കൃഷി മന്ത്രാലയം

6865 കോടി രൂപ ചെലവില്‍ പുതിയ 10,000 കാര്‍ഷികോല്‍പ്പാദന സംഘടനകളുടെ (എഫ് പി ഒകള്‍) രൂപീകരണത്തിനും ശാക്തീകരണത്തിനും കേന്ദ്ര പദ്ധതി


എഫ് പി ഒകള്‍ വഴി കൃഷിയെ സുസ്ഥിര സംരംഭമാക്കി മാറ്റുന്നു


'വൈവിധ്യത്തിൽ ഐക്യം, ഐക്യത്തിൽ ശക്തി'

Posted On: 09 FEB 2021 6:06PM by PIB Thiruvananthpuram

സാമ്പത്തിക വികസനത്തിനും രാഷ്ട്ര നിര്‍മാണത്തിനും രാജ്യത്തെ കാര്‍ഷിക മേഖല പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍ നിരയിലാണ്. 2022ഓടെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതി ഇരട്ടിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ 86 ശതമാനം കര്‍ഷകരും ചെറുകിട-നാമമാത്ര കര്‍ഷകരാണ്. സാങ്കേതിക വിദ്യ, വായ്പ, മികച്ച ഉല്‍പാദനം, പുതിയ വിപണികള്‍ എന്നിവ പ്രാപ്തമാക്കുക വഴി നമ്മുടെ കര്‍ഷകര്‍ക്ക് പുരോഗതി കൈവരുത്തുക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിനായി ചെറുകിട-നാമമാത്ര-ഭൂരഹിത കര്‍ഷകരെ എഫ് പി ഒകളുടെ ഭാഗമാക്കേണ്ടതുണ്ട്. അതുവഴി സാമ്പത്തിക കരുത്ത് വര്‍ധിക്കുകയും കൂടുതല്‍ വിപണി സാധ്യതകള്‍ ലഭിക്കുകയും വരുമാന വര്‍ധനവിന് കാരണമാകുകയും ചെയ്യും. ഇക്കാര്യങ്ങള്‍ കൈവരിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രം ''10000 കാര്‍ഷികോല്‍പ്പാദന സംഘടനകളുടെ (എഫ് പി ഒകള്‍) രൂപീകരണവും പ്രോത്സാഹനവും'' പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതിനായി ബജറ്റില്‍ വകയിരുത്തിയ 6865 കോടി രൂപ ചെലവഴിക്കും.

കാര്‍ഷിക/ഉദ്യാനക്കൃഷി നടത്തുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പ്രൊഡ്യൂസ് ക്ലസ്റ്ററുകളില്‍ എഫ് പി ഒകള്‍ വികസിപ്പിക്കും. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും മികച്ച സംസ്‌കരണത്തിനും വിപണനത്തിനും ബ്രാന്‍ഡിംഗിനും കയറ്റുമതിക്കുമായി ''ഒരു ജില്ല ഒരു ഉല്‍പ്പന്നം'' ക്ലസ്റ്ററുകള്‍ ആരംഭിക്കും. ഇത് കൂടാതെ എഫ് പി ഒകള്‍ ആരംഭിക്കുന്ന കാര്‍ഷിക മൂല്യ ശ്രേണീ സംഘടനകള്‍ വഴി കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണികളിലേക്ക് 60 ശതമാനം വരെ വിപണന സാധ്യത തുറന്ന് തരുന്നു.


പദ്ധതി നടത്തിപ്പിനായി നിര്‍വഹണ ഏജന്‍സികള്‍ (ഐഎകള്‍) ആരംഭിച്ചാണ് കേന്ദ്ര പദ്ധതിയായ എഫ് പി ഒകള്‍ രൂപീകരിക്കേണ്ടത്.

സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (എസ്എഫ്എസി), നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍സിഡിസി), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (നബാഡ്), നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍ മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നെറാമാക്), തമിഴ്‌നാട് സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (ടി എന്‍-എസ്എഫ്എസി), സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി-ബിസിനസ് കണ്‍സോര്‍ഷ്യം ഹരിയാന (എസ്എഫ്എസിഎച്ച്), വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡബ്ല്യൂഡിഡി), കര്‍ണാടക ആന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് റൂറല്‍ വാല്യു ചെയിന്‍സ് (എഫ്ഡിആര്‍വിസി), മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് (എംഒആര്‍ഡി) എന്നിവ മുഖേന ഇതിനകം ഒമ്പത് ഇംപ്ലിമെന്റേഷന്‍ ഏജന്‍സികള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.

