മന്ത്രിസഭ

വൈറ്റ് ഗുഡ്സിനുള്ള   പ്രോൽസാഹന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 07 APR 2021 3:55PM by PIB Thiruvananthpuram


 

ന്യൂഡൽഹി , ഏപ്രിൽ 7, 2021






വൈറ്റ് ഗുഡ്സ് ആയ എയർ കണ്ടീഷണറുകൾക്കും എൽഇഡി ലൈറ്റുകൾക്കുമായുള്ള  6,238 കോടി രൂപയുടെ ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് (പി‌എൽ‌ഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

ഈമേഖലയിലെപരിമിതികൾ തരണം ചെയ്ത്, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും , കാര്യക്ഷമത ഉറപ്പുവരുത്തുന്നതിലൂടെയും ഇന്ത്യയിലെ  ഉത്പാദനം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് പി‌എൽ‌ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ സമ്പൂർണ്ണ ഉത്പാദന  സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കി രാജ്യത്തെ മാറ്റുന്നതിനുമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോള നിക്ഷേപം ആകർഷിക്കാനും വൻ  തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

എയർ  കണ്ടീഷണറുകളുടെയും എൽഇഡി ലൈറ്റുകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന  ഉത്പന്നങ്ങൾക്ക് 4% മുതൽ 6% ‌ വരെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പ്രോത്സാഹനം നൽകും.

നിലവിൽ ഇന്ത്യയിൽ നിർമ്മിക്കാത്ത ഘടകങ്ങളുടെ നിർമ്മാണത്തിനോ  ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനോ  പ്രോത്സാഹനം നൽകുന്നതിനായി  പദ്ധതിയുടെ  കീഴിൽ കമ്പനികളെ തിരഞ്ഞെടുക്കും. നിർമ്മാണം പൂർത്തിയായ ഉത്പന്നങ്ങളുടെ  കൂട്ടിയോജിപ്പിക്കൽ  പ്രോത്സാഹിപ്പിക്കുന്നതല്ല.

മറ്റൊരു ഉത്‌പാദന ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കീഴിൽ ആനുകൂല്യം ലഭിക്കുന്ന സംരംഭമാണെങ്കിൽ അതേ  ഉത്പന്നങ്ങൾക്ക്  ഈ പദ്ധതി  പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയില്ല. എന്നാൽ  ബാധകമായ മറ്റ് കേന്ദ്ര - സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നേടാവുന്നതാണ്.

ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി,അഞ്ചുവർഷത്തിനിടയിൽ 7,920 കോടി രൂപയുടെ അധിക നിക്ഷേപത്തിനും 1,68,000 കോടി രൂപയുടെ അധിക ഉത്പാദനത്തിനും 64,400 കോടി രൂപയുടെ കയറ്റുമതിക്കും 49,300 കോടി രൂപയുടെ പ്രത്യക്ഷവും പരോക്ഷവുമായ വരുമാനത്തിനും വഴിതെളിക്കുമെന്ന്  കണക്കാക്കപ്പെടുന്നു



(Release ID: 1710216) Visitor Counter : 245