ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വെ 2020-21ന്റെ സുപ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത് ആരോഗ്യ ഫലങ്ങളില്‍ പിഎംജെഎവൈയുടെ കരുത്തുറ്റ ശുഭോദര്‍ക്കമായ സ്വാധീനം


ലോക്ക്ഡൗണ്‍ കാലത്തും ജനങ്ങള്‍ പിഎംജെഎവൈയെ ആശ്രയിച്ചു

പിഎംജെഎവൈ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ  ഗണ്യമായി വര്‍ദ്ധിപ്പിച്ചു

പിഎംജെഎവൈ സ്വീകരിച്ചതും അല്ലാത്തതുമായ സംസ്ഥാനങ്ങളുടെ താരതമ്യത്തില്‍ ആരോഗ്യ ഫലങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസം പ്രകടം

Posted On: 29 JAN 2021 3:44PM by PIB Thiruvananthpuram




ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി 2018 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച ആയുഷ്മാന്‍ ഭാരത് യോജനയിലെ സുപ്രധാന പരിപാടിയും നിര്‍ണായക ഘടകവുമായ പ്രധാന്‍ന മന്ത്രി ജന ആരോഗ്യ പദ്ധതി (പിഎംജെഎവൈ) പദ്ധതി സ്വീകരിച്ച സംസ്ഥാനങ്ങളിലെ ആരോഗ്യ ഫലങ്ങളില്‍ കരുത്തുറ്റ ശുഭോദര്‍ക്കമായ സ്വാധീനം ചെലുത്തി.  കേന്ദ്ര ധനകാര്യ ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2020-21 സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യസംരക്ഷണ സേവനങ്ങളുടെ പൊതു ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആവൃത്തിയിലും കുറഞ്ഞ ചെലവിലുള്ള പരിചരണത്തിനുമായി പിഎംജെഎവൈ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. കോവിഡ് മഹാമാരിക്കിടയില്‍ ലോക്ക്ഡൗണ്‍ സമയത്ത് പോലും ഡയാലിസിസ് പോലുള്ള സേവനങ്ങള്‍ തടസ്സമില്ലാതെ ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തെളിയിച്ചു. ഡയാലിസിസ് ക്ലെയിമുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ദേശീയ ഡയാലിസിസ് മിഷനെ പിഎംജെഎവൈയുമായി ലയിപ്പിക്കാന്‍ കഴിയുമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പിഎംജെഎവൈയും ആരോഗ്യ ഫലങ്ങളും: വ്യത്യാസങ്ങളിലെ വ്യത്യാസം

സാമ്പത്തിക സര്‍വേ, ആരോഗ്യ ഫലങ്ങളില്‍ പിഎംജെഎവൈയുടെ സ്വാധീനം എന്തുമാത്രമെന്നു കണക്കാക്കാനുള്ള ശ്രമവും നടത്തി. 2018 മാര്‍ച്ചിലാണ്  പിഎംജെഎവൈ നടപ്പിലാക്കിയത്. അതിനാല്‍, ദേശീയ കുടുംബ ആരോഗ്യ സര്‍വേ 4 ഉം (2015-16 ല്‍) 5 ഉം (2019-20 ല്‍) കണക്കാക്കിയ ആരോഗ്യ സൂചകങ്ങള്‍ ഈ അനന്തര ഫലം വിലയിരുത്തുന്നതിന് മുമ്പുള്ള വിവരങ്ങള്‍ നല്‍കുന്നു. ബജറ്റിനു മുന്നോടിയായുള്ള സര്‍വേ  പിഎംജെഎവൈ നടപ്പിലാക്കിയതും അല്ലാത്തതുമായ സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു.



