സാമ്പത്തിക വർഷം 2020-21 മുതൽ 2028-29 വരെ, മരുന്ന് സംയുക്തങ്ങളെ ഉത്പാദന ബന്ധിത ഇളവ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ
യോഗം അനുമതി നൽകി.
രാജ്യത്തെ ആഭ്യന്തര ഉൽപ്പാദകർക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ നടപടിയിലൂടെ ഗുണഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ ആകും.
ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, കയറ്റുമതിയിലെ മൂല്യവർധനക്കും ഈ പദ്ധതി വഴിതുറക്കും. 2022-23 മുതൽ 2027-28 വരെയുള്ള ആറു വർഷക്കാലയളവിൽ 2.94 ലക്ഷം കോടി രൂപയുടെ അധിക വിൽപനയും, 1.96 ലക്ഷം കോടി രൂപയുടെ അധിക കയറ്റുമതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈദഗ്ധ്യം ഉള്ളതും ഇല്ലാത്തവരുമായ രാജ്യത്തെ പൗരൻമാർക്കായി ഇരുപതിനായിരം പ്രത്യക്ഷ തൊഴിലവസരങ്ങളും, എൺപതിനായിരത്തോളം പരോക്ഷ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷ.
അതീവ പ്രാധാന്യമുള്ള മരുന്നുകളിൽ സ്വാശ്രയത്വം കൈവരിക്കാനും, സങ്കീർണവും ഉന്നത സാങ്കേതിക വിദ്യ-അധിഷ്‌ഠിത ഉൽപ്പന്നങ്ങളുടെ വികസനം, നൂതനാശയ രൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ഈ മേഖലയിൽ 15,000 കോടി രൂപയുടെ നിക്ഷേപത്തിനും പദ്ധതി വഴിതുറക്കും.
മരുന്ന് സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്ന, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭങ്ങളെ അവരുടെ ആഗോള ഉത്പാദക വരുമാനം അനുസരിച്ച് ആണ് തരം തിരിച്ചിട്ടുള്ളത്. ഈ മൂന്ന് വിഭാഗങ്ങളിലേക്കും അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ താഴെ കൊടുക്കുന്നു:
ഗ്രൂപ്പ് എ: 2019-20 സാമ്പത്തിക വർഷത്തിൽ മരുന്ന് സംയുക്തങ്ങളുടെ ആഗോള ഉത്പാദക വരുമാനം 5,000 കോടിയോ അതിനു മുകളിലോ ഉള്ളവർ
ഗ്രൂപ്പ് ബി: 2019-20 സാമ്പത്തിക വർഷത്തിൽ മരുന്ന് സംയുക്തങ്ങളുടെ ആഗോള ഉത്പാദക വരുമാനം 500 കോടി രൂപ മുതൽ 5000 കോടി രൂപ വരെ ഉള്ളവർ
ഗ്രൂപ്പ് സി: 2019-20 സാമ്പത്തിക വർഷത്തിൽ ആഗോള ഉത്പാദക വരുമാനം 500 കോടി രൂപയിൽ താഴെയുള്ള സംരംഭകർ. എംഎസ്എംഇ വ്യവസായ മേഖലയ്ക്കായി ഈ വിഭാഗത്തിൽ ഒരു ഉപ-വിഭാഗത്തിന് രൂപം നൽകുന്നതാണ്
പദ്ധതിക്ക് കീഴിൽ 15,000 കോടി രൂപയുടെ ഇളവുകളാണ് ആകെ ലഭ്യമാക്കുക. മേൽപ്പറഞ്ഞ ഓരോ വിഭാഗത്തിനും ലഭിക്കുന്ന ഇളവുകൾ താഴെ കൊടുക്കുന്നു:
ഗ്രൂപ്പ് എ: 11,000 കോടി രൂപ
ഗ്രൂപ്പ് ബി: 2,250 കോടി രൂപ
ഗ്രൂപ്പ് സി: 1,750 കോടി രൂപ
എ, സി വിഭാഗത്തിൽപ്പെട്ടവർക്ക് ഉള്ള ഇളവുകൾ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റി വകയിരുത്തുന്നത് അല്ല. പക്ഷേ ബി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കായി അനുവദിച്ചിരിക്കുന്ന ഇളവുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്താതെ പക്ഷം, അത് ഗ്രൂപ്പ് A വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്നതാണ്.
2019-20 സാമ്പത്തിക വർഷത്തെ ആധാരം ആക്കിയാകും ഉൽപ്പന്നങ്ങളുടെ അധിക വില്പന കണക്കുകൂട്ടുക.
താഴെപ്പറയുന്ന മൂന്ന് വിഭാഗത്തിൽപ്പെട്ട മരുന്ന് സംയുക്ത ഉൽപ്പന്നങ്ങൾക്കാണ് ഈ പദ്ധതി ലഭ്യമാകുക:
വിഭാഗം 1
ജൈവ മരുന്ന് സംയുക്തങ്ങൾ; കോംപ്ലക്സ് ജനറിക് മരുന്നുകൾ, പേറ്റന്റ് ഉള്ളതോ പേറ്റന്റ് കാലാവധി അടുത്തുതന്നെ അവസാനിക്കുന്നതും ആയ മരുന്നുകൾ, കോശങ്ങൾ അടിസ്ഥാനമാക്കിയുള്ളതോ, ജനിതക ചികിത്സയുമായി ബന്ധപ്പെട്ടതോ ആയ മരുന്നുകൾ, അപൂർവമായ രോഗങ്ങൾക്കായുള്ള പ്രത്യേക മരുന്നുകൾ തുടങ്ങിയവ
വിഭാഗം 2
ആക്ടീവ് ഫാർമസ്യൂട്ടിക്കൽ നിർമ്മാണ വസ്തുക്കൾ, ഡ്രഗ് ഇന്റർമീഡിയേറ്റുകൾ തുടങ്ങിയവ
വിഭാഗം 3
1, 2 വിഭാഗത്തിൽ ഉൾപ്പെടാത്ത മരുന്നുകൾ