പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനുവരി 12ന് നടക്കുന്ന രണ്ടാം ദേശീയ യൂത്ത് പാര്‍ലമെന്റ് സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 10 JAN 2021 12:13PM by PIB Thiruvananthpuram

രണ്ടാം ദേശീയ യുവ പാര്‍ലമെന്റ് സമാപന സമ്മേളനത്തെ 2021 ജനുവരി 12 ന് രാവിലെ 10: 30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മേളയിലെ മൂന്ന് ദേശീയ വിജയികളും സമ്മേളനത്തില്‍ സംസാരിക്കും. ലോക്്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

 ദേശീയ യുവ പാര്‍ലമെന്റ് മേള

 ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലിന്റെ (എന്‍വൈപിഎഫ്) ലക്ഷ്യം 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ ശബ്ദം കേള്‍ക്കുക എന്നതാണ്. അവര്‍ക്ക് വോട്ടുചെയ്യാന്‍ അവകാശമുണ്ട്, വരും വര്‍ഷങ്ങളില്‍ പൊതുസേവനമടക്കം വിവിധ ജോലികളില്‍ ചേരും. 2017 ഡിസംബര്‍ 31 ന് പ്രധാനമന്ത്രി മന്‍ കി ബാത്ത് പ്രസംഗത്തില്‍ നല്‍കിയ ആശയത്തെ അടിസ്ഥാനമാക്കിയാണ് എന്‍വൈപിഎഫ്. ഈ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ''പുതിയ ഇന്ത്യയുടെ ശബ്ദമായിരിക്കുക  പരിഹാരങ്ങള്‍ കണ്ടെത്തി നയത്തിലേക്ക് സംഭാവന ചെയ്യുക ' എന്ന വിഷയത്തില്‍ 2019 ജനുവരി 12 മുതല്‍ ഫെബ്രുവരി 27 വരെ ആദ്യത്തെ എന്‍വൈപിഎഫ് സംഘടിപ്പിച്ചത്. മൊത്തം 88,000 യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

 രണ്ടാമത്തെ എന്‍വൈപിഎഫ് 2020 ഡിസംബര്‍ 23 ന് വെര്‍ച്വല്‍ രീതിയില്‍ സമാരംഭിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 2.34 ലക്ഷം യുവാക്കള്‍ പങ്കെടുത്തു. 2021 ജനുവരി 1 മുതല്‍ 5 വരെയാണു സംസ്ഥാന യൂത്ത് പാര്‍ലമെന്റുകള്‍ വെര്‍ച്വല്‍ വഴിയില്‍ നടന്നത്. രണ്ടാമത്തെ എന്‍വൈപിഎഫിന്റെ ഫൈനലുകള്‍ 2021 ജനുവരി 11 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കും. 29 ദേശീയ വിജയികള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കും. രാജ്യസഭയിലെ എംപി രൂപ ഗാംഗുലി, ലോക്സഭാ എംപി ശ്രീ പര്‍വേശ് സാഹിബ് സിംഗ്, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ പ്രഫുല്ല കേത്കര്‍ എന്നിവരടങ്ങുന്ന ദേശീയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.


 ദേശീയ യുവ ഉത്സവം

 എല്ലാ വര്‍ഷവും ജനുവരി 12 മുതല്‍ 16 വരെ ദേശീയ യുവജനോത്സവം ആഘോഷിക്കുന്നു.  സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം ദേശീയ യുവജനോത്സവത്തോടൊപ്പമാണു എന്‍വൈപിഎഫും സംഘടിപ്പിക്കുന്നു.

 ദേശീയ യുവജനമേളയുടെ ലക്ഷ്യം രാജ്യത്തെ യുവാക്കളെ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്;  ഔപചാരികവും അനൗ പചാരികവുമായ ക്രമീകരണങ്ങളില്‍ യുവാക്കള്‍ ഇടപഴകുകയും അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകത കൈമാറുകയും ചെയ്യുന്ന ഒരു മിനി ഇന്ത്യ സൃഷ്ടിച്ചുകൊണ്ട് അവര്‍ക്ക് ഒരു രംഗം നല്‍കുക, ദേശീയ ഏകീകരണം, സാമുദായിക ഐക്യത്തിന്റെ ചൈതന്യം, സാഹോദര്യം, ധൈര്യം, സാഹസികത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം, സത്ത, ആശയം എന്നിവ പ്രചരിപ്പിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.

 കൊവിഡ്-19 കാരണം, 24ാ മത് ദേശീയ യുവജനമേള വെര്‍ച്വല്‍ രീതിയിലാണ് നടക്കുന്നത്. 'യുവാ - ഉത്സാഹ് നയേ ഭാരത് കാ' എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ വിഷയം. യുവാക്കള്‍ പുതിയ ഇന്ത്യയുടെ ആഘോഷം സജീവമാക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത.് 24-ാമത് ദേശീയ യുവജന ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്, രണ്ടാം ദേശീയ യുവ പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങ് എന്നിവ 2021 ജനുവരി 12 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കും.  24-ാമത് ദേശീയ യുവജനമേളയുടെ സമാപന ചടങ്ങ് 2021 ജനുവരി 16 ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് ചേരുക.  

 

***



(Release ID: 1687569) Visitor Counter : 339