പശ്ചിമ ബംഗാളിനെ അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നു

പശ്ചിമ ബംഗാള്‍ സംസ്ഥാനത്തു നിന്നുള്ള വിവരങ്ങളും അയല്‍ സംസ്ഥാനങ്ങളായ ബിഹാര്‍, അസം, സിക്കിം എന്നിവിടങ്ങളിലെ വിവരങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക സര്‍വേ തെളിയിക്കുന്നത്, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള കുടുംബങ്ങളുടെ അനുപാതം 2015-16 മുതല്‍ 2019-20 വരെ ബിഹാര്‍, അസം, സിക്കിം എന്നിവിടങ്ങളില്‍ 89 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. പശ്ചിമ ബംഗാളില്‍ ഇതേ കാലയളവില്‍ 12 ശതമാനം കുറയുകയാണുണ്ടായത്. ഇതു കൂടാതെ, 2015-16 മുതല്‍ 2019-20 വരെ ശിശു മരണനിരക്ക് പശ്ചിമ ബംഗാളില്‍ 20% കുറഞ്ഞു. മൂന്ന് അയല്‍ സംസ്ഥാനങ്ങളില്‍ 28% ആണ് കുറവുണ്ടായത്. 5 വയസ്സിന് താഴെയുള്ള മരണനിരക്കില്‍ ബംഗാളില്‍ 20% ഇടിവ് നേരിട്ടപ്പോള്‍ അയല്‍സംസ്ഥാനങ്ങള്‍ 27 ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നവീനമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്ത്രീ വന്ധ്യംകരണം, ഗുളിക ഉപയോഗം എന്നിവ യഥാക്രമം 36%, 22%, 28% വര്‍ദ്ധിച്ചു. പശ്ചിമ ബംഗാളില്‍ ഇതു തീരെ കുറവാണ്. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ കുഞ്ഞുങ്ങള്‍ക്കിടയില്‍ അകലം സൂക്ഷിക്കണമെന്ന കാര്യത്തില്‍ കാര്യമായ ഇടിവുണ്ടായില്ലെങ്കിലും മൂന്ന് അയല്‍സംസ്ഥാനങ്ങളില്‍ 37 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൂന്ന് അയല്‍ സംസ്ഥാനങ്ങളില്‍ മാതൃ- ശിശു സംരക്ഷണത്തിനുള്ള വിവിധ മാനദണ്ഡങ്ങള്‍ പശ്ചിമ ബംഗാളിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും കണ്ടെത്തി.


പിഎംജെഎവൈ സ്വീകരിച്ചതും അല്ലാത്തതുമായ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നു

പിഎംജെഎവൈ നടപ്പാക്കിയതമും അല്ലാത്തതുമായ സംസ്ഥാനങ്ങളെ സാമ്പത്തിക സര്‍വേ താരതമ്യം ചെയ്തു. ഇത് നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ആരോഗ്യമേഖലയിലുണ്ടായ മികച്ച ഫലങ്ങളില്‍ ഗണ്യമായ പുരോഗതി പ്രതിഫലിപ്പിച്ചു. പിഎംജെഐ നടപ്പാക്കാത്ത സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പാക്കിയവയില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വര്‍ധനയുണ്ടായി. ശിശുമരണ നിരക്കുകള്‍ കുറഞ്ഞു. മെച്ചപ്പെട്ട  കുടുംബാസൂത്രണ സേവനങ്ങളുടെ ഉപയോഗമുണ്ടായി. എച്ച്‌ഐവി / എയ്ഡ്‌സുമായി ബന്ധപ്പെട്ട അവബോധം ഉയര്‍ന്നു. ഈ സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും വിലയിരുത്തി.


സര്‍വേ നിരീക്ഷിച്ച കാര്യങ്ങള്‍ ഇവയാണ്:

ആരോഗ്യ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ഫിനാന്‍സിംഗ് സ്‌കീമിന്റെ പരിധിയില്‍ വരുന്ന ഏതെങ്കിലും സാധാരണ അംഗങ്ങളുള്ള കുടുംബങ്ങളുടെ അനുപാതം പിഎംജെഎവൈ അംഗീകരിച്ച സംസ്ഥാനങ്ങളില്‍ എന്‍എഫ്എച്ച്എസ് 4 ല്‍ നിന്ന് എന്‍എഫ്എച്ച്എസ് 5 ലേക്ക് 54 ശതമാനം വര്‍ദ്ധിച്ചു. പിഎംജെഎവൈ സ്വീകരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇത് 10 ശതമാനം കുറഞ്ഞു. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ പിഎംജെഎവൈയുടെ വിജയം പ്രതിഫലിപ്പിക്കുന്നു.

