പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഫോറത്തെ അഭിസംബോധന ചെയ്തു

സാങ്കേതിക മേഖലയെ അനാവശ്യ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കും: പ്രധാനമന്ത്രി
യുവ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം: പ്രധാനമന്ത്രി

Posted On: 17 FEB 2021 3:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. കൊറോണ കാലഘട്ടത്തില്‍ ഐടി വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ചിപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍, നിങ്ങളുടെ കോഡ് കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ആശങ്കകള്‍ക്കിടയില്‍ ഈ മേഖല രണ്ട് ശതമാനം വളര്‍ച്ചയും 4 ബില്യണ്‍ ഡോളര്‍ വരുമാനവും രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ ഇന്ത്യ പുരോഗതിക്കായി ഉത്സുകരാണെന്നും ഗവണ്മെന്റ് ഈ വികാരം മനസ്സിലാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ അതിവേഗത്തില്‍ മുന്നേറാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ ഗവണ്മെന്റിന് പുറമെ സ്വകാര്യമേഖലയ്ക്കും ഉണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവി നേതൃത്വത്തിന്റെ വികാസത്തിന് നിയന്ത്രണങ്ങള്‍ അനുയോജ്യമല്ലെന്ന് ഗവണ്‍മെന്റിന് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വ്യവസായത്തെ അനാവശ്യ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ച് വരുന്നു.
കൊറോണ കാലഘട്ടത്തില്‍ പുറപ്പെടുവിച്ച ദേശീയ ആശയവിനിമയ നയം, ഇന്ത്യയെ ആഗോള സോഫ്‌റ്റ്വെയര്‍ ഉല്‍പന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നയം,' മറ്റ് സേവന ദാതാക്കള്‍' (ഒഎസ്പി) മാര്‍ഗനിര്‍ദേശങ്ങള്‍ പോലുള്ള സമീപകാലത്ത് സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. 12 പ്രധാന സേവന മേഖലകളിലേക്ക് ഐടി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത് ഫലം കണ്ടു തുടങ്ങി. മാപ്പുകളുടെ സമീപകാല ഉദാരവല്‍ക്കരണവും, സ്ഥാനസംബന്ധ (ജിയോ സ്‌പേഷ്യല്‍) വിവരവും  ടെക് സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥയെയും ആത്മിനിര്‍ഭര്‍ ഭാരതിന്റെ വിശാലമായ ദൗത്യത്തെയും ശക്തിപ്പെടുത്തും.
യുവ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ്കളിലും നവീനാശയക്കാരിലും ഗവണ്മെന്റിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം സാക്ഷ്യപ്പെടുത്തല്‍, ഭരണത്തില്‍ ഐടിയുടെ ഉപയോഗം, ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഡാറ്റാ ജനാധിപത്യവല്‍ക്കരണം തുടങ്ങിയ നടപടികള്‍ ഈ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോയി.
ഭരണത്തിലെ സുതാര്യതയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ജനങ്ങള്‍ക്ക് ഗവണ്മെന്റില്‍ വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തെക്കുറിച്ചു ചൂണ്ടിക്കാട്ടി. പൗരന്മാര്‍ക്ക് നിരീക്ഷിക്കുന്നതിനായി ഫയലുകളില്‍ നിന്ന് ഡാഷ്ബോര്‍ഡിലേക്ക് ഭരണം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി ഇ എം പോര്‍ട്ടലിലൂടെ ഗവണ്മെന്റ് സംഭരണത്തിലെ പ്രക്രിയയിലുള്ള സുതാര്യതയും പുരോഗതിയും അദ്ദേഹം എടുത്തു പറഞ്ഞു.
ഭരണത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും, ദരിദ്രര്‍ക്കായുള്ള ഭവന നിര്‍മ്മാണം പോലുള്ള പദ്ധതികളുംജിയോ ടാഗിംഗ് വഴി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു . ഗ്രാമീണ കുടുംബങ്ങളെ മാപ്പു ചെയ്യുന്നതില്‍ ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ചും നികുതി സംബന്ധമായ കാര്യങ്ങളില്‍ സുതാര്യത മെച്ചപ്പെടുത്തുന്നതിനായി മാനുഷിക ഇടപെടല്‍ കുറയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വെറും മൂല്യനിര്‍ണ്ണയത്തിലും എക്‌സിറ്റ് തന്ത്രങ്ങളിലും മാത്രം ഒതുങ്ങരുതെന്ന് പ്രധാനമന്ത്രി സ്റ്റാര്‍ട്ടപ്പ് സ്ഥാപകരോട് ആവശ്യപ്പെട്ടു. ''ഈ നൂറ്റാണ്ടിനെ അതിജീവിക്കുന്ന സ്ഥാപനങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് ചിന്തിക്കുക. മികവിന്റെ ആഗോള മാനദണ്ഡം സൃഷ്ടിക്കുന്ന ലോകോത്തര ഉല്‍പ്പന്നങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് ചിന്തിക്കുക ', പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളിലും കണ്ടുപിടുത്തങ്ങളിലും 'മേക്ക് ഫോര്‍ ഇന്ത്യയുടെ മുദ്ര എടുത്ത് കാട്ടാനും പ്രധാനമന്ത്രി ടെക് നേതാക്കളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാങ്കേതിക നേതൃത്വത്തിന്റെ ഗതിവേഗം നിലനിര്‍ത്തുന്നതിനായി മത്സരത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. മികവിന്റെ
സംസ്‌കാരത്തിനും സ്ഥാപന നിര്‍മ്മാണത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.


2047 ലെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിനു മുന്നോടിയായി ലോകോത്തര ഉല്‍പ്പന്നങ്ങളെയും നേതാക്കളും നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. 'നിങ്ങളുടെ ലക്ഷ്യങ്ങള്‍ തീരുമാനിക്കുക, രാജ്യം നിങ്ങളോടൊപ്പമുണ്ട്', പ്രധാനമന്ത്രി പറഞ്ഞു.
21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്ക് സജീവമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കേണ്ടത് സാങ്കേതിക വ്യവസായത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യവും സ്വാസ്ഥ്യവും, ടെലി മെഡിസിന്‍, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം, അടല്‍ ടിങ്കറിംഗ് ലാബുകള്‍, അടല്‍ ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങിയ നടപടികള്‍ നൈപുണ്യവും നവീനതയും പ്രോത്സാഹിപ്പിക്കുന്നതായും വ്യവസായ പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ശ്രദ്ധിക്കണമെന്നും പിന്നാക്ക മേഖലകളിലേക്കും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംരംഭകര്‍ക്കും നവീനാശയകാര്‍ക്കും ടയര്‍ -2, ടയര്‍ -3 നഗരങ്ങളില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.


(Release ID: 1698752) Visitor Counter : 218