വാണിജ്യ വ്യവസായ മന്ത്രാലയം

വ്യവസായ മേഖലയ്ക്കായി ഏകജാലക അനുമതി സംവിധാനം

Posted On: 05 FEB 2021 3:06PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 05, 2021

 രാജ്യത്തെ വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ അനുമതികൾ, അനുവാദങ്ങൾ  എന്നിവ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം  കേന്ദ്ര ഗവൺമെന്റ് സജ്ജമാക്കി വരുന്നു . വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന ഏകജാലക സംവിധാനങ്ങൾ  തുടങ്ങിയ വിവിധ വിവരസാങ്കേതികവിദ്യ സംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും  വിവിധ അനുമതികൾ, കൂടുതൽ വിവരങ്ങൾ എന്നിവയ്ക്കായി നിക്ഷേപകർ  ഒന്നിൽ കൂടുതൽ സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്  

 ഇത് പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ്  ഒരു കേന്ദ്രീകൃത നിക്ഷേപക അനുമതി സംവിധാനം (Investment Clearance Cell) സജ്ജമാക്കുന്നത്. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണ, നിക്ഷേപം നടത്തുന്നതിന് മുൻപ് ആവശ്യമായ ഉപദേശങ്ങൾ, ഭൂ ബാങ്ക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവിധ അനുമതികൾ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ ലഭ്യമാകും. 2020- 21 ബജറ്റിലും ഇത് പ്രഖ്യാപിച്ചിരുന്നു

 രാജ്യത്ത്  വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ എല്ലാത്തരം കേന്ദ്ര-സംസ്ഥാന അനുമതികൾ, അനുവാദങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള വൺ സ്റ്റോപ്പ് ഡിജിറ്റൽ സംവിധാനം ആയി ഇതിനെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാരതസർക്കാർ,സംസ്ഥാന ഭരണകൂടങ്ങൾ എന്നിവയ്ക്ക്  കീഴിലെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ അനുമതി ദാന പോർട്ടലുകളെ ഏകീകരിക്കുന്ന ദേശീയതല പോർട്ടൽ ആയിരിക്കും ഈ നിക്ഷേപക അനുമതി സെൽ.

. വിവിധ മന്ത്രാലയങ്ങൾക്ക്കീഴിൽ നിലവിലുള്ള ഐടി പോർട്ടലുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ ആയിരിക്കും  ഇത് സജ്ജമാക്കുക. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും അനുമതികൾക്കുമായി വിവിധ കാര്യാലയങ്ങൾ, ഒന്നിൽ കൂടുതൽ അനുമതി ദാന സംവിധാനങ്ങൾ എന്നിവ സന്ദർശിക്കുന്നത് ഇനിമുതൽ നിക്ഷേപകർക്ക് ഒഴിവാക്കാനാകും. ഒപ്പം സമയബന്ധിതമായി അനുമതികൾ ലഭിക്കാനും, നടപടിക്രമങ്ങൾ സംബന്ധിച്ച തൽസമയ വിവരങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കാനും ഇത് വഴിതുറക്കും



 വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ സോം പ്രകാശ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം  



(Release ID: 1695548) Visitor Counter : 118