ശിശു മരണനിരക്ക് (ഐഎംആര്‍) കുറഞ്ഞത് പിഎംജെഎവൈ, പിഎംജെഎവൈ ഇതര സംസ്ഥാനങ്ങളില്‍ യഥാക്രമം 20 ശതമാനവും 12 ശതമാനവുമാണ്. അതായത്,  പിഎംജെഎവൈ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ എട്ട് ശതമാനത്തിലധികം മരണനിരക്കു കുറഞ്ഞു.

രണ്ട് സര്‍വേകള്‍ക്കിടയില്‍ എല്ലാ സംസ്ഥാനങ്ങളിലും കുടുംബാസൂത്രണം ഉറപ്പുവരുത്തുന്ന ആളുകളുടെ അനുപാതം ഉയര്‍ന്നു, പിഎം-ജെഎവൈ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ധന പ്രാധാന്യമര്‍ഹിക്കുന്നു.

മൊത്തം കുടുംബാസൂത്രണ ആവശ്യങ്ങളുള്ള സ്ത്രീകളുടെ അനുപാതം പിഎംജെഎവൈ സംസ്ഥാനങ്ങളില്‍ 31 ശതമാനം കുറഞ്ഞു. പിഎംജെഎവൈ ഇതര സംസ്ഥാനങ്ങളിലെ ഇടിവ് വെറും 10 ശതമാനം മാത്രമാണ്.

ഗര്‍ഭസംരക്ഷണ സൂചകങ്ങളിലെ അഭിവൃദ്ധി; പിഎംജെഎവൈ ഇതര സംസ്ഥാനങ്ങളില്‍ വളരെ കൂടുതലാണ്. സിസേറിയന്‍ പ്രസവങ്ങളില്‍ മൊത്തത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും, പിഎംജെഎവൈ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിഎംജെഎവൈ  സംസ്ഥാനങ്ങളില്‍ ശതമാന വര്‍ധന കൂടുതലാണ്. പ്രസവ പരിചരണം ഉറപ്പാക്കുന്നതില്‍ പിഎംജെഎവൈ  ഫലപ്രദമായില്ലെന്ന് സര്‍വേ നിരീക്ഷിക്കുന്നു.

എച്ച്ഐവി / എയ്ഡ്സ് സംബന്ധിച്ച് സമഗ്ര അറിവുള്ള സ്ത്രീകളുടെ ശതമാനം പിഎംജെഎവൈ സംസ്ഥാനങ്ങളില്‍ 13 ശതമാനം വര്‍ദ്ധിച്ചു. പിഎംജെഎവൈ  ഇതര സംസ്ഥാനങ്ങളില്‍ വെറും 2 ശതമാനമാണ് വര്‍ദ്ധന. ഇക്കാര്യത്തില്‍ പുരുഷന്മാരുടെ കണക്കുകളിലെ വ്യത്യാസം ഇതിലും മികച്ചതാണ്. പിഎംജെഎവൈ സംസ്ഥാനങ്ങളില്‍ 9 ശതമാനം വര്‍ധനയുള്ളപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ 39 ശതമാനം കുറവാണുള്ളത്.


രാജ്യത്തെ ദുര്‍ബല  ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചരിത്രപരമായ നടപടിയായി 2018 മാര്‍ച്ചിലാണ് ഇന്ത്യാ ഗവണ്‍മെന്റ് ആയുഷ്മാന്‍ ഭാരത് പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കു (എബി-പിഎംജെഎവൈ) തുടക്കം കുറിച്ചത്. 10.74 കോടി കുടുംബങ്ങളിലായി ഏകദേശം 50 കോടി പേരാണ് ഗുണഭോക്താക്കള്‍. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കാനും പൊതു, എംപാനല്‍ഡ് സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ശൃംഖലയിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഈ പദ്ധതി സഹായിക്കുന്നു. 23 സ്‌പെഷ്യാലിറ്റികള്‍ ഉള്‍പ്പെടെ 1573 നടപടിക്രമങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ, 2019) പുറത്തിറക്കിയ പിഎംജെഎവൈയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കി.

 



(Release ID: 1693399) Visitor Counter : 217