ഓരോ എഫ് പി ഒകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് കാര്‍ഷിക വികസനത്തിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കുന്നതിന് നിര്‍വഹണ ഏജന്‍സികള്‍ ക്ലസ്റ്റര്‍ അടിസ്ഥാന ബിസിനസ് ഓര്‍ഗനൈസേഷനുകള്‍ (സിബിബിഒകള്‍) ആയി പ്രവര്‍ത്തിക്കും. സിബിബിഒകള്‍ നിര്‍വഹണ ഏജന്‍സികളുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. എഫ് പി ഒ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിഹാരം കാണുന്നതിനുള്ള പ്ലാറ്റ്‌ഫോം സിബിബിഒകള്‍ ആയിരിക്കും.


2020-21 കാലഘട്ടത്തില്‍ എഫ്പിഒകള്‍ രൂപീകരിക്കുന്നതിനായി 2200 എഫ്പിഒ ക്ലസ്റ്ററുകള്‍ അനുവദിച്ചു. ഇതില്‍ ജൈവ കൃഷിക്ക് 100, എണ്ണ വിത്തുകള്‍ക്ക് 100 എന്നിങ്ങനെ എഫ്പിഒ പ്രൊഡ്യൂസ് ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം രാജ്യത്തെ 115 ജില്ലകളില്‍ 369 എഫ്പിഒകള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.

വിപണിയുമായും കാര്‍ഷിക ശൃംഖലയുമായും ബന്ധപ്പെട്ടിരിക്കേണ്ട പ്രത്യേക എഫ്പിഒകള്‍ രൂപീകരിക്കാനുള്ള ചുമതല നാഫെഡിനാണ്. മറ്റ് നിര്‍വഹണ ഏജന്‍സികള്‍ രൂപീകരിക്കുന്ന എഫ്പിഒകള്‍ക്ക് നാഫെഡ് വിപണി മൂല്യവും ശൃംഖല ബന്ധവും നല്‍കും. ഈ വര്‍ഷം നാഫെഡ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ അഞ്ച് ഹണി എഫ്പിഒകള്‍ രൂപീകരിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.

ഓരോ എഫ്പിഒകള്‍ക്കും മൂന്ന് വര്‍ഷ കാലാവധിയില്‍ 18 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കും. ഇത് കൂടാതെ ഓരോ എഫ്പികള്‍ക്കും പരമാവധി 15 ലക്ഷം രൂപ എന്ന നിലയില്‍ ഒരു കര്‍ഷകന് പരമാവധി 2,000 രൂപ വരെ ഇക്വിറ്റി ഗ്രാന്‍ഡും ഓരോ എഫ്പിഒകള്‍ക്കും 2 കോടി രൂപ വരെ പ്രോജക്ട് വായ്പയും അനുവദിക്കും.

ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍/സിഇഒ/ജില്ലാപരിഷത് എന്നിവര്‍ ചെയര്‍മാനായി ജില്ലാതല അവലോകന കമ്മിറ്റി (ഡി-എംസി) രൂപീകരിക്കണം. കമ്മിറ്റിയില്‍ കൃഷിയുമായി ബന്ധപ്പെടുന്ന വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തണം.

ദേശീയ തലത്തില്‍ ദേശീയ പ്രോജക്ട് മാനേജ്‌മെന്റ് ഏജന്‍സി (എന്‍പിഎംഎ) എന്ന പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, ഏകീകരണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കും.

ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് (ബിഐആര്‍ഡി) ലക്‌നൗ, ലക്ഷ്മണ്‍റാവു ഇനാംദാര്‍ നാഷണല്‍ അക്കാദമി ഫോര്‍ കോ-ഓപ്പറേറ്റിവ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (എല്‍ഐഎന്‍എസി) ഗുരുഗ്രാം തുടങ്ങിയ സ്ഥാപനങ്ങളെ പിഎഫ്ഒകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

എഫ് പി ഒകളുടെ രൂപീകരണവും ശാക്തീകരണവും കൃഷിയെ സ്വാശ്രയകൃഷിയാക്കി മാറ്റുന്നതിനുള്ള ആദ്യ ഘട്ടമാണ്. ഇത് എഫ് പി ഒകളില്‍ അംഗങ്ങളായ കൃഷിക്കാര്‍ക്ക് ചെലവ് കുറഞ്ഞ കൃഷി രീതിയിലൂടെ വരുമാന വര്‍ധന നേടുന്നതിന് സഹായകമാകും. ഗ്രാമങ്ങളില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഗ്രാമീണ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിനും ഇത് വഴി വയ്ക്കും. കര്‍ഷകരുടെ വരുമാനം സുസ്ഥിരമായി വര്‍ധിക്കുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയാണിത്.

കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത , എഫ്പിഒകള്‍ വഴി കാര്‍ഷികവൃത്തിയെ സുസ്ഥിരമായി വികസിപ്പിക്കുന്നതും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്.

 

***



(Release ID: 1696741) Visitor Counter : 261