നിയമ, നീതി മന്ത്രാലയം

ജഡ്ജ്മെന്റ്സ്  ആൻഡ് ഓർഡേഴ്‌സ്  പോർട്ടലും ഇ-ഫയലിംഗ് 3.0 മൊഡ്യൂളും,ജസ്റ്റിസ് ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു.

Posted On: 12 APR 2021 3:50PM by PIB Thiruvananthpuram



ന്യൂഡൽഹി , ഏപ്രിൽ 12,2021

സുപ്രീംകോടതി ജഡ്ജിയും സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി ചെയർപേഴ്സനുമായ ഡോ. ജസ്റ്റിസ് ധനഞ്ജയ വൈ.  ചന്ദ്രചൂഡ്  കോടതിവിധികളും ഉത്തരവുകളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനുള്ള    ജഡ്ജ്മെൻസ് ആൻഡ് ഓർഡേഴ്‌സ്  പോർട്ടലും, കോടതി രേഖകളുടെ ഇലക്ട്രോണിക് ഫയലിംഗ് അനുവദിക്കുന്ന ഇ-ഫയലിംഗ് 3.0 മൊഡ്യൂളും, ഒരു വെർച്ച്വൽ പരിപാടിയിലൂടെ, 2021 ഏപ്രിൽ 9ന്  ഉദ്ഘാടനം ചെയ്തു.

 നീതിന്യായ വകുപ്പ് സെക്രട്ടറി ശ്രീ ബറൂൺ മിത്ര,  വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ;  നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ ഡയറക്ടർ ജനറൽ ഡോ. നീത വർമ്മ, സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.  നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഈ സംരംഭം പൂനെ ആസ്ഥാനമായുള്ള ഇ-കോർട്ട്സ് പ്രോജക്ട് ടീം ആണ് വികസിപ്പിച്ചത്.

രാജ്യത്തെ വിവിധ ഹൈക്കോടതികൾ പ്രഖ്യാപിച്ച വിധിന്യായങ്ങളുടെ ഒരു ശേഖരമാണ് വിധിന്യായങ്ങളും ഉത്തരവുകളും തിരയുന്നതിനുള്ള പോർട്ടൽ.ഒന്നിലധികം തിരയൽ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധിന്യായങ്ങളും ഉത്തരവുകളും  തിരയാനുള്ള സൗകര്യം ഇത് നൽകുന്നു.  പോർട്ടലിന്റെ പ്രധാന സവിശേഷതകൾ:

•ഏതെങ്കിലും കീവേഡ് അല്ലെങ്കിൽ ഒന്നിലധികം കീവേഡുകൾ അടിസ്ഥാനമാക്കി വിധിന്യായങ്ങൾ തിരയാൻ 'ഫ്രീ ടെക്സ്റ്റ് സെർച്ച് ' ഉപയോക്താവിനെ സഹായിക്കുന്നു

•ബെഞ്ച്, കേസ് തരം, കേസ് നമ്പർ, വർഷം, വാദി/ പ്രതിയുടെ പേര്, ജഡ്ജിയുടെ പേര്, ആക്റ്റ്, വിഭാഗം,  തീരുമാന തീയതി എന്നിവ ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് വിധിന്യായങ്ങൾ കണ്ടെത്താൻ  കഴിയും.  നിരവധി സെർച്ച്  ഓപ്ഷനുകളുടെ സംയോജനം, ആവശ്യമുള്ള  വിധിന്യായം  കണ്ടെത്താൻ  ഉപയോക്താക്കളെ സഹായിക്കുന്നു.

• പോർട്ടലിൽ ഉള്ള ഫിൽട്ടറിംഗ് സവിശേഷതകൾ, ലഭ്യമായ ഫലങ്ങളിൽ കൂടുതൽ കൃത്യമായവ കണ്ടെത്താനും  അതുവഴി  തിരയൽ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും

സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി അവതരിപ്പിച്ച ഇ-ഫയലിംഗ് 3.0 മൊഡ്യൂൾ, കോടതി രേഖകൾ ഇലക്ട്രോണിക് ഫയൽ ചെയ്യാൻ അനുവദിക്കുന്നു.പുതിയ മൊഡ്യൂൾ  പ്രവർത്തനസജ്ജമാകുന്നതോടെ,കേസ് ഫയൽ ചെയ്യുന്നതിനായി അഭിഭാഷകർക്കോ വാദികൾക്കൊ കോടതി സന്ദർശിക്കേണ്ട ആവശ്യം വരുന്നില്ല.കോടതി, വാദി, അഭിഭാഷകൻ എന്നിവർ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ പോലും ഫയലിംഗ് പ്രക്രിയ നടത്താവുന്നതാണ്.

 അഭിഭാഷകർക്ക് അവരുടെ ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യാതെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാനാവും. ആറു മാസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ ആണ് പദ്ധതി പൂർത്തിയാക്കാൻ ആയതെന്നും  . ജസ്റ്റിസ്  ചന്ദ്രചൂഡ്  ഇ -ഫയലിംഗ്  മൊഡ്യൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 
IE/SKY

(Release ID: 1711195) Visitor Counter : 292