തെരഞ്ഞെടുപ്പ് കമ്മീഷന്‍
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29A പ്രകാരമുള്ള രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ - പൊതു അറിയിപ്പ് കാലയളവ് സംബന്ധിച്ച്
Posted On:
02 MAR 2021 4:42PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 02, 2021
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പ്രതിപാദിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമം, വകുപ്പ് 29A ലെ വ്യവസ്ഥകളിലാണ്. ഈ വകുപ്പ് പ്രകാരം രജിസ്ട്രേഷൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾ രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ കമ്മീഷന് അപേക്ഷ സമർപ്പിക്കണം.
രാഷ്ട്രീയ കക്ഷിയുടെ നിർദ്ദിഷ്ട നാമം രണ്ട് ദിവസങ്ങളിലായി, രണ്ട് ദേശീയ ദിനപത്രങ്ങളിലും രണ്ട് പ്രാദേശിക ദിനപത്രങ്ങളിലും, പ്രസിദ്ധീകരിക്കാൻ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകനോട് ആവശ്യപ്പെടുന്നു. രജിസ്ട്രേഷൻ സംബന്ധിച്ച വിയോജിപ്പുകൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാവുന്നതാണ്. പ്രസിദ്ധീകരിച്ച അറിയിപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രദർശിപ്പിക്കും.
26.02.2021 ന് പശ്ചിമ ബംഗാൾ, ആസാം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, കമ്മീഷൻ പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരി മൂലം നിലവിലുള്ള നിയന്ത്രണങ്ങൾ കാരണം, രജിസ്ട്രേഷനായുള്ള അപേക്ഷകളുടെ കാര്യത്തിൽ കാലതാമസമുണ്ടായെന്നും, ഇത് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ വൈകുന്നതിന് കാരണമായെന്നും കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. ആയതിനാൽ, വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചതിന് ശേഷം, കമ്മീഷൻ ചില ഇളവുകൾ പ്രഖ്യാപിച്ചു. 26.02.2021നോ അതിന് മുമ്പോ പൊതു അറിയിപ്പ് പ്രസിദ്ധീകരിച്ച കക്ഷികൾക്ക് നോട്ടീസ് കാലയളവ് 30 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. 26.02.2021ന് മുമ്പായി 7 ദിവസത്തിനുള്ളിൽ പൊതു അറിയിപ്പ് പ്രസിദ്ധീകരിച്ച കക്ഷികൾ ഉൾപ്പെടെ എല്ലാ കക്ഷികളുടേയും കാര്യത്തിൽ, 02.03.2021ന് വൈകുന്നേരം 05.30 നകം അല്ലെങ്കിൽ 30 ദിവസത്തിനകം, ഏതാണോ ആദ്യം അതിനുള്ളിൽ വിയോജിപ്പുകൾ സമർപ്പിക്കാം.
ആസാം, തമിഴ്‌നാട്, കേരളം, പുതുച്ചേരി നിയമസഭകളിലേക്ക് നാമനിർദ്ദേശപ്പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 19.03.2021 വരെയും, പശ്ചിമ ബംഗാളിൽ, 07.04.2021 വരെയും ഈ ഇളവ് പ്രാബല്യത്തിൽ തുടരും. (പശ്ചിമ ബംഗാളിൽ നാമനിർദ്ദേശപ്പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 07.04.2021 ആണ്).
RRTN/SKY
(Release ID: 1702004)
Visitor Counter : 400