഇനങ്ങള്‍ക്ക് അടിയന്തര പ്രാബല്യത്തോടെ മൂന്നു മാസത്തേക്ക് കസ്റ്റംസ്- ആരോഗ്യ അടിസ്ഥാന നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു:

1. ചികിത്സാര്‍ഥമുള്ള ഓക്‌സിജന്‍
2. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും ഫ്‌ളോ മീറ്റര്‍, റെഗുലേറ്റര്‍, കണക്ടേഴ്‌സ്, ട്യൂബിങ് എന്നിവയും
3. വാക്വം പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍ (വിപിഎസ്എ), പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ പ്ലാന്റുകള്‍, ദ്രവ- വാതക ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രയോജനിക് ഓക്‌സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ (എഎസ്‌യുകള്‍)
4. ഓക്‌സിജന്‍ കാനിസ്റ്റര്‍
5. ഓക്‌സിജന്‍ നിറയ്ക്കല്‍ സംവിധാനങ്ങള്‍
6. ഓക്‌സിജന്‍ സംഭരണ ടാങ്കുകള്‍, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉള്‍പ്പെടെയുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍
7. ഓക്‌സിജന്‍ ജനറേറ്ററുകള്‍
8. ഓക്‌സിജന്‍ കൊണ്ടുപോകുന്നതിനുള്ള ഐഎസ്ഒ കണ്ടെയ്നറുകള്‍
9. ഓക്‌സിജന്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള  ക്രയോജനിക് ടാങ്കുകള്‍
10. ഓക്‌സിജന്റെ ഉല്‍പ്പാദനം, ഗതാഗതം, വിതരണം അല്ലെങ്കില്‍ സംഭരണം എന്നിവയ്ക്കുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന മുകളില്‍ പറഞ്ഞവയുടെ ഭാഗങ്ങള്‍
11. ഓക്‌സിജന്‍ നിര്‍മിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും ഉപകരണം
12. മൂക്കിലൂടെ ഓക്‌സിജന്‍ കടത്തിവിടുന്ന ഉപകരണവുമുള്ള വെന്റിലേറ്റര്‍ (ഹൈ-ഫ്‌ളോ ഉപകരണങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവ); എല്ലാ ഭാഗവും ട്യൂബിംഗും ഉള്‍പ്പെടെയുള്ള കംപ്രസ്സറുകള്‍; ഹ്യുമിഡിഫയറുകളും വൈറല്‍ ഫില്‍ട്ടറുകളും
13. എല്ലാ അനുബന്ധ ഭാഗങ്ങളുമുള്ള, ഉയര്‍ന്ന തോതില്‍ മൂക്കിലേക്ക് ഓക്‌സിജന്‍ കടത്തിവിടുന്ന ഉപകരണം
14. നോണ്‍-ഇന്‍വേസീവ് വെന്റിലേഷനായി ഉപയോഗിക്കുന്നതിനുള്ള ഹെല്‍മെറ്റുകള്‍
15. ഐസിയു വെന്റിലേറ്ററുകള്‍ക്കുള്ള നോണ്‍-ഇന്‍വേസിവ് വെന്റിലേഷന്‍ ഓറോനേസല്‍ മാസ്‌കുകള്‍
16. ഐസിയു വെന്റിലേറ്ററുകള്‍ക്കുള്ള നോണ്‍-ഇന്‍വേസിവ് വെന്റിലേഷന്‍ നേസല്‍ മാസ്‌കുകള്‍
മേല്‍പ്പറഞ്ഞവയ്ക്കു പുറമെ, കോവിഡ് വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ, അടിയന്തര പ്രാബല്യത്തോടെ മൂന്നു മാസത്തേക്ക് ഒഴിവാക്കാനും തീരുമാനിച്ചു.

ഇത് ഇവയുടെ ലഭ്യത  വര്‍ധിപ്പിക്കുന്നതിനൊപ്പം വില കുറയാനും ഇടയാക്കും. അത്തരം ഉപകരണങ്ങളുടെ തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കസ്റ്റംസ് അനുമതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. മുകളില്‍ പറഞ്ഞ ഇനങ്ങള്‍ക്കുള്ള കസ്റ്റംസ് അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കസ്റ്റംസ് ജോയിന്റ് സെക്രട്ടറി ശ്രീ ഗൗരവ് മസല്‍ദാനെ റവന്യൂ വകുപ്പ് നോഡല്‍ ഓഫീസറായി നാമനിര്‍ദേശം ചെയ്തു.

ഓക്‌സിജന്റെയും ചികിത്സാ ഉപകരണങ്ങളുടെയും വിതരണം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യാ ഗവണ്‍മെന്റ് ധാരാളം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യോമസേന വിമാനങ്ങള്‍ സിംഗപ്പൂരില്‍ നിന്ന് ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകള്‍ കൊണ്ടുവരുന്നുണ്ട്. യാത്രാ സമയം കുറയ്ക്കുന്നതിനായി ഓക്‌സിജന്‍ ടാങ്കുകള്‍ ഇന്ത്യന്‍ വ്യോമസേന രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുപോലെ, ഇന്നലെ എടുത്ത സുപ്രധാന തീരുമാനപ്രകാരം, 2021 മെയ്-ജൂണ്‍ മാസങ്ങളില്‍ 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും.

ധനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് അംഗം, ഡോ. ഗുലേറിയ, റവന്യൂ, ആരോഗ്യ, ഡിപിഐഐടി വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

***(Release ID: 1713771) Visitor Counter : 289