തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച അഖിലേന്ത്യാ സർവ്വേ, എക്യുഇഇഎസ് എന്നിവയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ കേന്ദ്ര തൊഴിൽ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 31 MAR 2021 2:42PM by PIB Thiruvananthpuram


ന്യൂഡൽഹി, മാർച്ച് 31, 2021

കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള അഖിലേന്ത്യാ സർവ്വേ, അഖിലേന്ത്യാ സ്ഥാപന അധിഷ്ഠിത പാദവാർഷിക തൊഴിൽ സർവ്വേ [All-India Quarterly Establishment based Employment Survey (AQEES)] എന്നീ രണ്ട് സർവേകളുടെയും ഫീൽഡ് തല പ്രവർത്തനങ്ങൾ കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗാങ്വർ ഇന്ന് ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഈ വർഷം ലേബർ ബ്യൂറോ നടത്താൻ പോകുന്ന 5 അഖിലേന്ത്യാ സർവേകളിൽ രണ്ടെണ്ണം ആണിത്. തൊഴിൽ മേഖലയിൽ ഫലപ്രദമായ നയ രൂപീകരണത്തിന് ഈ രണ്ട് സർവേകളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗപ്രദമാകും. ഈ രണ്ട് സർവേകളിലേയും ഫീൽഡ് തല ഉദ്യോഗസ്ഥർക്ക്, ഫീൽഡ് ഡാറ്റ ശേഖരണത്തിന് ആവശ്യമായ സോഫ്റ്റ്‌വെയറോട് കൂടിയ നൂതന സാങ്കേതിക വിദ്യ ഉള്ള ടാബ്ലെറ്റ് പി സി-കളും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സർവ്വേകളുടെ ഉദ്ഘാടനത്തോടെ ലേബർ ബ്യൂറോ ലക്ഷക്കണക്കിന് കുടുംബങ്ങളിൽ നിന്നും കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ കേന്ദ്രീകൃത സർവ്വേ ആണിത്.

വിവിധ സ്ഥാപനങ്ങളിൽ നിന്നും പാദവർഷിക അടിസ്ഥാനത്തിൽ തൊഴിൽ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്യുഇഇഎസ് സർവ്വേ നടത്തുന്നത്.

ആഭ്യന്തര തൊഴിലാളികളെ കുറിച്ചുള്ള അഖിലേന്ത്യാ സർവ്വേ, പ്രൊഫഷണലുകൾ സൃഷ്ടിക്കുന്ന തൊഴിലിനെ പറ്റിയുള്ള അഖിലേന്ത്യാ സർവ്വേ, ഗതാഗത മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളെ പറ്റിയുള്ള അഖിലേന്ത്യ സർവ്വ എന്നീ മൂന്ന് സർവേകൾക്കും ഉടൻ തന്നെ ബ്യൂറോ തുടക്കം കുറിക്കും.

 
RRTN/SKY


(Release ID: 1708746) Visitor Counter : 255