വിദ്യാഭ്യാസ മന്ത്രാലയം

രാജ്യമെമ്പാടുമുള്ള  കേന്ദ്രീയ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ഹാജർ നിലയിൽ വർദ്ധനവ്

Posted On: 15 FEB 2021 2:45PM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 15,2021


കേന്ദ്ര ആരോഗ്യ മന്ത്രാലയവും  സംസ്ഥാന സർക്കാരുകളും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച്  രാജ്യമെമ്പാടുമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ മുഖാമുഖമുള്ള വിവിധ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു.‌‌ ഒക്‍ടോബർ‌ മാസം മുതലാണ് ‌കേന്ദ്രീയ വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാരംഭിച്ചത്.

2021 ഫെബ്രുവരി 11 ന് രാജ്യമെമ്പാടുമുള്ള  എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നും‌ സമാഹരിച്ച കണക്കുകൾ   പ്രകാരം, ശരാശരി 42% ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും 65% പത്താം ക്ലാസ് വിദ്യാർത്ഥികളും 48% പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളും 67% പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളും നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നു.ഈ കണക്കുകളിൽ, ദിനം പ്രതി ക്രമാനുഗതവും  സ്ഥിരതയാർന്നതുമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.  വിദ്യാർത്ഥികൾക്കായി തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ ചില കേന്ദ്രീയ വിദ്യാലയങ്ങൾ 1 മുതൽ 8 വരെയുള്ള ക്ലാസുകളും  ആരംഭിച്ചു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എന്തെങ്കിലും തരത്തിലുള്ള ആശങ്കകളുണ്ടെങ്കിൽ,  പരിഹരിക്കുന്നതിനായി  അവരുമായി നിരന്തര സമ്പർക്കത്തിനും വ്യവസ്ഥയുണ്ട്. രക്ഷാകർത്താക്കളുടെ മുൻകൂർ സമ്മതത്തോടെയാണ് വിദ്യാർത്ഥികളെ ക്ലാസ്സിൽ ഹാജരാകാൻ അനുവദിക്കുന്നത്.

കൊറോണ മഹാമാരി കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത  സമയക്രമം  പാലിക്കാനും, ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള  മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കാനും എല്ലാ കേന്ദ്രീയ വിദ്യാലയങ്ങൾക്കും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂളിൽ ഹാജരാകാൻ സാധിക്കാത്ത  വിദ്യാർത്ഥികൾക്കായി, ഓൺലൈൻ ക്ലാസുകളും  തുടരുന്നുണ്ട്. വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർത്ഥികളും അധ്യാപകരുമായി ബന്ധപ്പെടുന്നു.

 

IE/SKY

 

 


(Release ID: 1698145) Visitor Counter : 170