ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതി

Posted On: 21 FEB 2021 11:43AM by PIB Thiruvananthpuram

രാജ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,45,634 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.32 ശതമാനമാണിത്.

 

രാജ്യത്തെ സജീവ കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന കേസുകളിൽ വർദ്ധന ഉണ്ടാകുന്നുണ്ട്.

പഞ്ചാബും ജമ്മു കശ്മീരും പ്രതിദിന കേസുകളിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്നു.

 

കഴിഞ്ഞ നാല് ആഴ്ചകളിലെ കണക്കെടുത്താൽ, കേരളത്തിൽ പ്രതിവാര ശരാശരി കേസുകൾ 42,000 മുതൽ 34,800 വരെയാണ്. കഴിഞ്ഞ നാല് ആഴ്ചകളിൽ, കേരളത്തിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.9% മുതൽ 8.9% വരെയാണ്. കേരളത്തിൽ, അലപ്പുഴ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണ്. അലപ്പുഴയിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.7 ശതമാനമായും പ്രതിവാര രോഗബാധിതരുടെ എണ്ണം 2,833 ആയും വർദ്ധിച്ചിട്ടുണ്ട്.

 

5 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 1.79% ആണ് ദേശീയ ശരാശരി. 8.10 ശതമാനമാണ് മഹാരാഷ്ട്രയിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിരക്ക്.

 

അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു. അവ ഇനിപ്പറയുന്നു:

 

1. ആർടി-പിസിആർ ടെസ്റ്റുകളുടെ അനുപാതം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആകെ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുക.

 

2. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവ് ആയ എല്ലാവർക്കും നിർബന്ധമായും ആർടി-പിസിആർ ടെസ്റ്റും നടത്തുക.

 

3. നിർദ്ദേശിക്കപ്പെട്ട ജില്ലകളിൽ കർശനവും സമഗ്രവുമായ നിരീക്ഷണവും, കർശനമായ നിയന്ത്രണവും ഏർപ്പെടുത്തുക.

 

4.പരിശോധനകളുടെ തുടർച്ചയായി ജീനോം സീക്വൻസിംഗിലൂടെ (ജനിതക ഘടനാ ശ്രേണീകരണം) വകഭേദം വന്ന വൈറസിനെ നിരീക്ഷിക്കുക.

 

5. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക.

 

ഇതിനിടെ, രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയവരുടെ എണ്ണം 1.10 കോടി കവിഞ്ഞു.

 

2021 ഫെബ്രുവരി 18, രാവിലെ 8:00 മണി വരെയുള്ള കണക്കനുസരിച്ച്, 2,30,888 സെഷനുകളിലായി 1,10,85,173 ഡോസ് വാക്സിൻ നൽകി. ഇന്ന് രാവിലെ 8 മണി വരെ ലഭ്യമായ കണക്കനുസരിച്ച് പ്രതിരോധകുത്തിവയ്പ്പിന്റെ 36-ാം ദിനം (2021 ഫെബ്രുവരി 20) വരെ ആകെ 4,32,931 ഡോസ് വാക്സിൻ നൽകി.

 

രാജ്യത്തിതുവരെ 1.06 കോടിയില്പരം ആളുകൾ (1,06,89,715) സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,667 പേരാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. 97.25% ആണ് രാജ്യത്തെ രോഗമുക്തിനിരക്ക്.

 

പുതുതായി രോഗമുക്തി നേടിയവരിൽ 81.65% 5 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

 

പുതുതായി 5,841 പേർ രോഗമുക്തി നേടിയ കേരളമാണ് മുന്നിൽ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,567 പേർ രോഗമുക്തി നേടി.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 77 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. മഹാരാഷ്ട്രയിൽ 6,281 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലാണ് കേരളം. കേരളത്തിൽ 4,650 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 101 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളിൽ 80% അഞ്ച് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ ആളപായമുണ്ടായത് മഹാരാഷ്ട്രയിലാണ്. 40 പേർ മരിച്ചു. കേരളത്തിൽ 13 പേർ മരിച്ചു.

 

***

RRTN

 



(Release ID: 1699785) Visitor Counter : 205